Connect with us

Sports

അടിയോടടി; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് വോളിബോള്‍ അസോ. സെക്രട്ടറി; മറുപടിയുമായി ടിപി ദാസന്‍

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ സ്‌പോര്‍ട്‌സ് താരങ്ങളെയും അസോസിയേഷനുകളെയും ദ്രോഹിക്കുന്ന കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ച് വിടണമെന്ന് കേരള സ്‌റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുള്ള വിഷയങ്ങള്‍ കൂടുതല്‍ രൂക്ഷമായി. വോളിബോള്‍ അസോസിയേഷനെ പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനുള്ള കൗണ്‍സില്‍ നീക്കം അംഗീകരിക്കില്ല. സ്‌പോര്‍ട്‌സ് വളര്‍ത്താന്‍ അസോസിയേഷനുകളും സ്‌പോര്‍ട്‌സ് ഡയരക്‌ട്രേറ്റും കേരള ഒളിമ്പിക് അസോസിയേഷനുമുള്ളപ്പോള്‍ ലക്ഷങ്ങള്‍ ടി എ, ഡി എ വാങ്ങാനായി എന്തിനാണ് കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് കൗണ്‍സിലെന്ന് വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ ചോദിച്ചു.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നൊരു സംവിധാനമില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകരിച്ച നാഷണല്‍ ഫെഡറേഷനുകളുടെ അംഗീകാരമുള്ള കേരളത്തിലെ അസോസിയേഷനുകളുടെ ഓരോ പ്രതിനിധിയും സ്‌പോര്‍ട്‌സുമായി ബന്ധമുള്ള വകുപ്പ് തലവന്‍മാരും ചേര്‍ന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിനെ തിരഞ്ഞെടുക്കേണ്ടത്.
ഇക്കാര്യം വ്യക്തമായി സ്‌പോര്‍ട്‌സ് ആക്ടില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കനായിംഗ് കയാക്കിംഗ്, മൗണ്ടനീറിംഗ്, ആര്‍ച്ചറി എന്നീ തട്ടിക്കൂട്ട് അസോസിയേഷനുകളുടെ പേരില്‍ അനര്‍ഹരാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ കയറിക്കൂടിയത്.ഒരു ബോര്‍ഡ് അംഗത്തിന് വോളിബോള്‍അസോസിയേഷന്‍ പ്രസിഡന്റാവാന്‍ കഴിയാത്തതാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലുംവോളീബോള്‍ അസോസിയേഷനും തമ്മില്‍ ഉള്ള തര്‍ക്കത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.എട്ടോളംഅസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബാളിനു മാത്രം അഡ്‌ഹോക് കമ്മിറ്റിയിടാന്‍ അമിതആവേശം കാണിക്കുന്നത് ഹിഡന്‍ അജണ്ടയാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരളത്തില്‍വെറും 32 അസ്സോസിയേഷനുകളെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.
എന്നാല്‍ നാല്‍പതോളം അസോസിയേഷനുകളുടെ പ്രതിനിധികള്‍ ഇന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിലുണ്ട്. പലരും മുപ്പതും നാല്പതും വര്‍ഷമായി സ്ഥാനത്തിരിക്കുന്നവരാണ്.

അഴിമതിയുടെ കാര്യത്തില്‍ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഒന്നാം സ്ഥാനമാണുളളത്. കേരളത്തിലെ സ്‌പോര്‍ട്‌സ് പുരോഗതിക്ക് വേണ്ടി തുടങ്ങിയ സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ എവിടെയാണെന്ന് പറയാന്‍ പോലും കഴിയാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
മറ്റ് ചില ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേയും സാമ്പത്തിക ക്രമക്കേടിന് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. നാഷണല്‍ ഫെഡറേഷന്‍ അംഗീകരിച്ച ഒരു സംഘടനുയുടെ സംസ്ഥാന തല മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരവും ഗ്രേസ് മാര്‍ക്കും കൊടുക്കണമെന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്.

എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികതാരങ്ങളെ കഷ്ടപ്പെടുത്തുകയാണ്. വോളിബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്തിന്റെ പൂതിനടക്കാത്തത് കൊണ്ടാണ് അസോസിയേഷനെതിരേ പ്രതികാരനടപടിയുമായി നടക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചാര്‍ളി ജേക്കബ്, സി സത്യന്‍, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു.

വോളിബോള്‍ അസോസിയേഷന് അംഗീകാരമില്ല : ടി പി ദാസന്‍

കോഴിക്കോട്: വോളിബോള്‍ അസോസിയേഷനില്‍ ചിലര്‍ അള്ളിപ്പിടിച്ച് നില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. നിയമസഭ അംഗീകരിച്ച ആക്ടിനനുസരിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഇതംഗീകരിക്കാതെ താരങ്ങളുടെ ഭാവി തുലക്കുന്ന നടപടിയുണ്ടായാല്‍ അംഗീകരിക്കാന്‍ കഴിയില്ല.
നിയമാവലിയിലെ ഭേദഗതി തങ്ങള്‍ക്ക് ആവശ്യമുള്ളവരെ തിരുകിക്കയറ്റാനും ഉള്ളവര്‍ക്ക് അള്ളിപ്പിടിച്ച് നില്‍ക്കാനുമാണെന്ന് ടി പി ദാസന്‍ സിറാജിനോട് പറഞ്ഞു.

ഒരു വര്‍ഷമായി വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തിട്ട്. തെറ്റ് തിരുത്തി വന്നാല്‍ അംഗീകാരം തിരിച്ച് നല്‍കുന്ന കാര്യം പരിഗണിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ഷിപ്പുകള്‍ അംഗീകരിച്ചു. ഈ വര്‍ഷം തെറ്റ് തിരുത്താതെ അംഗീകരിക്കില്ല. അവര്‍ക്ക് പറ്റിയ രീതിയിലാണ് നിയമാവലി പരിഷ്‌കരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന അച്ചടക്കത്തോടെ നില്‍ക്കാന്‍ പറ്റില്ല എന്നാണ് ഇതിനര്‍ഥം.

ഗ്രാന്റോ സര്‍ട്ടിഫിക്കറ്റോ ക്യാഷോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കില്ല. ഇക്കാര്യത്തിന് കോടതിയില്‍ പോയിട്ട് കാര്യമില്ലെന്നും ടി പി ദാസന്‍ പറഞ്ഞു. അച്ചടക്കം ലംഘിക്കുന്ന അസോസിയേഷനുകളെ നിയന്ത്രിക്കാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ഇതര സംസ്ഥാനങ്ങളില്‍ സ്‌പോര്‍സ് ഡയരക്ടറേറ്റുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ഇത് സ്‌പോര്‍ട്‌സ് കൗണ്‍സിലാണെന്നും അദ്ദേഹം പറഞ്ഞു.

Latest