സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

Posted on: December 2, 2018 11:37 am | Last updated: December 2, 2018 at 2:06 pm

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി നിയമിച്ച സുനില്‍ അറോറ ചുമതലയേറ്റു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഒ പി റാവത്തിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ജമ്മു കശ്മീര്‍, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പും സുനില്‍ അറോറയുടെ കീഴിലായിരിക്കും നടക്കുക.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനായാണ് സുനില്‍ അറോറ അറിയപ്പെടുന്നത്.
ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനില്‍ അറോറ.
നസീം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ഒഴിവില്‍ കഴിഞ്ഞ സെപ്തംബറിലാണ് അറോറ കമ്മീഷനിലെത്തുന്നത്. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. കൂടാതെ ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണം എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ലൈന്‍സ് സി എം ഡിയായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 മുതല്‍ 1998വരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അറോറ 2005-2008 കാലഘട്ടത്തില്‍ ബി ജെ പി മുഖ്യമന്ത്രി വസുന്ധര രാജയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.