ടീച്ചറുടെ മകന്‍

കഥ
Posted on: December 2, 2018 10:10 am | Last updated: December 2, 2018 at 10:10 am

അപൂര്‍വം ചിലര്‍ക്ക് നേടാനാകുന്ന മഹാസൗഭാഗ്യങ്ങള്‍ എല്ലാം അയാള്‍ക്കുണ്ടായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിഭൂമികള്‍, ബഹുനില മന്ദിരങ്ങളായ വില്‍പ്പന ശൃംഖലകള്‍, ആഡംബര നക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയെല്ലാം സ്വന്തം. മാത്രമല്ല, പ്രയത്‌നത്തിന്റെ സകല മേഖലകളിലും വിജയത്തിന്റെ കൈമുദ്ര ചാര്‍ത്തിയ ഭാഗ്യവാനും.
സഞ്ചരിക്കാന്‍ വിലപിടിപ്പുള്ള കാറുകള്‍ എപ്പോഴും അയാള്‍ക്കു വേണ്ടി കാത്തുകിടന്നു. കല്പനകള്‍ക്ക് ചെവിയോര്‍ത്ത് കവാടങ്ങള്‍ക്കു വെളിയില്‍ കാത്തുനില്‍ക്കുന്ന ആജ്ഞാനുവര്‍ത്തികള്‍. താമസിക്കാന്‍ മണിമാളികകള്‍. സ്‌നേഹനിധിയും സുന്ദരിയുമായ ഭാര്യയും ദൈവതുല്യം സ്‌നേഹിക്കുന്ന രണ്ട് മക്കളും, അയാള്‍ക്ക് ഏറെ തിളക്കമുള്ള സമ്പാദ്യങ്ങള്‍ ആയിരുന്നു.
അയാളാകട്ടെ, ദയാശീലനും ദീനാനുകമ്പനുമായിരുന്നു. നിരാലംബരുടെ ക്ഷേമത്തിനായി വിനിയോഗിക്കാന്‍ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് എപ്പോഴുമയാള്‍ മാറ്റിവച്ചു. ആകയാല്‍ ജനപഥങ്ങള്‍ക്കയാള്‍ ഈശ്വരനുതുല്യനായിരുന്നു.
അങ്ങനെ സ്വച്ഛന്ദമായൊരു നിര്‍വൃതിയായിരുന്നു അയാള്‍ക്ക് ജീവിതം സമ്മാനിച്ചത്. എന്നാലും തിരക്കേറിയ നിമിഷങ്ങള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ പ്രജ്ഞ പുരാവൃത്തത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ അയാള്‍ അസ്വസ്ഥനാകാറുണ്ട്. അപ്പോഴൊക്കെ സന്തോഷസമ്പന്നമായ മിഴികളില്‍, ഏതോ വിഷാദത്തിന്റെ നിഴല്‍ പരക്കുകയും ചെയ്യും. അയാള്‍ക്കുള്ളില്‍ ഒരു ആഗ്രഹം മാത്രം നീറിപ്പുകയുന്നുണ്ടായിരുന്നു. ഒരു മഞ്ഞുകണംപോലെ കുളിര്‍മയുള്ളതും ഒരു പൂവിടര്‍ത്തുമ്പോലെ നിസ്സാരവുമായിരുന്നു അത്. എന്നാല്‍, വിലയേറിയ സമയം വഴിമുടക്കുമ്പോള്‍ ആഗ്രഹത്തെ ചെറുതട്ടലില്‍ വഴിമാറ്റുകയും പിന്നൊരിക്കലാകട്ടെ എന്ന് സമാശ്വസിക്കുകയും ചെയ്യുമായിരുന്നു അയാള്‍.
മുറിക്കുള്ളിലെ ശീതീകാരിയുടെ കുളിരേറ്റ് ലാപ്‌ടോപ്പിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് തികച്ചും യാദൃച്ഛികമായി ആഗ്രഹം ഇപ്പോള്‍ വീണ്ടും പൊന്തിവന്നത്. ആഗ്രഹം മറ്റൊന്നുമായിരുന്നില്ല.

ഒരു ഐസ്‌ക്രീം കഴിക്കണം!
ബാല്യസ്മരണകള്‍ നിറഞ്ഞ പള്ളിക്കൂടത്തിനടുത്തുള്ള വെള്ളിമലയുടെ മുകളിലെ നിറയെ പൂത്ത വാകമരത്തണലില്‍ ചെന്നിരുന്ന് കിളികളോടും പൂക്കളോടും സല്ലപിച്ച് അയാള്‍ക്കൊരു ഐസ്‌ക്രീം നുണയണം.
ആഗ്രഹത്തിന്റെ വിത്ത് പിളര്‍ത്തി നാമ്പുകള്‍ മനസ്സില്‍ പടര്‍ന്നപ്പോള്‍, പതിവായി ചെയ്യാറുള്ളതുപോലെ അതിനെ തള്ളിമാറ്റി സ്വബോധത്തിലേക്ക് തിരിച്ചുവരാന്‍ എന്തുകൊണ്ടോ അയാള്‍ക്കപ്പോള്‍ കഴിഞ്ഞില്ല. ചെറുവണ്ടുപോലെ ആഗ്രഹം മൂളിപ്പറക്കാന്‍ തുടങ്ങിയപ്പോള്‍ അസ്വസ്ഥതയോടെ ലാപ്‌ടോപ്പ് മടക്കി തെല്ലിട അയാള്‍ വേരുകള്‍ തേടി ആഴത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങി.
ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും. അറിയില്ല. വെറുമൊരു മണ്ടനായ തനിക്ക് ഇത്രയൊക്കെ നേടാന്‍ കഴിഞ്ഞെങ്കില്‍ ബുദ്ധിമാനായ ഉണ്ണികൃഷ്ണന്‍ ഇന്ന് ആരായിരിക്കും. തന്നെ ഒരു മണ്ടനെന്ന് പറഞ്ഞ് കൂടുതല്‍ കളിയാക്കിയിരുന്നത് ഉണ്ണികൃഷ്ണന്റെ അമ്മ മാലതി ടീച്ചറായിരുന്നു. കൂട്ടുകാര്‍ മണ്ടനെന്ന് വിളിക്കുമ്പോള്‍ വേദനിച്ചിരുന്നില്ല. പക്ഷെ, ടീച്ചറുടെ കളിയാക്കല്‍… മാലതി ടീച്ചറുടെ മകനായി ജനിച്ച് കുട്ടികള്‍ക്കിടയില്‍ ഗര്‍വ് കാട്ടി നടക്കുന്നത,് യോഗ്യനല്ലെങ്കിലും കാളവണ്ടിക്കാരന്റെ മകന്‍ അന്ന് സ്വപ്‌നം കണ്ടിരുന്നു.
ഒരിക്കല്‍ വെള്ളിമലയുടെ ഹരിതഭംഗി കാണാന്‍ മാലതി ടീച്ചര്‍ കുട്ടികളെ കുന്നിന്‍മുകളിലേക്ക് ആനയിച്ചു. അരളിച്ചെടിയുടെ ഇലയുടെ അടിയില്‍ തൂങ്ങിക്കിടക്കുന്ന ശലഭത്തിന്റെ സ്വര്‍ണമുട്ടകള്‍ കാണാന്‍ കുട്ടികള്‍ തിക്കിത്തിരക്കി. വരിയുടെ ഏറ്റവും പുറകില്‍ താനായിരുന്നു. ഏറ്റവും മുന്നില്‍ നടക്കുന്ന ഉണ്ണികൃഷ്ണന്റെ കൈ ടീച്ചറുടെ കൈക്കുള്ളില്‍ ഭദ്രം. ശലഭ മുട്ടകളും ചുവന്ന വാകപ്പൂക്കളും കണ്ണിമാങ്ങ നിറഞ്ഞ മാവുകളും അവയില്‍ ചിതറിപ്പറക്കുന്ന കിളികളെയും കണ്ട് കുട്ടികള്‍ ആവേശഭരിതരായി.
ഒടുവില്‍ നിറയെ പൂത്ത ഒരു വാകമരത്തിന്റെ ചുവട്ടില്‍ കുട്ടികളെ ഇരുത്തി, ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു:
കുട്ടികളെ, നിങ്ങള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിമാന്‍ ആരാണ്?”
‘ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍’ കുട്ടികള്‍ ഇളകിമറിഞ്ഞു.
അപ്പോള്‍ ടീച്ചറുടെ കണ്ണുകളിലെ അഭിമാനത്തിളക്കം ശലഭ മുട്ടകളുടെ പുറം പോലെ മിന്നി.
ശരി ശരി, എങ്കില്‍ ഞാനൊരു മത്സരം നടത്താം. അതില്‍ വിജയിക്കുന്നയാള്‍ക്ക് ഐസ്‌ക്രീം സമ്മാനം.”
കുരുന്ന് നാവുകളില്‍ വെള്ളമൂറി. പിഞ്ചുകണ്ണുകളുടെ തരുണമായ നോട്ടങ്ങള്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ ശീതപേടകത്തിലേക്ക് ശലഭങ്ങളെപ്പോലെ പാറിക്കളിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞു:
ഉണ്ണിക്കെതിരെ മത്സരിക്കാനാരെങ്കിലുമുണ്ടെങ്കില്‍ കൈ പൊക്കൂ…”

ഉണ്ണികൃഷ്ണന്‍ ടീച്ചറുടെ മകനാണ്. അവനെതിരെ മത്സരിക്കുന്നതെങ്ങനെ… കുട്ടികള്‍ പര്‌സപരം നോക്കി. ഐസ്‌ക്രീമിന്റെ മധുരമെന്താണെന്ന് താനറിഞ്ഞിട്ടുണ്ടായിരുന്നില്ല. അന്നൊക്കെ ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ സൈക്കിളിന് ചുറ്റും നിന്ന് കുട്ടികള്‍ ഐസ്‌ക്രീം നുണയുമ്പോള്‍ തേനൊലിപ്പിക്കുന്ന ചുണ്ടുകളുമായി അവരുടെ വായിലേക്ക് നോക്കി കൊതിച്ച് നില്‍ക്കാറുണ്ടായിരുന്നു.
കൂട്ടുകാരൊക്കെ സ്‌കൂളിലേക്ക് വരുമ്പോള്‍ ഒരു ഐസ്‌ക്രീമിനുള്ള കാശ് കൈയില്‍ കരുതുമായിരുന്നു. അമ്മയോട് കാശ് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അടുപ്പിലെ മണ്‍കലത്തില്‍ നിന്നും നീളന്‍ തവികൊണ്ട് മുന്നിലെ പിഞ്ഞാണത്തിലേക്ക് പഴംകഞ്ഞി പകര്‍ന്നു നല്‍കുമ്പോഴുള്ള അമ്മയുടെ മിഴികളിലെ ദൈന്യത കാണുമ്പോള്‍ അതിന് കഴിഞ്ഞിട്ടേയില്ല.
‘ആരെങ്കിലും ഉണ്ണിയോട് മത്സരിക്കാനുണ്ടോ?’ ടീച്ചര്‍ അവസാനമെന്നോണം കുട്ടികളോടാരാഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തിടുക്കത്തില്‍ കൈവലിച്ചുപൊക്കിയിട്ട് വിളിച്ചുപറഞ്ഞു:
‘ഞാനുണ്ട് ടീച്ചറേ, ഞാനുണ്ട്’”
കുട്ടികളുടെ അമ്പരപ്പിന്റെ കണ്ണുകള്‍ തന്റെ മുഖത്ത് തറച്ചു. ടീച്ചറുടെ കണ്ണുകളില്‍ അമര്‍ഷത്തിന്റെ ചുവപ്പ് രേഖകള്‍ തെളിഞ്ഞുവോ? ഇടറിയ ശബ്ദത്തില്‍ ടീച്ചര്‍ പറഞ്ഞു:
ശരി, ഞാന്‍ ചോദിക്കുന്നതിന്റെ ഉത്തരം നീ കാതില്‍ വന്നു പറയണം.
അടക്കിപ്പിടിച്ച കൗതുകത്തോടെ കുട്ടികള്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവരുടെ ഇടറിയ സ്വരമുയര്‍ന്നു:
ഒരു മരക്കൊമ്പില്‍ നാല് കിളികള്‍,
അതില്‍ രണ്ട് കിളികള്‍ പറന്നുപോയി,
എങ്കില്‍ ആ കൊമ്പിന്മേല്‍ ബാക്കി എത്ര കിളികള്‍..?”
എത്ര കിളികള്‍.! കുട്ടികള്‍ പരസ്പരം കണ്ണ് മിഴിച്ചിരിക്കുമ്പോള്‍ അവന്‍ ഒരു കുഞ്ഞായി അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു. അമ്മ നാല് കൈവിരലുകള്‍ കാണിച്ചിട്ട് അവനോടു പറഞ്ഞു:
മുത്തൂ. ഈ നാല് വിരലുകള്‍ നാല് തത്തയാ.. പിന്നെ രണ്ട് വിരലുകള്‍ മടക്കി ചോദിക്കും:
രണ്ട് തത്തകള്‍ പറന്നുപോയി,
എങ്കില്‍ ബാക്കി എത്ര തത്തകളുണ്ട് മുത്തൂ?”
എഴുന്നു നില്‍ക്കുന്ന രണ്ട് കൈവിരലുകളിലേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കുമ്പോള്‍ ഉത്തരം അമ്മതന്നെ പറഞ്ഞുകൊടുത്തു.
ബാക്കി രണ്ട് തത്തകള്‍, അപ്പോള്‍ നാലില്‍ നിന്ന് രണ്ടുപോയാല്‍ എത്രയാ കണ്ണാ?”
നിവര്‍ന്നു നില്‍ക്കുന്ന വിരലുകളെ നോക്കി സന്തോഷത്തോടെ പറഞ്ഞു:
രണ്ട്.”
അപ്പോള്‍ തുരുതുരെ ഉമ്മകളായിരുന്നു അമ്മയുടെ സമ്മാനം.
പിന്നെ താമസിച്ചില്ല, ചാടി എഴുന്നേറ്റ് ടീച്ചറുടെ അരികിലേക്കോടി ചെവിയില്‍ പറഞ്ഞു:
രണ്ട.്”
പിന്നെ ഒരു ജേതാവിനെപ്പോലെ ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ സൈക്കിള്‍പെട്ടിയിലേക്ക് നോക്കുമ്പോള്‍ ഉണ്ണിയുടെ രഹസ്യവും ശ്രവിച്ച് ടീച്ചര്‍ പറഞ്ഞു:
ഉണ്ണി പറഞ്ഞ ഉത്തരമാണ് ശരി, രണ്ട്”
നാലില്‍ നിന്ന് രണ്ട് പോയാല്‍ മൂന്നാണോ മുത്തൂ?”
കണ്ണില്‍ കത്തുന്ന പരിഹാസത്തോടെ ടീച്ചറുടെ ആ നോട്ടത്തില്‍ അമ്മയുടെ ഉമ്മകള്‍ സ്‌നേഹക്കുളിര് പകര്‍ന്ന മുഖം പൊള്ളിപ്പോയി. വഞ്ചിക്കപ്പെട്ടവന്റെ വേദനയോടെ വിളറിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.
‘മണ്ടന്‍.. മണ്ടന്‍’”

ഐസ്‌ക്രീം നുണയുന്ന ഉണ്ണിയുടെ മുഖത്തേക്ക് നോക്കിയില്ല. കണ്ണുനീര്‍ വീണ് നാവിന്‍ത്തുമ്പില്‍ ഉപ്പ് രുചിച്ചു. ഉണ്ണി പറഞ്ഞ ഉത്തരം ശരിയായിരുന്നുവോ എന്നറിയില്ല. എന്തായാലും താന്‍ പറഞ്ഞ ഉത്തരം തെറ്റായിരുന്നില്ല, അതുറപ്പ്.
കാലങ്ങള്‍ ഏറെക്കഴിഞ്ഞു പോയിരിക്കുന്നു. ഇതിനിടയില്‍ ടീച്ചറും കുട്ടികളും എത്രയോ വട്ടം മുത്തുവിന്റെ മനസ്സില്‍ വെള്ളിമല കയറുകയും ഇറങ്ങുകയും ചെയ്തു. ഇപ്പോഴാകട്ടെ അയാള്‍ക്കുള്ളില്‍ ഓര്‍മകളുടെ മഴ പെയ്യുമ്പോഴൊക്കെ മനസ്സില്‍ ആഗ്രഹത്തിന്റെ കൂണ്‍ പൊട്ടിമുളയ്ക്കുന്നു.
വെള്ളിമലയുടെ മുകളിലെ വാകമരച്ചുവട്ടില്‍ ചെന്നിരുന്ന് ഒരു ഐസ്‌ക്രീം കഴിക്കണം.
ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ഒന്നും തന്നെ അയാള്‍ നാളത്തേക്ക് മാറ്റിവെക്കാറില്ല. എന്നിട്ടും ചെറിയൊരു ആഗ്രഹത്തെ താനെന്തിനാണിങ്ങനെ മാറ്റിവെക്കുന്നത് എന്ന ചോദ്യം അലോസരപ്പെടുത്തുമ്പോള്‍ കസേരയില്‍ നിന്നും അയാള്‍ തിടുക്കത്തില്‍ എഴുന്നേറ്റു, ഉത്തരവിന് കാത്തു നില്‍ക്കുന്ന ഭൃത്യന്മാരെ മാറ്റി മുന്നോട്ടു നടന്നു.
വെള്ളിമലയുടെ ചുവട്ടില്‍ കാര്‍ നിര്‍ത്തി മണ്‍പാതയിലൂടെ അയാള്‍ മെല്ലെ മുകളിലേക്കു നടന്നു. വെള്ളിമലയുടെ മുകളില്‍ അപ്പോള്‍ വാകകളും മാവുകളും പൂവിട്ട് തുടങ്ങിയിരിക്കുന്നു. ഗൃഹാതുരത്വത്തിന്റെ ചുവന്ന പൂക്കള്‍ ചിതറിക്കിടക്കുന്ന വാകമരച്ചോട്ടില്‍ അല്പനേരം ചിന്താമഗ്നനായി. മാലതി ടീച്ചര്‍ക്കും കുട്ടികള്‍ക്കും മുന്നിലെ വിസ്മൃതിയുടെ ഹിമപാടയില്‍ അപ്പോള്‍ ഓര്‍മകളുടെ ഇളംവെയില്‍ വീണു. വാകമരച്ചുവട്ടില്‍ കുട്ടികളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ പക്കല്‍ നിന്നും ഐസ്‌ക്രീം വാങ്ങി നുണഞ്ഞ് അയാള്‍ സ്വയം ചോദിച്ചു:
ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ എവിടെയായിരിക്കും….?”
ഓര്‍മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ചുണ്ടുകളിലൂറിവന്നൊരു പുഞ്ചിരി ക്രമേണ പൊട്ടിച്ചിരിയായി പരിണമിച്ചു. സ്വയം മറന്ന് ചിരിക്കുന്നതിനിടയില്‍ ദൃഷ്ടികള്‍ ചെന്നുപെട്ടത് സാകൂതം അയാളെ നോക്കി നില്‍ക്കുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ കണ്ണുകളിലായിരുന്നു. ഓര്‍മകളുടെ അടരുകള്‍ ഓരോന്നും കുപ്പിവളകള്‍ കണക്കെ ചിതറിത്തെറിച്ചു. പെട്ടെന്നുണ്ടായ ഞെട്ടലില്‍ അയാളുടെ ചിരി അശേഷം മാഞ്ഞുപോയി.
ഉണ്ണികൃഷ്ണന്‍!!
അപ്പോള്‍ ഐസ്‌ക്രീം കച്ചവടക്കാരന്‍ അയാള്‍ക്കുനേരെ വിറയ്ക്കുന്ന കൈകള്‍ കൂപ്പി.
ഉണ്ണികൃഷ്ണന്റെ കൈ പിടിച്ച് കാറിലേക്ക് നടക്കുമ്പോള്‍ കരുണയും ആര്‍ദ്രതയും അയാള്‍ക്കുള്ളില്‍ ഒരു കടലായി ഇരമ്പിക്കൊണ്ടിരുന്നു.
.