Connect with us

Kerala

വൈസനിയം സ്നേഹയാത്ര ഇന്ന് പ്രയാണമാരംഭിക്കും

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹയാത്ര ഇന്ന് പ്രയാണമാരംഭിക്കും. മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 50 മാനവിക സമ്മേളനവും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി സ്‌നേഹയാത്രക്ക് സമാരംഭം കുറിക്കും. യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലും യാത്ര പര്യടനം നടത്തും.

ഇന്ന് ഉച്ചക്ക് രണ്ടിന് മര്‍ഹൂം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയാറത്ത് നടക്കും. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്‌നേഹയാത്രയെ ഹൊസങ്കടിയിലേക്ക് ആനയിക്കും.
സ്നേഹയാത്രയുടെ ഭാഗമായുള്ള മാനവിക സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സ്‌ക്വയറില്‍ കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ നിര്‍വഹിക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് സ്നേഹ പ്രഭാഷണവും നടത്തും. ഡോ. മോര്‍ഗന്‍ ഡേവിസ്, അമേരിക്ക മുഖ്യാതിഥിയാകും. സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് നേതാക്കള്‍ സംബന്ധിക്കും.

Latest