Connect with us

National

മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചത് മന്ത്രിയുടെ ഹോട്ടലില്‍; തട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് രണ്ട് ദിവസം കഴിഞ്ഞ്. ആഭ്യന്തര മന്ത്രിയായ ഭൂപേന്ദ്ര സിംഗിന്റെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളാണ് 48 മണിക്കൂര്‍ വൈകി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയത്. സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പോളിംഗിന് ശേഷം ഭൂപേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വോട്ടിംഗ് മെഷീന്‍ എത്തിച്ചിരുന്നതായും തട്ടിപ്പ് നടന്നായും കോണ്‍ഗ്രസ് ആരോപിച്ചു.

നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വാഹനത്തിലാണ് ഇവ കൊണ്ടുപോയത്. ബിജെപിയുടെ വിജയത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കിയ കോണ്‍ഗ്രസ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വൈകി എത്തിച്ച വോട്ടിംഗ് മെഷീനുകള്‍ വോട്ടിംഗിനായി ഉപയോഗിക്കാത്തവയാണെന്നാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്ന വിശദീകരണം.

വോട്ടിംഗിന് ഉപയോഗിച്ച മെഷീനുകളും അല്ലാത്തവയും പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. എല്ലാ മെഷീനുകള്‍ക്കും പ്രത്യേക കോഡ് നമ്പറുകളുണ്ട്. വോട്ടിംഗിന് ഉപയോഗിച്ച മെഷീനുകളുടെ നമ്പര്‍ എല്ലാം രാഷ്ട്രീയ കക്ഷികള്‍ക്കും കൈമാറിയിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഇതു പരിശോധിക്കാവുന്നതാണ്.

വോട്ടിംഗ് നടന്ന മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ സുരക്ഷിതമാണ്. വോട്ടണ്ണലിന്റെ ദിനത്തില്‍ അല്ലാതെ സ്‌ട്രോംഗ് റൂമുകള്‍ തുറക്കില്ലെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ബുധനാഴ്ചയാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.

Latest