ബ്രുവറി: മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി

Posted on: December 1, 2018 11:54 am | Last updated: December 1, 2018 at 5:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. കേസ് പത്താം തിയ്യതിയിലേക്ക് മാറ്റിവെച്ചതായി ഹരജി നല്‍കിയ ശേഷം മാധ്യമങ്ങളെക്കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ തന്റെ മുന്നില്‍ മറ്റ് വഴികളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കളവ് മുതല്‍ തിരികെ കൊടുത്താല്‍ കളവ് കളവല്ലാതാകുന്നില്ല. ഈ വിഷയത്തില്‍ ഏതറ്റം വരേയും താന്‍ നിയമപോരാട്ടം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനേയും എക്‌സൈസ് മന്ത്രി ടിപി രാമക്യഷ്ണനേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുന്നതിന് മുമ്പ് സര്‍ക്കാറില്‍നിന്ന് അനുമതി വാങ്ങണം. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ കേസെടുക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് റദ്ദാക്കിയ സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.