സൂക്ഷിക്കുക, അനധികൃത വാഹനങ്ങളില്‍ കയറുന്നവരും കുറ്റക്കാരാണ്

Posted on: November 30, 2018 2:07 pm | Last updated: November 30, 2018 at 2:07 pm

അബുദാബി : നഗരത്തില്‍ സര്‍വീസ് നടത്തുന്ന അനധികൃത വാഹനങ്ങളില്‍ കയറുന്നവരും കുറ്റക്കാരാണെന്ന് അബുദാബി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സികളാക്കി സര്‍വീസ് നടത്തുന്നവര്‍ക്ക് പുറമെ വാഹനത്തില്‍ കയറുന്നവരും നിയമത്തിന് മുന്നില്‍ കുറ്റക്കാരാണ്. അതുകൊണ്ട് വ്യാജ ടാക്‌സികളില്‍ കയറുന്നത് ഉപേക്ഷിക്കണമെന്ന് യാത്ര ചെയ്യുന്നതിന് പൊതു ഗതാഗതം ഉപയോഗിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

ടാക്‌സി സര്‍വീസ് സേവനം നടത്താന്‍ അനുവദിച്ചിട്ടുള്ള വാഹനത്തില്‍ മാത്രമെ യാത്രക്കാരെ കയറ്റി സഞ്ചരിക്കാന്‍ പാടുള്ളൂ, അബുദാബി പൊലീസ് ഗതാഗത ജനറല്‍ കമാന്‍ഡ് സുരക്ഷ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ സാബി അറിയിച്ചു. വാഹന റജിസ്‌ട്രേഷനില്‍ പറയുന്ന ഉപയോഗം അനുസരിച്ചുള്ള ഗതാഗത ആവശ്യങ്ങള്‍ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം നടത്താന്‍. നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ യാത്രക്കാരെ വാഹനത്തില്‍ കയറ്റുകയും ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി കര്‍ശനമായ പരിശോധന നടപ്പാക്കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അനധികൃതമായി കള്ള ടാക്‌സി സര്‍വീസ് നടത്തുന്നതിനിടയില്‍ 659 പേരെ പിടികൂടിയതായി പോലീസ് അറിയിച്ചു . നിയമ വിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി വകുപ്പിന്റെ പരിശോധനക്കിടെയാണ് പിടിയിലായത്. കള്ള ടാക്‌സി സര്‍വീസ് ഒട്ടേറെ യാത്രക്കാര്‍ക്ക് സാമ്പത്തിക, സുരക്ഷിതത്വ, സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം യാത്രക്കാരുമായി സഞ്ചരിക്കാന്‍ അനുവാദമില്ലാത്ത വാഹനങ്ങളില്‍ തൊഴില്‍ സാമൂഹിക നിയമലംഘനത്തിലൂടെയാണ് കള്ള ടാക്‌സി സര്‍വീസ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. അബുദാബി വിമാനത്താവളത്തിലും മുസഫ വ്യവസായ നഗരിയിലും പാര്‍പ്പിട മേഖലയിലുമെല്ലാം കള്ള ടാക്‌സി സര്‍വീസ് സജീവമാവുന്നത് യാത്രക്കാരുടെ സുരക്ഷക്കു ഭീഷണിയാണ്. യാത്രക്കാര്‍ അനധികൃത ടാക്‌സി സര്‍വീസിനെ ചെറിയ സാമ്പത്തിക ലാഭത്തിന്റെ പേരില്‍ ആശ്രയിക്കരുത് പോലീസ് വ്യക്തമാക്കി. കള്ള ടാക്‌സികളിലെ യാത്ര ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പോലീസ് ബസ്സുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബസ്സുകളിലെ ടി വി കളില്‍ പ്രത്യേക ബോധവല്‍ക്കരണ സന്ദേശം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മലയാളം, ഉറുദു, ഇംഗ്ലീഷ് , അറബി ഭാഷകളിലാണ് സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്.