Connect with us

Prathivaram

തെരുവിലെ മാന്ത്രികന്‍

Published

|

Last Updated

മെലിഞ്ഞ ശരീരത്തിലെ അയഞ്ഞുകിടക്കുന്ന വസ്ത്രം, ചിരിയുടെ മാന്ത്രികന്‍ ചാര്‍ലി ചാപ്ലിന്റെ രൂപം ഒരു നിമിഷം മനസ്സിലൂടെ ഓടിമറയാന്‍ കാരണമായി. എന്നാല്‍ മുഖത്തെ കൊമ്പന്‍ മീശ ഗൗരവത്തോടെ പിരിച്ചുവച്ചിരിക്കുന്നു, കൂടെ ചുണ്ടിലെ നിര്‍ത്താത്ത മന്ദഹാസവും. വെള്ള ഷര്‍ട്ടും ടൈയും പുറമെ സ്യൂട്ടും അതിന്റെ നിറത്തോട് ചേര്‍ന്ന പാന്റ്‌സും ഷൂസും തലയില്‍ തുണികൊണ്ട് നിര്‍മിച്ച കട്ടിയുള്ള പപ്പാസും. ഒരു മാന്ത്രികന് ചേര്‍ന്ന രൂപത്തിന് ഇത് ധാരാളം. കോട്ടയത്തിന്റെ ഹൃദയമായ തിരുനക്കര മൈതാനത്ത് കൈയില്‍ ഭാരമുള്ള സഞ്ചിയും തൂക്കിയുള്ള വരവ് കണ്ടപ്പോള്‍ ഏതോ നാടോടിയാണെന്നാണ് അദ്യം കരുതിയത്. പിന്നീട് കൈയില്‍ കരുതിയ നീലനിറമുള്ള സഞ്ചികളിലൊരെണ്ണത്തില്‍ നിന്നും കറുത്ത നിറത്തിലുള്ള വലുപ്പം കുറഞ്ഞ കാലിസഞ്ചി പുറത്തെടുത്ത് അതിലേക്ക് കുറച്ച് വെള്ളത്തുണികള്‍ ഇട്ടു. മന്ത്രവാക്കുകള്‍ ഉരുവിട്ട് വെള്ളത്തുണിയെ വിവിധ വര്‍ണങ്ങളിലുള്ള തുണികളാക്കി പുറത്തെടുത്ത് ചുറ്റും കൂടിയവരുടെ കൈകളിലേക്ക് വച്ചുകൊടുത്തു. പിന്നീട് ഓരോ മാന്ത്രിക വസ്തുവും പുറത്തെടുത്ത് ജാലവിദ്യ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ കൗതുകത്തോടെ കണ്ടുനിന്നവര്‍ ചുറ്റുംകൂടി. കൊല്ലം പിള്ളയെന്ന് സ്വയം പരിചയപ്പെടുത്തി ഇന്ദ്രജാല പ്രകടനത്തിലേക്ക് കടന്നു.

78ന്റെ ശക്തി
ഒരു ജാലവിദ്യക്കാരന്റെ പരിഷ്‌കാരമൊന്നുമില്ല. സ്റ്റേജ് ഷോകളിലെ എല്‍ ഇ ഡി ലൈറ്റുകളും കാതടപ്പിക്കുന്ന അകമ്പടി ഗാനവും ഒന്നും വേണ്ട ഈ ഇന്ദ്രജാലക്കാരന്. കൈയില്‍ കരുതിയ രണ്ട് സഞ്ചികളിലെ മാന്ത്രിക വസ്തുക്കള്‍ പുറത്തെടുത്ത് പഴയ മലയാളം സിനിമാ പാട്ടുകള്‍ പാടി ജാലവിദ്യക്കാരന്റെ തനത് കൈവഴക്കത്തോടെ കാഴ്ചക്കാരുടെ മുമ്പില്‍ കണ്‍കെട്ട് വിദ്യകള്‍ കാണിച്ചുതുടങ്ങി. നിമിഷ നേരം കൊണ്ട് കൈയിലിരിക്കുന്ന കയര്‍ അന്തരീക്ഷത്തിലേക്ക് എടുത്തുയര്‍ത്തും. അന്തരീക്ഷത്തില്‍നിന്നും എന്തോ ആവാഹിച്ചെടുത്തപോലെ കയറിനെ വടിയാക്കിമാറ്റും. വെറും വെള്ളക്കടലാസ് മാത്രമുള്ള ചെറിയ ബുക്കില്‍ നോട്ടുകള്‍ വരുത്തും. കൈയിലെ കാലി തുണിസഞ്ചിയിലേക്ക് വെള്ളത്തുണി കൈയിലെടുത്ത് ഇടും. പിന്നീട് അവ വര്‍ണക്കളറുള്ളതാക്കും. പാല് കുടിക്കുന്നത് വായിലൂടെയാണെങ്കിലും അത് വീണ്ടും കുപ്പിയിലേക്ക് നിറയ്ക്കുന്നത് ചെവിയിലൂടെ. ഇങ്ങനെ മാജിക്കുകാരന് കാണികളുടെ കണ്ണില്‍ പൊടിയിടാനുള്ള നുറുങ്ങുവിദ്യകള്‍ എല്ലാം അദ്ദേഹത്തിന്റെ കൈയില്‍ ഇപ്പോഴും ഭദ്രം. കാണികളെ കൈയിലെടുക്കാന്‍ തമാശകളും വേണ്ടുവോളമുണ്ട്. പെട്ടെന്ന് തമിഴും ഹിന്ദിയും കന്നഡയും സംസാരിക്കാന്‍ തുടങ്ങി. എല്ലാം കാണികളെ ആകര്‍ഷിക്കാനുള്ള പൊടിക്കൈകള്‍. 78 ാം വയസ്സിലും പ്രായം തളര്‍ത്താത്ത മനസ്സ് ഈ തെരുവ് മാന്ത്രികന്റെ ശക്തിയായിതോന്നി.

അഷ്ടമുടി കായലോരത്ത് പ്രശസ്ത മജീഷ്യന്‍ എസ് ശങ്കരപിള്ളയുടെയും കുഞ്ഞു കുഞ്ഞമ്മയുടെയും എട്ടാമത്തെ പുത്രനായാണ് എസ് ഗോപിനാഥ പിള്ളയെന്ന കൊല്ലം പിള്ളയുടെ ജനനം. സഹോദരങ്ങള്‍ സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍ ഗോപിനാഥ പിള്ള മാജിക്കിന്റെ വഴി തിരഞ്ഞെടുത്തു. അതും അച്ഛന്‍ കാണിച്ചുതന്ന വഴി. അങ്ങനെ എസ് ഗോപിനാഥ പിള്ള കൊല്ലം പിള്ളയായി. 1960ല്‍ ഇരുപതാമത്തെ വയസ്സില്‍ മാന്ത്രിക ലോകത്തേക്ക് ചുവടുവെച്ച പിള്ളക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കാലിടറാതെ 58 വര്‍ഷങ്ങള്‍ വിജയകരമായി താണ്ടിയതിന്റെ അഭിമാനം ആ മുഖത്തുണ്ടായിരുന്നു. തെരുവാണ് പിള്ളയുടെ ഇഷ്ടവേദി. തുറന്ന സ്ഥലത്ത് മുന്‍കൂട്ടി അറിയിക്കാതെ പ്രതിക്ഷീക്കാതെ എത്തി കാഴ്ചക്കാരുടെ മുമ്പില്‍ ഇന്ദ്രജാലപ്രകടനം നടത്തുമ്പോള്‍ കിട്ടുന്ന സന്തോഷം ഒരു സ്റ്റേജിലും പിള്ളക്ക് ലഭിച്ചിട്ടില്ല. തെരുവാണ് ഇഷ്ട കേന്ദ്രമെങ്കിലും വിളിച്ചാല്‍ സ്റ്റേജുകളിലും കല്യാണച്ചടങ്ങുകളിലും മാജിക്ക് കാണിക്കാന്‍ മടിയില്ല.

ഒറ്റയാന്‍ ദേശാടനം
മാജിക് എന്ന മാസ്മരികവിദ്യയുമായി ഇന്ത്യയില്‍ പിള്ള ചുറ്റാത്ത നാടുകളില്ല. ഡല്‍ഹി, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, അസാം, ഗോവ തുടങ്ങി രാജ്യത്തെ വലംവച്ചുനടന്നു. നാടുചുറ്റി നടന്നപ്പോള്‍ നാവില്‍ക്കൂടിപ്പറ്റിയതാണ് കന്നഡ, തമിഴ്, ഹിന്ദി ഭാഷകള്‍. വേണ്ടിവന്നാല്‍ ഇംഗ്ലീഷും പറഞ്ഞുകളയും. പിള്ളയുടെ ജാലവിദ്യക്ക് വേദിയാകാത്ത ഗ്രാമങ്ങളും പട്ടണങ്ങളും മെട്രോ സിറ്റികളും ഇല്ല. ഒരു ദേശത്തുനിന്നും മറ്റൊരു ദേശത്തേക്ക് മാജിക്ക് എന്ന മായക്കാഴ്ചയുമായി സഞ്ചരിച്ചുകൊണ്ടിരിക്കും ഈ കലാകാരന്‍. ഒറ്റയാനായാണ് ഊരുചുറ്റ്. മാജിക്കുമായി ദേശാടനത്തിനിറങ്ങുമ്പോള്‍ കൊല്ലത്തെ തൃക്കരുവ പഞ്ചായത്തില്‍ അഷ്ടമുടി കിഴക്കേ പുതുവലില്‍ വീട്ടില്‍ ഭാര്യ സരസ്വതിയും മകള്‍ മിനിയും പിള്ളയുടെ വരവും കാത്തിരിക്കും. മിനിയെ കൂടാതെ സുധ എന്ന മകള്‍ കൂടിയുണ്ട്. ഇരുവരും വിവാഹിതരാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ജാലവിദ്യയുമായി ഊരുചുറ്റാനാണ് കൊല്ലം പിള്ളയുടെ പദ്ധതി. എന്നാല്‍ പ്രായംകൂടിവരുന്നതുകൊണ്ട് കേരളം വിട്ട് ദൂരേക്ക് പോകരുതെന്ന് മക്കളുടെ കര്‍ശന നിര്‍ദേശവുമുണ്ട്. പ്രായം പിള്ളയെ കടന്നുപിടിച്ചിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങി. ശരീരത്തിലെ ചുളിവുകളും കേള്‍വിക്കുറവും തടസ്സമേ അല്ല. പ്രായം ആയെന്ന് പറഞ്ഞ് തളര്‍ന്ന് വീട്ടില്‍ ചടഞ്ഞ് കൂടിയിരിക്കാന്‍ പിള്ളയെ കിട്ടില്ല. ദിവസവും പ്രഭാതമാകുമ്പോള്‍ പിള്ള ഇറങ്ങും കേരളത്തിന്റെ പ്രധാന കവലകളിലേക്ക്. ഇരുട്ടുന്നതിന് മുമ്പ് മകളുടെ കൊല്ലത്തെ വീട്ടിലേക്കുള്ള വണ്ടി പിടിക്കുകയും ചെയ്യും.

തെരുവില്‍ ഇന്ദ്രജാലം കാണിച്ച് കിട്ടുന്ന വരുമാനമാണ് കൊല്ലം പിള്ളയുടെ ഉപജീവനം. മാജിക് ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും. മാജിക്കിനോട് താത്പര്യമുള്ളവരെ പഠിപ്പിക്കാനും തയ്യാര്‍. തന്റെ കൈയിലുള്ള വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. മാജിക് എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുകൊണ്ടാണ് നാടുകള്‍ ചുറ്റിനടന്ന് ഇന്ദ്രജാല പ്രകടനം കാഴ്ചവെക്കുന്നത്. ലോകപ്രശസ്ത മാന്ത്രികരായ കേരളത്തിലെ വാഴക്കുന്നം നമ്പൂതിരിയും ബംഗാളിന്റെ പി സി സര്‍കാരിനെയുമാണ്് പിള്ളക്കിഷ്ടം. ചുവടുകള്‍ പിഴക്കാതെ ഈ പ്രായത്തിലും കാണികളുടെ കൈയടി നേടുകയാണ് തെരുവിന്റെ ഇന്ദ്രജാലക്കാരനായ കൊല്ലം പിള്ള.
.

Latest