വാട്‌സ്ആപ് ഉപഭോക്താക്കള്‍ക്ക് ട്രായുടെ മുന്നറിയിപ്പ്

Posted on: November 26, 2018 4:30 pm | Last updated: November 26, 2018 at 4:30 pm

ദുബൈ: യു എ ഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ)യുടെ മുന്നറിയിപ്പ്. പുതിയൊരു രീതിയിലൂടെ അക്കൗണ്ട് ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരു കോഡ് വെരിഫിക്കേഷന്‍ നമ്പര്‍ അയച്ചു നല്‍കിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുക.

വാട്‌സാപ്പില്‍ പുതിയതായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നതു പോലെയുള്ള എഴുത്തുസന്ദേശമാണ് ഹൈജാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഈ മെസേജില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പരും ആറക്കമുള്ള വാട്‌സാപ്പ് കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. ഇതിലൂടെ അക്കൗണ്ട് ഹാക്കിങ് ആണ് നടക്കുന്നത്.

ഈ തട്ടിപ്പില്‍ വീഴരുതെന്നും വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പില്‍ ആവര്‍ത്തിക്കുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുടെ എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ധര്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.