അയോധ്യ: അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ച് രാഷ്ട്രപതിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്

Posted on: November 26, 2018 9:41 am | Last updated: November 26, 2018 at 10:52 am

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ പേരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ഥിച്ചു. യു പി സര്‍ക്കാറിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണം. ക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതിയ വിധി അനുസരിച്ചേ പ്രവര്‍ത്തിക്കാവൂ എന്നും ഓള്‍ ഇന്ത്യ മുസ് ലിം മജ്‌ലിസെ മുശാവറ (എ ഐ എം എം എം) അധ്യക്ഷന്‍ നവീദ് ഹാമിദ് രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അയോധ്യയിലെയും ഫൈസാബാദിലെയും ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും പലരും സ്വന്തം പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയില്‍ നിലവില്‍ നടക്കുന്ന ആശ്വാസ്യമല്ലാത്ത കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയുണ്ട്. വിഷയത്തില്‍ കൃത്യമായി ഇടപെടാതെ നിരുത്തരവാദ സമീപനം സ്വീകരിക്കുന്ന യു പി സര്‍ക്കാറിന് ക്രമസമാധാനം സംരക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.