മനുഷ്യര്‍ക്കിടയില്‍ ഐക്യമുണ്ടാവാന്‍ ദുരന്തങ്ങള്‍ വരെ കാത്തിരിക്കേണ്ടിവരരുത്: കാന്തപുരം

Posted on: November 25, 2018 10:59 pm | Last updated: November 26, 2018 at 10:13 am

കോഴിക്കോട്: മനുഷ്യര്‍ക്കിടയില്‍ ഐക്യമുണ്ടാവാന്‍ ദുരന്തങ്ങള്‍ വരെ കാത്തിരിക്കേണ്ടിവരരുതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളീയര്‍ അത്ഭുതാവഹമായാണ് അതിജയിച്ചത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങള്‍ ഒന്നിച്ച് നിന്ന് നാടിനുവേണ്ടി പ്രവര്‍ത്തിച്ചത് വന്‍ വിജയമായി. ഈ ഐക്യവും ഒരുമയും ലോകം വാഴ്ത്തി. പക്ഷേ, ഇപ്പോള്‍ പലതിന്റെ പേരിലും മനുഷ്യര്‍ അകന്നുതുടങ്ങിയിരിക്കുന്നു. മനുഷ്യര്‍ തമ്മില്‍ ഗാഢമായ അടുപ്പമാണ് ഉണ്ടാവേണ്ടത്. വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും പരസ്പരം ബഹുമാനിക്കാന്‍ സാധിക്കണം. മുഹമ്മദ് നബി (സ്വ)പഠിപ്പിച്ച സന്ദേശം ഭിന്നിപ്പിന്റേത് ആയിരുന്നില്ല; ബഹുസ്വരതയുടെയും ഐക്യത്തിന്റെയും ആയിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

സുന്നി ഐക്യശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. ഇതുവരെ കുറെ പുരോഗതികള്‍ ഉണ്ടായത് അറിഞ്ഞുകാണുമല്ലോ. ഐക്യവുമായി ബന്ധപ്പെട്ട്് എന്നും പോസിറ്റിവായ നിലപാടുകള്‍ ആണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദ് നബിയുടെ ചര്യ സൂക്ഷ്മമായി പിന്തുടരുന്ന സുന്നികള്‍ക്കിടയില്‍ ഐക്യം തന്നെയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.