Connect with us

National

മുൻ കേന്ദ്ര മന്ത്രി സി കെ ജാഫര്‍ ഷെരീഫ് വിടവാങ്ങി

Published

|

Last Updated

ബെംഗളൂരു: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ സി കെ ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ഇവിടുത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വെള്ളിയാഴ്ച കാറില്‍ കയറുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിനു വേണ്ടി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു രണ്ടാമതും ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ ഉര്‍ദു തര്‍ജമ പ്രകാശനം ചെയ്യാന്‍ ഒരുങ്ങവെയാണ് ഷെരീഫിനെ മരണം കൊണ്ടുപോയത്. നവം: 28നു നിശ്ചയിച്ചിരുന്ന പ്രകാശന ചടങ്ങിലേക്കു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ അദ്ദേഹം ക്ഷണിച്ചിരുന്നുവെന്ന് അടുത്ത വക്താവ് പറഞ്ഞു.

1933 നവം: മൂന്നിനു കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ ചല്ലക്കെരെയില്‍ ജനിച്ച ശരീഫ് 1991-95 കാലഘട്ടത്തിലെ നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു. വടക്കന്‍ ബെംഗളൂരു മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
ഏഴു തവണ പാര്‍ലിമെന്റ് അംഗമായ ഷെരീഫ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് നിജലിംഗപ്പയുടെ അനുയായിയായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ പക്ഷത്ത് നിലയുറപ്പിച്ചു.
1977ല്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഡി ബി ചന്ദ്രെ ഗൗഡയെ പരാജയപ്പെടുത്തിയാണ് ഷെരീഫ് ആദ്യമായി പാര്‍ലിമെന്റിലെത്തിയത്.

രാജ്യത്തെ റെയില്‍വേ ലൈനുകള്‍ മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജിലേക്കു മാറ്റുന്നതിന് നേതൃത്വം കൊടുത്തയാളാണ് ജാഫര്‍ ഷെരീഫ്. ബെംഗളൂരുവില്‍ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.

Latest