കുരുന്നുകള്‍ക്ക് വെളിച്ചമെത്തിക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ

Posted on: November 25, 2018 3:06 pm | Last updated: November 25, 2018 at 3:06 pm

മൂന്നാര്‍: മാങ്കുളം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളുടെ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്ത് എന്‍ എസ് എസ് യൂണിറ്റംഗങ്ങള്‍. മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അംഗന്‍വാടികളില്‍ വൈദ്യുതീകരണ ജോലികള്‍ നടന്നു വരുന്നത്.

കാറ്റും വെളിച്ചവും കൊണ്ട്‌ കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകരാനാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ ഇടപെടലിലൂടെ അവസരമൊരുങ്ങുന്നത്. വൈദ്യുതീകരണ ജോലികള്‍ തീരുന്ന മുറക്ക്  പഞ്ചായത്തിടപ്പെട്ട് കണക്ഷന്‍ ലഭ്യമാക്കി അംഗന്‍വാടികളില്‍ വെളിച്ചമെത്തിക്കും.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ 5,11,9,12 വര്‍ഡുകളിലെ 5 അംഗന്‍വാടികളുടെ വയറിംഗ് ജോലികള്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തീകരിച്ചു. അഞ്ചംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 5 സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം. കലാലയത്തില്‍ നിന്നും ലഭിക്കുന്ന തുകക്ക് പുറമേ വ്യക്തികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംഭാവനയായി സ്വീകരിച്ച സാധനസാമഗ്രികള്‍ ചേര്‍ത്താണ് വൈദ്യുതീകരണ ജോലികള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന അംഗന്‍വാടികളിലും വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് യൂണിറ്റ് ലക്ഷ്യമിട്ടിട്ടുള്ളത്.

മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും പദ്ധതി നടത്തിപ്പിനായി  വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടണ്‍്. എന്‍ എസ്് എസ് യൂണിറ്റംഗങ്ങള്‍ക്ക് പുറമേ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു, പഞ്ചായത്തംഗങ്ങളായ മല്ലയ്യന്‍ പാണ്ഡ്യന്‍, ത്രേസ്യാമ ഔസേപ്പ്, എബ്രഹാം അവിര, അംഗന്‍വാടി അധ്യാപകരായ ജാനകിയമ്മ, ഗ്രേസി എം ജെ, സലോമി ജോസ്, വിന്‍സി മാത്യു തുടങ്ങിയവരും എസ് എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആല്‍ബര്‍ട്ട് ജോസ്, എ അനീഷ്, വോളന്റിയര്‍ സെക്രട്ടറിമാരായ ആരോമല്‍, സുഫി തുടങ്ങിയവരും വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്‌.