ബാലഭാസ്‌കറിന്റെ മരണം: സമഗ്രാന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

Posted on: November 23, 2018 8:54 pm | Last updated: November 24, 2018 at 10:50 am

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ലോക്കല്‍ പോലീസിന് സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് ഡിജിപി നിര്‍ദേശം നല്‍കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്് പിതാവ് സികെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.

അപകടസമയത്ത് വാഹനമോടിച്ചത് െ്രെഡവര്‍ അര്‍ജുനാണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്നും ദീര്‍ഘയാത്രയില്‍ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അര്‍ജുന്‍ മൊഴിനല്‍കിയത്. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാറോടിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25ന് നടന്ന അപകടത്തില്‍ ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവര്‍ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.