ഡല്‍ഹി ജുമുഅ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബിജെപി എംപി സാക്ഷി മഹാരാജ്

Posted on: November 23, 2018 7:52 pm | Last updated: November 24, 2018 at 10:53 am

ന്യൂഡല്‍ഹി: മതസ്പര്‍ധ വളര്‍ത്തുന്ന വിദ്വേഷപ്രസംഗവുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. ഡല്‍ഹി ജുമുഅ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ഡല്‍ഹി ജുമാ മസ്ജിദിന്റെ ഗോവണിപ്പടിയുടെ അടിയില്‍ ഇപ്പോഴും വിഗ്രഹം ഉണ്ടെന്നും വിഗ്രഹം ലഭിച്ചില്ലെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും ഇയാള്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വന്ന നാള്‍ മുതല്‍ ഇക്കാര്യം പറയുന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. മുഗള്‍ കാലഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും രാജ്യത്താകമാനം മൂവായിരം പള്ളികള്‍ നിര്‍മിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി പലതവണ മുസ്ലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നത് കൊണ്ടാണ്. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ വിലയേ നല്‍കുന്നുള്ളൂ തുടങ്ങിയവ സാക്ഷി മുമ്പ് നടത്തിയ പ്രസ്താവനകളാണ്.