Connect with us

Kerala

യുഎഇയുടെ സഹായം തടഞ്ഞതിനാല്‍ വലിയ സഹായം നഷ്ടമായി; കേന്ദ്രത്തിന്റേത് ഗുരുതരമായ അലംഭാവമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്രം ഗുരുതരമായ അലംഭാവം കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാപ്രളയത്തില്‍ 31,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് കേരളത്തിന് സംഭവിച്ചത്. പ്രത്യേകധനസഹായമായി കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ല. ഇതുവരെ 600 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനം എല്ലായ്‌പ്പോയും സഹകരിച്ചാണ് മുന്നോട്ടുപോയത്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രതികരണം മറിച്ചായിരുന്നു. പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം കേന്ദ്രം കൃത്യമായി നല്‍കുന്നില്ല.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയകാലത്ത് കേരളം സന്ദര്‍ശിച്ചതാണ്. നാശനഷ്ടങ്ങളെക്കുറിച്ച് അവര്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. സ്വാഭാവികമായും കേന്ദ്രസഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അര്‍ഹതപ്പെട്ടത് ഇനിയും കിട്ടിയില്ല. മാത്രമല്ല, സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന യുഎഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടെടുമെടുത്തു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ അക്രമികളെ തടയാനാണ് പോലീസ് ശ്രമിച്ചത്. ഹൈക്കോടതി പോലീസിനേയോ സര്‍ക്കാറിനേയോ വിമര്‍ശിച്ചിട്ടില്ല. 14 പേജുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു വിമര്‍ശനവുമില്ല. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് പോലീസ് ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ല. മന്ത്രിയോട് ആദരവോടെ തന്നെയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest