Connect with us

Kerala

പെരുവയലില്‍ പുലിവാല് പിടിച്ച് ലീഗ്; ഭരണം പ്രതിസന്ധിയിലാകും

Published

|

Last Updated

കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ബാല്‍ താക്കറെയുടെ ചരമ വാര്‍ഷികച്ചടങ്ങില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് അംഗത്തിനെതിരെ നടപടി കടുപ്പിച്ചാല്‍ പെരുവയല്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്ന യു ഡി എഫ് പ്രതിസന്ധിയിലാകും. നിലവില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് ഇവിടെ ഭരണം കൈയാളുന്നത്. ഗ്രാമപഞ്ചായത്തില്‍ 22 സീറ്റില്‍ 11 എണ്ണം യു ഡി എഫിനും പത്ത് എല്‍ ഡി എഫിനുമാണ്. ഒരു സീറ്റ് ബി ജെ പിക്കാണ്.

ഈയൊരു സാഹചര്യത്തില്‍ വിവാദത്തിലകപ്പെട്ട ഗ്രാമ പഞ്ചായത്തംഗം സഫിയ മാക്കിനിയാട്ടിനെതിരെ മുസ്‌ലിം ലീഗ് സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി താത്കാലിക രക്ഷക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂരില്‍ ശിവസേന സംഘടിപ്പിച്ച ബാല്‍ താക്കറെയുടെ ആറാം ചരമ വാര്‍ഷികച്ചടങ്ങിലാണ് മുസ്‌ലിം ലീഗ് അംഗം പങ്കെടുത്തത്. പാവപ്പെട്ട രോഗിക്ക് ഫണ്ട് കൈമാറാനുള്ള ചടങ്ങ് എന്ന നിലക്കാണ് ശിവസേന പ്രവര്‍ത്തകര്‍ ക്ഷണിച്ചതെന്നും മുസ്‌ലിം ലീഗ് നേതാവ് പൊതാത്ത് മുഹമ്മദ് ഹാജി അടക്കമുള്ള നേതാക്കളോട് അനുവാദം ചോദിച്ചാണ് ചടങ്ങിലേക്ക് പോയതെന്നും വാര്‍ഡ് അംഗം സഫിയ പറഞ്ഞിരുന്നു.

ശിവസേനയുടെ പരിപാടിയില്‍ മുസ്‌ലിം ലീഗ് അംഗം പങ്കെടുത്തതിനെതിരെ മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാക്കളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ ലീഗിന് രക്ഷയില്ലാതാകുകയും സഫിയയെ ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Latest