Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നഗരിയൊരുങ്ങി

Published

|

Last Updated

കോഴിക്കോട്: ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് മര്‍കസില്‍ നഗരിയൊരുങ്ങി. മര്‍കസ് ക്യാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതര്‍, മദ്ഹ് ഗാനാലാപന സംഘങ്ങള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിത്തുടങ്ങി. റബീഉല്‍ അവ്വല്‍ തുടക്കം മുതല്‍ മര്‍കസ് സ്ഥാപങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന നടത്തി വരുന്ന വര്‍ണാഭമായ വിവിധ മീലാദ് പരിപാടികളുടെ സമാപനമായാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം അരങ്ങേറുന്നത്.

2004 മുതല്‍ വിപുലമായി നടന്നു വരുന്ന മീലാദ് സമ്മേളനം ലോകത്ത് തന്നെ ശ്രദ്ധയാകര്‍ഷിച്ച തിരുനബി സ്‌നേഹ പരിപാടികളിലൊന്നാണ്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അല്‍ മൗലിദുല്‍ അക്ബര്‍ മീലാദ് സമ്മേളനത്തിന്റെ ശ്രദ്ധേയമായ സംഗമമാണ്. ഈ വര്‍ഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച മൗലിദ് കിതാബ് പ്രമുഖ സാദാത്തീങ്ങളുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ പാരായണം ചെയ്യും.
കാന്തപുരം ഉസ്താദിന്റെ തിരുനബി സ്‌നേഹ വാര്‍ഷിക പ്രഭാഷണവും പരിപാടിയില്‍ നടക്കും. ഞായറാഴ്ച നാലിന് ആരംഭിക്കുന്ന സമ്മേളനത്തിന് എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും മര്‍കസ് നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

പ്രോഗ്രാം കമ്മറ്റി, വളണ്ടിയര്‍മാര്‍, ഫൈനാന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍, മീഡിയ, ഗസ്റ്റ് റിലേഷന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങിയവ സജ്ജമായിട്ടുണ്ട്. അപ്പോളോ മൂസ ഹാജി ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.
സമ്മേളനത്തിന് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മര്‍കസ് പരിസര പ്രദേശങ്ങളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest