ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തിത്വം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം: മന്ത്രി എ.കെ ബാലന്‍

Posted on: November 23, 2018 12:11 am | Last updated: November 23, 2018 at 12:11 am
പാസ് വേഡ് 2018-19 കരിയര്‍ ഗൈഡന്‍സ് പരിപാടി നിയമ, സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌: ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തിത്വം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് നിയമസാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തരൂര്‍ മണ്ഡലത്തിലെ ആയക്കാട് സി.എ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പാസ് വേഡ് 2018-19 കരിയര്‍ ഗൈഡന്‍സ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിലൂടെ മാത്രമാണ് വ്യക്തിത്വ ധാര്‍മിക ഭൗതിക പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മതന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ജാതി,വംശീയ,ലിംഗഭേദ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭരണഘടന ഉറപ്പാക്കിയ അവകാശവും തുല്യനീതിയുമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വളര്‍ന്ന വരുന്ന തലമുറ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ച് നേര്‍രേഖയിലൂടെ ഭാവിജീവിതം ക്രമപ്പെടുത്തണമെന്നും മാനസിക ബൗദ്ധിക ധാര്‍മികപരമായി മികച്ച വ്യക്തിത്വം രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍- സ്വകാര്യ ഏജന്‍സികള്‍ വഴി പട്ടികജാതി ,പട്ടികവര്‍ഗ്ഗവിദ്യാര്‍ഥികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ആരംഭിച്ചെന്നും ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്ക് മലേഷ്യ, കുവൈറ്റ്, സിംഗപ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ പരിശീലനം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ആയിരത്തി അഞ്ഞൂറോളം(1500) വിദ്യാര്‍ത്ഥികളുടെ പങ്കാളിത്വമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പ് പദ്ധതിയും പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വയംപര്യാപ്തത ലക്ഷ്യമാക്കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നതായി മന്ത്രി അറിയിച്ചു. സാമ്പത്തികമായി താഴെത്തട്ടിലുള്ളവര്‍ക്കായി സുതാര്യവും ലളിതവും വൈവിധ്യവുമാര്‍ന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നല്‍കുന്ന പരിശീലന പരിപാടി വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ സാധ്യത മാത്രം കണക്കാക്കി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാതെ, ലോകത്തിലെ വിവിധ മേഖലയിലുള്ള വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ കണ്ടെത്തി ഉയര്‍ന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇച്ഛാശക്തിയോടെ മുന്നേറണമെന്ന് മന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ നൂറോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത പോള്‍സണ്‍് അധ്യക്ഷയായ പരിപാടിയില്‍ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. കെ വാസുദേവന്‍ പിള്ള, വാര്‍ഡ് അംഗം എം. മനോജ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ്.സുരേഷ്, സണ്ണി തോമസ്, എം.കെ. സുരേന്ദ്രന്‍, പ്രിന്‍സി, കെ.എ ശ്രീക്കുട്ടി എന്നിവര്‍ സംസാരിച്ചു.