സുപ്രീം കോടതിയുടെത് വാക്കാല്‍ പരാമര്‍ശം മാത്രം; കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

Posted on: November 22, 2018 6:33 pm | Last updated: November 23, 2018 at 10:33 am

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ടുപിടിച്ചെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സുപ്രീം കോടതിയുടെ വാക്കാല്‍ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് വേണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ പറ്റാനാവില്ലെന്നും സുപ്രീം കോടതി ഇന്ന് വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തിയത്. ഷാജിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്കുള്ള സ്‌റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. എന്നാല്‍ കോടതി രേഖാമൂലം അറിയിപ്പ് നല്‍കാത്തത് ഷാജിക്ക് തിരിച്ചടിയായിരിക്കുകയാണ്.