National
അഭിജിത് ബോസ് വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ മേധാവി

മുംബൈ: വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ മേധാവിയായി അഭിജിത് ബോസിനെ നിയമിച്ചു. മൊബൈല്‍ പേമെന്റ് സര്‍വീസായ ഈസ്ടാപ്പിന്റെ (Ezetap) സഹസ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യക്കാരായ ആളുകളെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് അഭിജിത് ബോസിനെ ഇന്ത്യന്‍ മേധാവിയായി നിയമിക്കുന്നത്. വാട്‌സ്ആപ്പ് ഇതാദ്യമായാണ് ഒരു രാജ്യത്തിന് പ്രത്യേകമായി തലവനെ നിയമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്കിന്റെ നിയമന്ത്രണത്തിലുള്ള വാടസ്ആപ്പിന് ഇന്ത്യയില്‍ 20 കോടിയില്‍ പരം ഉപഭോക്താക്കളുണ്ട്. വ്യാജവാര്‍ത്തകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത് വലിയ ഭീഷണിയായ ഘട്ടത്തില്‍ ഇത് തടയാന്‍ സത്വര നടപടികള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ ബോധവത്കരണം നടത്താന്‍ റോഡ് ഷോകള്‍ ഉള്‍പ്പെടെ പ്രചാരണ പരിപാടികള്‍ വാട്‌സ് ആപ്പ് നടത്തിയിരുന്നു.
വാട്‌സ്ആപ്പ് വഴി പേമെന്റ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് അഭിജിത് ബോസിന്റെ നിയമനമെന്നും സൂചനയുണ്ട്. ഇപ്പോള്‍ വാട്‌സ് ആപ്പ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പേമന്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.