Connect with us

National

ജമ്മു കശ്മീരില്‍ പി ഡി പി, കോണ്‍ഗ്രസ്, എന്‍ സി സഖ്യ രൂപവത്കരണ ചര്‍ച്ചകള്‍ സജീവം

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുക ലക്ഷ്യമിട്ട് പി ഡി പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പി ഡി പിയില്‍ നിന്ന് എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി ജെ പി നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ കൂടിയാണ് ത്രികക്ഷികള്‍ ചര്‍ച്ച നടത്തുന്നത്. സംസ്ഥാനത്തിന്റെ ഭാഗധേയം തന്നെ മാറിമറിയാന്‍ സാധ്യതയുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പി ഡി പിക്ക് 24ഉം എന്‍ സിക്ക് 15ഉം കോണ്‍ഗ്രസിന് 12ഉം എം എല്‍ എമാരുണ്ട്. കൈകോര്‍ത്തു കഴിഞ്ഞാല്‍ ഭൂരിപക്ഷത്തിനു വേണ്ട 44 സുഗമമായി എത്തിപ്പിടിക്കാനാകും. സഖ്യ കക്ഷി സര്‍ക്കാറിന്റെ ഭാഗമാകില്ലെങ്കിലും പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന്
എന്‍ സി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ക്രമീകരണങ്ങള്‍ വിജയിക്കുകയാണെങ്കില്‍ മെഹ്ബൂബ മുഫ്തിക്കു പകരം പി ഡി പിയിലെ മറ്റേതെങ്കിലും നേതാവാകും മുഖ്യമന്ത്രിയാകുക. നിലവില്‍ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാണ് ജമ്മു കശ്മീര്‍. ഡിസം: 19ന് ആറുമാസ കാലാവധി അവസാനിക്കുന്ന ഗവര്‍ണര്‍ ഭരണം നീട്ടാന്‍ സാധ്യതയില്ല. തുടര്‍ന്ന് രാഷ്ട്രപതി ഭരണമാകും നിലവില്‍ വരിക.

ജൂണ്‍ 16ന് സഖ്യ കക്ഷിയായിരുന്ന ബി ജെ പി പിന്തുണ പിന്‍വലിക്കുകയും പി ഡി പിയുടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന് താഴെയിറങ്ങേണ്ടി വരികയും ചെയ്തതോടെയാണ് സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായത്. രണ്ടംഗങ്ങള്‍ മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സിന് പിന്തുണ നല്‍കാനാണ് 25 എം എല്‍ എമാരുള്ള ബി ജെ പിയുടെ നീക്കമെന്നറിയുന്നു.

പി ഡി പി, കോണ്‍ഗ്രസ് സഖ്യം 2002-2007 കാലത്ത് കശ്മീര്‍ ഭരണത്തിലിരുന്നിട്ടുണ്ട്. സഖ്യ സര്‍ക്കാറിന് എന്‍ സി പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്നു.

Latest