ഇന്റർഫെയ്ത്ത് അലയൻസ് ഫോറത്തിന് അബുദാബിയിൽ ഉജ്വല തുടക്കം

Posted on: November 21, 2018 10:20 am | Last updated: November 21, 2018 at 10:31 am
അബുദാബിയിൽ നടക്കുന്ന ഇന്റർഫെയ്ത്ത് അലയൻസ് ഫോറത്തിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ആദരിക്കുന്നു

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ ഇന്റർഫെയ്ത്ത് അലയൻസ് ഫോറത്തിന് അബുദാബിയിൽ ഉജ്വല തുടക്കം. സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പം പുതുതലമുറയെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും സാമൂഹികമായി ഉയർന്നുവരുന്ന പ്രതിസന്ധികളിൽനിന്നും എങ്ങനെ രക്ഷപ്പെടുത്താമെന്നതിനെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.

നാഷണൽ എക്‌സിബിഷൻ സെന്ററിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്‌യാൻ ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മത നേതാക്കൾ, എൻ ജി ഒകൾ, വ്യവസായ മേധാവികൾ എന്നിവരുൾപെടെ 450 വിശിഷ്ടാതിഥികൾ സംബന്ധിക്കുന്നുണ്ട്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ മുന്നോട്ടുവച്ച ആദർശങ്ങളുടെയും ആശയങ്ങളുടെയും പിൻബലത്തിലാണ് യു എ ഇയിലെ ഇന്നത്തെ ഭരണകൂടം സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് ശൈഖ് സൈഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാചക സന്ദേശങ്ങളിൽ നിന്ന് ഉൾകൊണ്ട ആദർശമാണ് ശൈഖ് സായിദ് ഇവിടത്തെ ജനങ്ങളിലേക്കും ഭരണകർത്താക്കൾക്കും പ്രസരിപ്പിച്ചത്.
ലോകത്തെ ദശലക്ഷക്കണക്കിന് കുട്ടികൾ ഇന്റർനെറ്റ് അപകടകരമായ സാഹചര്യങ്ങളിൽ വന്നുപെട്ടതിനെ കുറിച്ച് ഉദ്ഘാടന സെഷനിൽ യു എ ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായ ഫാത്വിമ കഅബി സംസാരിച്ചു. നിഷ്‌കളങ്കരായ ഇത്തരം കുട്ടികളെ വഴിപിഴപ്പിക്കുന്ന പുതിയ സാങ്കേതിക സംരംഭങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന കരുതലുകൾ സമൂഹങ്ങളിൽ നിന്ന് ഉണ്ടാവണം, ഫാത്വിമ കഅബി കൂട്ടിച്ചേർത്തു.
യു എ ഇ മതകാര്യ വകുപ്പ് ഫത്‌വ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശസംരക്ഷണം ഇസ്‌ലാം അടക്കമുള്ള മതങ്ങളുടെ മുഖ്യപ്രതിപാദ്യ വിഷയമാണ്. അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ യു.എ.ഇ ഉപപ്രധാന മന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരവും അവാര്‍ഡും ഏറ്റുവാങ്ങി.