ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിക്കും

Posted on: November 21, 2018 10:00 am | Last updated: November 21, 2018 at 10:00 am

 തിരുവനന്തപുരം:  2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 26 ഉം ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ മൂന്നൂമാണ്.

രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. കമ്പാര്‍ട്ട്മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 2017 മുതല്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ് നല്‍കിയത്. അവര്‍ 2018ലെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാര്‍ച്ച് 2019ലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിഭാഗം 2019 മാര്‍ച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നല്‍കേണ്ടതില്ല.

അപേക്ഷാഫോമുകള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ലഭിക്കും. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കണം. പരീക്ഷാവിജ്ഞാപനവും വിശദവിവരങ്ങളും www.dhsekerala.gov.in ല്‍ ലഭിക്കും.