Connect with us

Articles

നബി(സ) തങ്ങളെ സ്‌നേഹിക്കാം

Published

|

Last Updated

ഈ റബീഇലെ ഏറെ ദിവസങ്ങളും വിദേശത്തായിരുന്നു. ലോകത്തെ പ്രമുഖരായ മുസ്‌ലിം പണ്ഡിതരുടെ കൂടെ. യു എ ഇയില്‍ അനുഭവിച്ചു, റബീഉല്‍ അവ്വലിന്റെ സകല പൊലിമയോടും കൂടിയ ആഘോഷം. നബി മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം നാം വിശ്വാസികള്‍ക്ക് അങ്ങനെയാണല്ലോ. നമ്മുടെ വിശ്വാസത്തിന്റെ ആധാരശിലയാണ് നബി(സ)തങ്ങളെ സ്‌നേഹിക്കല്‍. ആ അര്‍ഥത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ ലോകമെങ്ങും ദൃശ്യമാണ്.

നബി (സ) പറയുന്നുണ്ട്: നിങ്ങളുടെ വിശ്വാസം തികവിലെത്തുന്നത് മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റുള്ള എല്ലാവരെക്കാളും എന്നെ പ്രിയം വെക്കുമ്പോഴാണ് എന്ന്. നബിയോടുള്ള മഹബ്ബത്ത് വിശ്വാസത്തെ കൂടുതല്‍ കൂടുതല്‍ പകിട്ടുള്ളതും ഊര്‍ജസ്വലതയുള്ളതും ആക്കും എന്നതിലാണത്. അല്ലാഹു ഖുര്‍ആനില്‍ നബിയോട് പറയുന്നുണ്ട്, വിശ്വാസികളെ പഠിപ്പിക്കാനായി. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍, എന്നെ പിന്‍പറ്റുവീന്‍ എന്ന്.

ഈ അനുരാഗം മാസ്മരികമായ ആത്മീയ ശേഷിയാണ് മുഅ്മിനീങ്ങള്‍ക്ക് നല്‍കുന്നത്. അനുരാഗി എല്ലായ്‌പ്പോഴും പ്രിയപ്പെട്ടവനിലേക്കു നോക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും. അവരരുളിയത് പോലെ കാര്യങ്ങള്‍ നടപ്പാക്കും; വ്യക്തി ജീവിതം ക്രമപ്പെടുത്തും. നബിയോടുള്ള സ്‌നേഹവും ബഹുമാനവും, അവിടുത്തെ പേരില്‍ പ്രകീര്‍ത്തന ആലാപനങ്ങളും ലോകത്തിന്റെ സ്രഷ്ടാവ് അല്ലാഹു കല്‍പ്പിച്ചതാണ് എന്നതിനാല്‍, മറ്റൊന്നും ശങ്കിക്കാനില്ല വിശ്വാസിക്ക്. സ്വലാത്തുകള്‍ ചൊല്ലുക, നബിയെ വാഴ്ത്തുക, അവിടുന്ന് പഠിപ്പിച്ച ഓരോ മൂല്യവും ജീവിതത്തില്‍ തുടരുക.

ലോകത്തെ ഏറ്റവും വിശിഷ്ടമായ ദിനമായിരുന്നുവല്ലോ നബി (സ) ജനിച്ച റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. വസന്തം പരിപൂര്‍ണതയില്‍ വര്‍ഷിക്കുകയായിരുന്നു അപ്പോള്‍. നന്മയുടെ നിലാവ് വെളിച്ചം വിതറിയ ഘട്ടം. തിന്മയുടെ അസുരദിക്കുകള്‍ നിശ്ശബ്ദമായ, ശിഥിലമായ സമയം. അവിടുത്തെ ജനനത്തിന്റെ അത്ഭുത സംഭവങ്ങള്‍ അങ്ങനെയാണല്ലോ ചരിത്രം രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ആ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിരുപിറവിയുടെ സമയമാവുമ്പോഴേക്ക് എഴുന്നേല്‍ക്കുന്നു വിശ്വാസികള്‍. ദേഹശുദ്ധി വരുത്തിയ ശേഷം, അല്ലാഹുവിനെ സ്തുതിക്കുകയാണ്. നബി(സ) തങ്ങളെ നമ്മുടെ സമുന്നതമായ വഴികാട്ടിയായും നേതാവായും നിയോഗിച്ചതിന്. മൗലിദ് ചൊല്ലുന്നു. സ്വലാത്തുകള്‍ ചൊല്ലുന്നു. അവിടുത്തെ ശഫാഅത്ത് കിട്ടാന്‍ കേഴുന്നു. എന്ത് മനോഹരമാണ് റസൂലിനെപ്പറ്റി എഴുതപ്പെട്ട മൗലിദുകള്‍. ലോകത്തിലെ മികച്ച കാവ്യരൂപങ്ങളാണവ.

ജീവിത വിജയത്തിന് ഏറ്റവും വലിയ നിമിത്തമാണ് വിശ്വാസികള്‍ക്ക് നബിയോടുള്ള ഈ സ്‌നേഹം. ഒരു സ്വഹാബി വന്നു ചോദിച്ചുവല്ലോ. നബിയേ, അന്ത്യനാള്‍ എന്നാണ്? റസൂല്‍ തിരികെ ചോദിച്ചു: താങ്കള്‍ എന്താണ് അതിനായി കരുതിവെച്ചിരിക്കുന്നത്. ആ സ്വഹാബിയുടെ മറുപടിയിങ്ങനെ: കൂടുതല്‍ നിസ്‌കരിച്ചോ, വ്രതമെടുത്തോ, സ്വദഗ ചെയ്‌തോ ഒന്നും എനിക്ക് കരുതിവെപ്പില്ല; മറിച്ച് ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നു. റസൂലിന്റെ പ്രതിവചനം അപ്പോള്‍, താങ്കള്‍ ആരെ സ്‌നേഹിച്ചോ; അവര്‍ക്കൊപ്പമായിരിക്കും.

നബിയോടുള്ള ആദരവ്, അനുസരണ, സ്‌നേഹം എന്നിവ വിശ്വാസികളില്‍ ഏറ്റവും അനിവാര്യമാണ് എന്നതിനെ പറ്റി അല്ലാഹു ആവര്‍ത്തിച്ചു ഉണര്‍ത്തുന്നുണ്ട് ഖുര്‍ആനില്‍. നബിയെ നിന്ദിക്കുന്നവര്‍ക്കുള്ള താക്കീതും പറയുന്നു. അതിനാല്‍, ആ സ്‌നേഹം കൂടുതല്‍ കൂടുതല്‍ വര്‍ധിപ്പിക്കണം നാം. അവിടുന്ന് അനിഷ്ടത്തോടെ പറഞ്ഞ കാര്യങ്ങളെ ജീവിതത്തില്‍ നിന്ന് വിപാടനം ചെയ്യണം.

അതിനാല്‍, റബീഉല്‍ അവ്വല്‍ 12 വിശ്വാസികളുടെ സജീവമായ ദിനമാകണം. എന്നു മാത്രമല്ല, ഈ മാസം മുഴുവന്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകണം. നബിയുടെ ജീവിതത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തണം. എന്ത് പരിപാടിയാണെങ്കിലും റസൂല്‍ ഇഷ്ടപ്പെടുന്ന മാതൃകയില്‍ ആവണം നാം സജ്ജമാക്കേണ്ടത്. അവിടുന്ന് പരിസ്ഥിതി സ്‌നേഹിയായിരുന്നു, മലിനമുക്തമായ സാഹചര്യങ്ങളെ ഇഷ്ടപ്പെട്ടു. അന്യരെ ഒരര്‍ഥത്തിലും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മിതത്വത്തിന്റെ ഭാഷ ഉപയോഗിച്ചു. മറ്റുള്ളവരുടെ മനസ്സിനെ തികവോടെ ഉള്‍ക്കൊണ്ടു. ഇസ്‌ലാമിക ചരിത്രത്തില്‍ ഇക്‌രിമ(റ)വിന്റെ സംഭവം ഓര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ സംസ്ഥാപനത്തെ ഏറ്റവും രൂക്ഷമായി എതിര്‍ത്ത, നബി(സ) തങ്ങളെ ഏറെ വേദനിപ്പിച്ച അബൂ ജഹലിന്റെ മകനാണ്. ഇസ്‌ലാമിനോട് വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു ഇക്‌രിമക്ക്. പിന്നീട് മനസ്സ് മാറി, ആദ്യമായി റസൂലിന്റെ ചാരത്തേക്ക് കടന്നുവരികയാണ്. അന്നേരം, ആ വരവ് നേരത്തെ അറിഞ്ഞ നബി(സ) അനുചരരോട് പറഞ്ഞു: നിങ്ങള്‍ ഇക്‌രിമയുടെ മുമ്പില്‍ അബൂജഹലിനെ പരാമര്‍ശിക്കരുത്; അതദ്ദേഹത്തെ വേദനിപ്പിക്കും: ഇത്തരം, സൂക്ഷ്മമായ പെരുമാറ്റച്ചട്ടങ്ങള്‍ നാം ശീലിക്കണം.

കേരളത്തിലെ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ഏറ്റവും ഗംഭീരമായി റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നവരാണ്. നബി(സ)യുടെ കാലത്തേ ഇസ്‌ലാം തനിമയോടെ എത്തിയ ദേശമാണല്ലോ ഇത്. മൗലിദുകള്‍ ഇല്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും ഈ മാസത്തില്‍. അറബിയിലും മലയാളത്തിലും അറബി മലയാളത്തിലുമായി രചിക്കപ്പെട്ട നബിസ്‌നേഹ ബൈത്തുകള്‍ ചൊല്ലുന്നത് ഈ മാസത്തില്‍ നമ്മുടെ വീടുകളില്‍ പതിവാക്കണം.

മര്‍കസിന്റെ പേരില്‍ സുന്നി സാംസ്‌കാരിക കേന്ദ്രം എന്ന പേര് ഉറപ്പിച്ചത് സി എം വലിയുല്ലാഹിയെപ്പോലുള്ളവരുടെ ആശീര്‍വാദത്തോടെയാണ്. “സുന്നിയ്യ” എന്നാല്‍ നബി പഠിപ്പിച്ച രീതി അക്ഷരാര്‍ഥത്തില്‍ തുടരുന്നവര്‍. മര്‍കസ് നബി സ്‌നേഹികള്‍ക്ക് ആഴം നല്‍കി. ഓരോ വര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ ലോകത്തെ പ്രവാചക സ്‌നേഹികളായ പണ്ഡിതരുടെ സംഗമവേദിയാണ്.

റബീഉല്‍ അവ്വല്‍ ആഘോഷത്തെ എതിര്‍ക്കുന്നവര്‍ വിശ്വാസത്തിന്റെ മധുരം മനസ്സിലാക്കാത്തവരാണ്. യഥാര്‍ഥ സ്‌നേഹം അനുഭവിക്കാത്തവര്‍ക്ക് അതിന്റെ രുചിയറിയില്ലല്ലോ. കേരത്തിലെ സലഫികളുടെയും ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും എല്ലാം നിലപാട് നബി സ്‌നേഹ പ്രകാശങ്ങളെ അംഗീകരിക്കാത്ത വിധമുള്ളതാണ്. അതിനാല്‍ തന്നെയാണ് പ്രവാചക അനുരാഗികള്‍ മൗലികമായി അവരോട് വിയോജിക്കുന്നതും.
അല്ലാഹു റസൂല്‍ (സ)യെ ശ്രേഷ്ഠമായി സ്‌നേഹിച്ച വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. നബിദിനാശംസകള്‍.

---- facebook comment plugin here -----

Latest