Connect with us

Kerala

ശബരിമലയില്‍ അറസ്റ്റിലായ 69 പേര്‍ റിമാന്‍ഡില്‍

Published

|

Last Updated

പത്തനംതിട്ട: ശബരിമല നടപ്പന്തലില്‍ നാമജപം നടത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 69 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡിലായവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

ഇന്നലെ രാത്രി 11.30ഓടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നടയടക്കുന്നതിന് തൊട്ടമുമ്പാണ് വലിയ നടപ്പന്തലില്‍ അപ്രതീക്ഷിതമായി നാമജപം നടത്തി ഇവര്‍ പ്രതിഷേധം ആരംഭിച്ചത്.
നിരോനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോഴാണ് അറസ്റ്റിന് തുനിഞ്ഞത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ അയ്യപ്പ കര്‍മസമിതി നേതാക്കളെ മാത്രം പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ശഠിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധം നടത്തുകയല്ല. നട അടക്കുന്നത് വരെ നാമജപം നടത്തുകയാണെന്നും ഇതിന് അയ്യപ്പഭക്തരായ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് പ്രതിഷേധക്കാര്‍ പോലീസിനോട് പറഞ്ഞത്. മണ്ഡലകാലം തുടങ്ങിയതിന് ശേഷമുള്ള സന്നിധാനത്തെ ആദ്യ അറസ്റ്റാണ് ഇത്. ആദ്യം അറസ്റ്റിന് വഴങ്ങാമെന്ന് അറിയിച്ചെങ്കിലും നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Latest