Kerala
ശബരിമല ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ യുവതികള്‍ക്കെതിരെ പ്രതിഷേധം

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ യുവതികള്‍ക്കെതിരെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തിയ രേഷ്മ നിഷാന്ത്, ധന്യ, ഷനില എന്നിവര്‍ക്ക് നേരെയാണ് പ്രസ് ക്ലബ്ബിന് പുറത്ത് പ്രതിഷേധമുണ്ടായത്. യുവതികളുടെ വാര്‍ത്താ സമ്മേളനമറിഞ്ഞെത്തിയ നാമജപ പ്രതിഷേധക്കാര്‍ റോഡില്‍ സംഘര്‍ഷാവസ്ഥ സ്യഷ്ടിക്കുകയായിരുന്നു.
നിലവിലെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കാനായി തങ്ങള്‍ ശ്രമിക്കില്ലെന്നും ശബരിമല ശാന്തമാകും വരെ ദര്‍ശനത്തിന് കാത്തിരിക്കാന്‍ ഒരുക്കമാണെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധക്കാര്‍ പുറത്ത് കൂട്ടംകൂടി നിന്നതോടെ പത്രസമ്മേളന ഹാള്‍ വിട്ട് പുറത്തിറങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് വന്‍ പോലീസ് സുരക്ഷയിലാണ് ഇവര്‍ പുറത്തേക്കിറങ്ങിയത്. അപ്പോഴും നാമജപക്കാര്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു.