ഇവിടെ രാമന്‍; അവിടെ രാവണന്‍

ഇന്നത്തെ ഭരണം പിടിക്കലിന്റെ അടിസ്ഥാന കാരണം സിംഹള ഭൂരിപക്ഷത്തിന് സംഭവിക്കുന്ന മാറ്റമാണ്. അവര്‍ തീവ്രദേശീയതയിലേക്ക് കൂപ്പു കുത്തുകയാണ്. സിംഹള ബൗദ്ധരൊഴിച്ച് ആര്‍ക്കും ഈ രാജ്യത്ത് ഇടമില്ലെന്നതാണ് അവരുടെ അടിസ്ഥാന പ്രമാണം. രജപക്‌സെ ഇത്തരത്തിലുള്ള എല്ലാ തരം അതിവൈകാരികതകളെയും പ്രതിനിധാനം ചെയ്യുന്നു. വിപ്ലവകരമായ ആശയങ്ങള്‍ മുന്നോട്ട് വെച്ച് അധികാരത്തിലേറിയ സിരിസേന, രജപക്‌സെയുടെ കൂലിത്തല്ലുകാരനായി അധഃപതിക്കുന്നതും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അധികാര ഘടനയില്‍ മാറ്റം വരുത്തുന്നതും ജനങ്ങളുടെ ബോധനിലവാരത്തില്‍ വരുന്ന മാറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ്. സെക്യുലര്‍ പൗരസമൂഹം മെലിഞ്ഞു വരുന്നിടത്തെല്ലാം ഈ ദുരന്തം സംഭവിക്കും. ഇവിടെ രാമനാണെങ്കില്‍ അവിടെ രാവണനാണെന്ന വ്യത്യാസമേയുള്ളൂ. രജപക്‌സെ പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ ചിഹ്നം താമരമൊട്ടാണ്.
ലോകവിശേഷം
Posted on: November 18, 2018 5:00 pm | Last updated: November 18, 2018 at 5:00 pm

ഇരുട്ടിനും വെളിച്ചത്തിനും ഇടയിലൂടെ കടന്ന് പോയി നിതാന്തമായ ഇരുട്ടിലേക്ക് സഞ്ചരിക്കുകയാണ് ശ്രീലങ്ക. രാമ സങ്കല്‍പ്പത്തിന്റെ രാഷ്ട്രീയ പ്രയോഗം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ ബന്ദിയാക്കുകയും മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ മുഴുവന്‍ അപ്രസക്തമാകുകയും ചെയ്യുമ്പോള്‍ മുപ്പത്തിരണ്ട് നോട്ടിക്കല്‍ മൈല്‍ മാത്രം കടലില്‍ സഞ്ചരിച്ചാല്‍ എത്തുന്ന ശ്രീലങ്കയില്‍ ഇതേ പ്രതിഭാസം മറ്റൊരു നിലയില്‍ അരങ്ങേറുകയാണ്. ഏറെ അകലത്തിലുള്ള യു എസിലും ഫ്രാന്‍സിലും ബ്രസീലിലും ഇസ്‌റാഈലിലും ജര്‍മനിയിലുമൊക്കെ ഇത് തന്നെയാണ് സ്ഥിതി. എന്താണ് സമാനത? എല്ലായിടത്തും ഭൂരിപക്ഷ വിഭാഗത്തിന് വേണ്ടിയുള്ള ആക്രോശങ്ങള്‍ ഉയരുന്നു. കുടിയേറ്റക്കാരെ മുഴുവന്‍ പുറത്താക്കാനാണ് മുറവിളി. ശുദ്ധിവാദത്തിന്റെ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടി വര്‍ഗീയതയുടെയും വംശീയതയുടെയും ലാവ ഒഴുകിപ്പരക്കുന്നു. മനുഷ്യന്‍ ആര്‍ജിച്ച മൂല്യങ്ങളെല്ലാം ഈ ലാവാപ്രവാഹത്തില്‍ കരിഞ്ഞു പോകുന്നു. ഇന്ത്യയില്‍ രാമനാണെങ്കില്‍ ശ്രീലങ്കയില്‍ രാവണനാണ് ആയുധം. രാവണ പ്രതിമകള്‍ക്ക് മേല്‍ രക്തം വീഴ്ത്തിയെടുത്ത പ്രതിജ്ഞകളാണ് അവിടെ മുഴങ്ങുന്നത്. ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തെ മുഴുവന്‍ നിരാകരിച്ച് സമ്പൂര്‍ണ സിംഹളവത്കരണത്തിലേക്ക് രാജ്യം നീങ്ങുകയാണ്. മഹിന്ദാ രജപക്‌സെ ആ വെട്ടിപ്പിടിക്കലിന്റെ യാഗാശ്വമാണ്. വല്ലാത്ത ശക്തിയാണ് അദ്ദേഹത്തിന്. വല്ലാത്ത സ്ഥൈര്യമാണ്. ചിരിച്ചു കൊണ്ട് ഭയം വിതക്കാന്‍ സാധിക്കും. ശാന്തനായി ഇരുന്ന് കൊടുങ്കാറ്റ് വിതക്കും. വേലുപ്പിള്ള പ്രഭാകരനെ വകവരുത്താനിറങ്ങിയപ്പോള്‍ പട്ടാളം കൊന്നു തള്ളിയ മനുഷ്യരുടെ ചോര ഇന്നും അദ്ദേഹത്തിന്റെ കൈകളിലുണ്ട്. ആ കൈകള്‍ ആവേശപൂര്‍വം ഉയര്‍ത്തിയാണ് അദ്ദേഹം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. ലോകത്തെ എല്ലാ സമാധാന കാംക്ഷികളും ആ കൈകളിലെ ചോര കാണുന്നുണ്ട്. ശ്രീലങ്കയിലെ ന്യൂനപക്ഷ ജനത ആ ചോര കണ്ടാണ് ഞെട്ടിയുണരുന്നത്. സൈനിക നടപടിക്കിടെ ‘കൊളാറ്ററല്‍ ഡാമേജ്’ സ്വാഭാവികമാണെന്നാണ് രജപക്‌സെ പറയുന്നത്. പണ്ട് സമാനമായ വാക്കുകള്‍ ഉച്ചരിച്ചയാളാണല്ലോ ഇന്ത്യയിലെ ഇന്നത്തെ പ്രധാനമന്ത്രി. ഗുജറാത്ത് വംശഹത്യയില്‍ മരിച്ചു വീണ മുസ്‌ലിംകള്‍, ‘കാറോടിച്ച് പോകുമ്പോള്‍ ചക്രത്തിനടിയില്‍ പെടുന്ന പട്ടിക്കുഞ്ഞുങ്ങള്‍’ മാത്രമായിരുന്നു മോദിക്ക്. ഒരമ്മ പെറ്റ മക്കളായി മോദിയും രജപക്‌സെയും മാറുന്നത് കാണുന്നില്ലേ. മൂന്ന് കൊല്ലവും പത്ത് മാസവും മാത്രം അധികാരത്തിന് പുറത്തിരുന്ന ശേഷം പ്രധാനമന്ത്രിയായി അവരോധിതനായ മഹിന്ദാ രജപക്‌സെ ഒരിക്കല്‍ കൂടി നിറഞ്ഞ് ചിരിക്കുമ്പോള്‍ ശ്രീലങ്കയിലെ തമിഴര്‍ക്കും മുസ്‌ലിംകള്‍ക്കും ഒരു വികാരം മാത്രമാണ് അവശേഷിക്കുന്നത്- ഭയം.

ലങ്കാ നാടകം
രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പടുകുഴിയിലാണ് ശ്രീലങ്ക. നിയമപരമായി അധികാരത്തിലുള്ള പ്രധാനമന്ത്രിയെ പ്രസിഡന്റ് തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് പിരിച്ചു വിടുക. മറ്റൊരാളെ പ്രസിഡന്റായി വാഴിക്കുക. ഇദ്ദേഹത്തിനെതിരായ അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ പാസ്സാകുമെന്ന ഘട്ടമെത്തിയപ്പോള്‍ സഭ തന്നെ പിരിച്ചു വിടുക. ഒടുവില്‍ പരമോന്നത കോടതി ഇടപെടുക. പാര്‍ലിമെന്റ് പുനഃസ്ഥാപിക്കുക. പുതിയ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പാസ്സാകുക. സഭയില്‍ കൈയാങ്കളി, മുളകുപൊടി പ്രയോഗം, തെറിപൂരം. തട്ടുപൊളിപ്പന്‍ നാടകമാണ് നടക്കുന്നത്. രണ്ട് ഊഴം പ്രസിഡന്റും ഇപ്പോഴത്തെ ഗുണ്ടായിസ പ്രധാനമന്ത്രിപദമടക്കം രണ്ട് തവണ പ്രധാനമന്ത്രിയുമായ മഹിന്ദാ രജപക്‌സെയാണ് ഈ നാടകത്തിലെ മുഖ്യകഥാപാത്രം. നേരത്തേ പല തവണ മന്ത്രിയായ, ഒരു കാലത്ത് രജപക്‌സെയുടെ ഉറ്റ സുഹൃത്തും പിന്നീട് എതിരാളിയും ഇപ്പോള്‍ വീണ്ടും ആശ്രിതനുമായ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് സഹനടന്‍. പുറത്താക്കപ്പെട്ട, കോടതി പുനഃസ്ഥാപിച്ച, ഇപ്പോള്‍ പാര്‍ലിമെന്റിന്റെ വിശ്വാസം നേടിയ റെനില്‍ വിക്രമസിംഗെയാണ് മറ്റൊരു കഥാപാത്രം. രജപക്‌സെയെയും സിരിസേനയെയും വില്ലന്‍മാരായി മനസ്സിലാക്കിയാല്‍ ഇദ്ദേഹമാണ് നായകന്‍.

റെനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് നാടകത്തിന് തിരശ്ശീല ഉയര്‍ന്നത്. സര്‍ക്കാറിനുള്ള പിന്തുണ സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ഉപേക്ഷിച്ചതിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെയെ പുറത്താക്കിയത്. തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി (റോയി)ലെ ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്നുവെന്ന് സിരിസേന പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്ന നിലപാടാണ് വിക്രമ സിംഗെ സ്വീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിരിസേന പാര്‍ലിമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ നടപടികള്‍ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു എന്‍ പി), പ്രധാന പ്രതിപക്ഷമായ ടി എന്‍ എ, ഇടതുപക്ഷ പാര്‍ട്ടിയായ ജെ വി പി തുടങ്ങിയ കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പാര്‍ലിമെന്റ് പിരിച്ചുവിട്ട നടപടി ഇടക്കാല ഉത്തരവിലൂടെ ഡിസംബര്‍ ഏഴ് വരെ സ്റ്റേ ചെയ്തിരിക്കുകയാണ്. വിക്രമസിംഗെക്ക് പാര്‍ലിമെന്റില്‍ ഭൂരിപക്ഷമുണ്ട്. ഭരണഘടനാ പരമായി അദ്ദേഹം തന്നെയാണ് യഥാര്‍ഥ പ്രധാനമന്ത്രി.
ഒരര്‍ഥത്തില്‍ സിരിസേന സ്വയം റദ്ദാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 2015ല്‍ അധികാരത്തില്‍ വന്ന സിരിസേന ആദ്യം ചെയ്തത് പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയായിരുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അമിതമായ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും കാലാവധി രണ്ട് തവണകളായി നിജപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം എടുത്തു മാറ്റുകയും പ്രധാനമന്ത്രിയെ മാറ്റുവാനുള്ള അധികാരം പൂര്‍ണമായി പാര്‍ലിമെന്റില്‍ നിക്ഷിപ്തമാക്കുന്ന 19ാം ഭേദഗതി പാസ്സാക്കുകയും ചെയ്തു. ഇന്ന് രജപക്‌സെയിലേക്ക് ചായുന്ന സിരിസേന തന്റെ തന്നെ തീരുമാനങ്ങള്‍ ഓരോന്നായി പിച്ചിച്ചീന്തുകയാണ്.

2015- ഒരു ഫഌഷ് ബാക്ക്
2015ല്‍ മഹിന്ദ രജപക്‌സെയെന്ന അതികായന് ശ്രീലങ്കന്‍ ജനത പുറത്തേക്ക് വഴി കാണിച്ചതും ചതിയനെന്നും ജൂതാസെന്നും അധിക്ഷേപിക്കപ്പെട്ട മൈത്രിപാല സിരിസേനയെ രാജ്യത്തിന്റെ ഭരണ സാരഥ്യമേല്‍പ്പിച്ചതും ജനാധിപത്യത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. രജപക്‌സെയും സിരിസേനയും തമ്മില്‍ മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. രജപക്‌സെയുടെ വിശ്വസ്തനും മന്ത്രിസഭാംഗവുമായിരുന്ന സിരിസേന പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നിട്ട് വെറും മൂന്ന് മാസമേ ആയിരുന്നുള്ളൂ. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിജയം. പ്രഭാകരനെ വകവരുത്തിയ മഹിന്ദ രജപക്‌സെക്കു ചുറ്റുമുള്ള ഹിറോയിസത്തിന്റെ വെള്ളിവെളിച്ചം അസ്തമിച്ചിരുന്നില്ല. എന്നിട്ടും അത്രയൊന്നും പ്രാഗത്ഭ്യമില്ലാത്ത സിരിസേന ജയിച്ചെങ്കില്‍ അതിന് കൃത്യമായ കാരണമുണ്ടായിരുന്നു. തമിഴ് ജനവിഭാഗവും മുസ്‌ലിംകളും പൂര്‍ണമായി സിരിസേനയോടൊപ്പം നില്‍ക്കുകയും കഴിഞ്ഞ രണ്ട് തവണയും രജപക്‌സെയെ പിന്തുണച്ച സിംഹളരില്‍ നല്ലൊരു വിഭാഗം ഇപ്പുറത്തേക്ക് മാറുകയും ചെയ്തതോടെയാണ് വിജയം സാധ്യമായത്.
എല്‍ ടി ടി ഇയെ തകര്‍ത്തെറിഞ്ഞ ശക്തനായ ‘രാജാവാ’യിരുന്നു ഭൂരിപക്ഷത്തിന് മഹിന്ദാ രജപക്‌സെ. ഈ വിശേഷണത്തിന്റെ അലകളില്‍ അദ്ദേഹം കുടുങ്ങിപ്പോയെന്നതാണ് സത്യം. തമിഴ് ജനതയോട് അദ്ദേഹം കാണിച്ചത് വംശീയമായ പകപോക്കല്‍ തന്നെയായിരുന്നു. പുലിയൊഴിഞ്ഞ ലങ്കയില്‍ തമിഴ് ജനസാമാന്യത്തെ കൂടുതല്‍ നന്നായി ഉള്‍ക്കൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടം ശ്രമിക്കേണ്ടിയിരുന്നത്. പകരം അദ്ദേഹം കൂടുതല്‍ സിംഹളനായി. വികസന മുന്‍ഗണനകളില്‍ നിന്ന് വടക്കന്‍ മേഖല വെട്ടിമാറ്റപ്പെട്ടു. വല്ലാത്തൊരു അന്യതാ ബോധത്തിലേക്കാണ് തമിഴ് വംശജര്‍ കൂപ്പുകുത്തിയത്. സിംഹള ഭൂരിപക്ഷത്തിനായി നിലകൊള്ളുന്ന ഭരണസംവിധാനത്തില്‍ നിന്ന് പുറത്തു കടന്ന് പ്രത്യേക ഈഴം സ്ഥാപിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന പോര്‍മുനയിലേക്ക് തമിഴ് ജനതയെ നടത്തിച്ച എല്‍ ടി ടി ഇയും വേലുപ്പിള്ള പ്രഭാകരനും ഒടുങ്ങിയപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചു വരാനും ദേശീയധാരയില്‍ ലയിക്കാനും തമിഴര്‍ തയ്യാറായിരുന്നു. അതിനുളള അവസരമൊരുക്കുന്നതിന് വിജയോന്മത്തനായ രജപക്‌സെ തയ്യാറായില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ട് തമിഴര്‍ സിരിസേനയെ പിന്തുണച്ചു.

മുസ്‌ലിംകളുടെ നിലപാട്
സായുധ പോരാട്ടത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാറിനെ സഹായിച്ചുവെന്നാരോപിച്ച് എല്‍ ടി ടി ഇ മുസ്‌ലിംകള്‍ക്കു നേരെ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ ചരിത്രത്തില്‍ ചോര പടര്‍ത്തി കിടക്കുന്നുണ്ട്. ഈ അനുഭവമാണ് തനതായ രാഷ്ട്രീയ മുന്നേറ്റത്തിന് വലിയ തോതില്‍ ശ്രമിക്കാതെ സിംഹള പാര്‍ട്ടികളുമായി സഹകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ~ഒരിക്കല്‍ അവര്‍ രജപക്‌സെയെ പിന്തുണച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബുദ്ധതീവ്രവാദികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒത്താശ ചെയ്യുകയായിരുന്നു രജപക്‌സെ. തെക്ക് പടിഞ്ഞാറന്‍ ശ്രീലങ്കയിലെ അലുത്ഗാമയിലാണ് ഈ താണ്ഡവം ഉഗ്രരൂപം പ്രാപിച്ചത്. ഇവിടെ ബോധു ബല സേനയെന്ന ബുദ്ധതീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. ബി ബി എസ് സംഘടിപ്പിക്കുന്ന കൂറ്റന്‍ സമ്മേളനങ്ങള്‍ വിദ്വേഷ പ്രഖ്യാപനങ്ങള്‍ക്കുള്ള വേദികളായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും അവ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വാക്കുകള്‍ കൊണ്ട് കലാപമുണ്ടാക്കാന്‍ മിടുക്കുള്ള ബി ബി എസ് ഭീകര നേതാവ് ഗലഗോഡ അത്തേ ജ്ഞാനസാരയെപ്പോലുള്ളവരെ പരോക്ഷമായി സഹായിക്കുകയായിരുന്നു രജപക്‌സെയുടെ പോലീസ്. ബുര്‍ഖക്കും അബായക്കുമെതിരെ ബി ബി എസ് നിരന്തരം പ്രചാരണം നടത്തുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെ ആക്രമിക്കുന്നു. ഈ സാഹചര്യത്തില്‍ രജപക്‌സെ അധികാരത്തില്‍ തിരിച്ചു വരുന്നത് അപകടകരമാണെന്ന് മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞു. അവര്‍ സിരിസേനയെ പിന്തുണച്ചു.

തമിഴ് വംശജരും മുസ്‌ലിംകളും പിന്തുണച്ചത് കൊണ്ട് മാത്രം സിരിസേനക്ക് ജയിക്കാന്‍ സാധിക്കില്ലല്ലോ. സിംഹള സാമാന്യ ജനവിഭാഗവും അദ്ദേഹത്തെ പിന്തുണച്ചു. അതിനും കാരണമുണ്ട്. രജപക്‌സെ ഭരണത്തിലെ കുടുംബ വാഴ്ച ഫലപ്രദമായി ചൂണ്ടിക്കാട്ടുന്നതില്‍ പ്രതിപക്ഷം വിജയിച്ചുവെന്നതാണ് അതില്‍ പ്രധാനം. 2014 നവംബറില്‍ ആരോഗ്യമന്ത്രിപദം രാജിവെച്ച് പുറത്തു വന്നപ്പോള്‍ സിരിസേന ഉന്നയിച്ച പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. സ്വന്തക്കാരെ സര്‍വ ഇടങ്ങളിലും തിരുകിക്കയറ്റുകയായിരുന്നു രജപക്‌സെ. സഹോദരന്‍ ഗോദഭയ രജപക്‌സെയെ പ്രതിരോധ സെക്രട്ടറിയായും മറ്റൊരു സഹോദരന്‍ ബസിലിനെ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനായും നിയമിച്ചു. മറ്റൊരു സഹോദരന്‍ ചമലിനെ പാര്‍ലിമെന്റ് സ്പീക്കറാക്കി. താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ശിരാനി ബന്ധാരനായകയെ മാറ്റി തന്റെ ആശ്രിതനായ മോഹന്‍ പെരിസിനെ നിയമിച്ചു.

വിദേശനയത്തില്‍ രജപക്‌സെ അന്ന് നടത്തിയ അട്ടിമറികളുടെ ഉത്പന്നം കൂടിയാണ് ഇന്നത്തെ പ്രതിസന്ധി. പുലി വേട്ടക്കിടെ നടന്ന യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം യു എന്നില്‍ കൊണ്ടു വന്നതിന് പിന്നില്‍ അമേരിക്കയായിരുന്നു. രജപക്‌സെ ചൈനയെ കൂട്ടു പിടിച്ചു. മേഖലയിലെ നേതൃസ്ഥാനത്തിനായി ദാഹിച്ച് നില്‍ക്കുന്ന ചൈന ഒട്ടും മാന്യമല്ലാത്ത പക്ഷം ചേരല്‍ നടത്തുകയായിരുന്നു. പക്ഷേ ചൈനയുടേത് ധൃതരാഷ്ട്രാലിംഗനമായിരുന്നുവെന്ന് ശ്രീലങ്കന്‍ ജനത തിരിച്ചറിഞ്ഞു. വലിയ കടക്കെണിയിലേക്കാണ് ശ്രീലങ്കയെ ചൈന കൊണ്ടുപോയത്. ഇന്ന്, രാഷ്ട്രീയ അട്ടിമറിയിലൂടെ രജപക്‌സെ വീണ്ടും അധികാര സ്ഥാനത്തെത്തുമ്പോള്‍ ചൈന മാത്രമാണ് സ്വാഗതം ചെയ്തതെന്നോര്‍ക്കണം.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ രജപക്‌സെയുടെ പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയമാണ് ഇന്നത്തെ ഭരണം പിടിക്കലിന് കാരണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അടിസ്ഥാന കാരണം സിംഹള ഭൂരിപക്ഷത്തിന് സംഭവിക്കുന്ന മാറ്റമാണ്. അവര്‍ തീവ്രദേശീയതയിലേക്ക് കൂപ്പു കുത്തുകയാണ്. സിംഹള ബൗദ്ധരൊഴിച്ച് ആര്‍ക്കും ഈ രാജ്യത്ത് ഇടമില്ലെന്നതാണ് അവരുടെ അടിസ്ഥാന പ്രമാണം. ആ മനം മാറ്റത്തിന് പറ്റിയവരെ മതി അവര്‍ക്ക് ഭരണാധികാരികളായി. രജപക്‌സെ ഇത്തരത്തിലുള്ള എല്ലാ തരം അതിവൈകാരികതകളെയും പ്രതിനിധാനം ചെയ്യുന്നു. വികസനവും സുരക്ഷയുമെല്ലാം മുഖംമൂടി മാത്രമാണ്.

വിപ്ലവകരമായ ആശയങ്ങള്‍ മുന്നോട്ട് വെച്ച് അധികാരത്തിലേറിയ സിരിസേന, രജപക്‌സെയുടെ കൂലിത്തല്ലുകാരനായി അധഃപതിക്കുന്നതും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി അധികാര ഘടനയില്‍ മാറ്റം വരുത്തുന്നതും ജനങ്ങളുടെ ബോധനിലവാരത്തില്‍ വരുന്ന മാറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ്. സെക്യുലര്‍ പൗരസമൂഹം മെലിഞ്ഞു വരുന്നിടത്തെല്ലാം ഈ ദുരന്തം സംഭവിക്കും. ഇവിടെ രാമനാണെങ്കില്‍ അവിടെ രാവണനാണെന്ന വ്യത്യാസമേയുള്ളൂ. രജപക്‌സെ പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ ചിഹ്നം താമരമൊട്ടാണ്.