ന്യൂജഴ്‌സിയില്‍ പതിനാറുകാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Posted on: November 18, 2018 12:49 pm | Last updated: November 18, 2018 at 4:37 pm

ന്യൂയോര്‍ക്ക്: യു എസിലെ ന്യൂജഴ്‌സിയില്‍ പതിനാറുകാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. തെലുങ്കാന സ്വദേശി സുനില്‍ ഹെഡ്‌ല (61)യാണ് വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ടു മണിക്ക് വെടിയുണ്ടക്കിരയായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.

മുപ്പതു വര്‍ഷത്തോളമായി യു എസില്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സുനില്‍ ജോലിക്കു പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമി തുരുതുരാ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പ്രതി സുനിലിന്റെ കാറുമെടുത്ത് രക്ഷപ്പെട്ടു. കാര്‍ കവരാനാണ് കൃത്യം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ വിവരം.

ഈ മാസാവസാനം മാതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരാനിരുന്ന സുനില്‍ രണ്ടു മാസത്തെ അവധിയെടുത്തിരുന്നു. ഇതിനിടെയാണ് ദുരന്തമുണ്ടായത്.