വര്‍ഗീയ വിഷം ചീറ്റി കലാപമുണ്ടാക്കാനാണ് ശശികലയുടെ ശ്രമം: മന്ത്രി കടകംപള്ളി

Posted on: November 17, 2018 2:00 pm | Last updated: November 17, 2018 at 5:10 pm

തിരുവനന്തപുരം: വര്‍ഗീയ വിഷം ചീറ്റി ശബരിമലയെ കലാപഭൂമിയാക്കാനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികല ഒരു മാസത്തിനിടെ നാല് തവണ എന്തിനാണ് ശബരിമല സന്ദര്‍ശിക്കുന്നതെന്നും ഗുരുസ്വാമിമാര്‍ പോലും ഇങ്ങനെ ശബരിമലയില്‍ നന്ദര്‍ശനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവര്‍ ശബരിമലയില്‍ എത്തിയത്. ശശികലയോട് മടങ്ങി പോകണമെന്ന് പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശികല അതിന് തയാറായില്ല. പോലീസ് സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ ഹര്‍ത്താല്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഹര്‍ത്താല്‍ മൂലം കുടിവെള്ളം പോലും കിട്ടാതെ വിശ്വാസികള്‍ ബുദ്ധിമുട്ടുകയാണ്. തുലാമാസം ഒന്നാം തീയതിയും ഹര്‍ത്താല്‍ നടത്തി ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഭക്തിയുടേയും വിശ്വാസത്തിന്റേയും മറവില്‍ ജനങ്ങളെ പറ്റിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്.

സാധാരണ ശബരിമല തീര്‍ഥാടനകാലത്ത് എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടിവന്നാല്‍ പത്തനംതിട്ട ജില്ലയേയും തീര്‍ഥാടകരെയും ഒഴിവാക്കുന്നതാണ്. എന്നാല്‍ സംഘപരിവാറും ബിജെപിയും അതിനും തയാറായില്ല. ഇവര്‍ ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് ഇതില്‍നിന്നും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ ദൃശ്യം