അബുദാബി ആര്‍ട് എക്‌സിബിഷന്‍ നാളെ സമാപിക്കും

Posted on: November 16, 2018 4:59 pm | Last updated: November 16, 2018 at 4:59 pm

അബുദാബി: മനാറത് അല്‍ സാദിയാത്തില്‍ പത്താമത് അബുദാബി ആര്‍ട് എക്‌സിബിഷന്‍ നാളെ സമാപിക്കും. 19 രാജ്യങ്ങളില്‍ നിന്നുള്ള 43 ഗാലറികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളുമാണ് കലാമേളയെ സജീവമാക്കുന്നത്. നൂതന സാങ്കേതികവിദ്യകളെ കലയില്‍ സമന്വയിപ്പിച്ചുള്ള വ്യത്യസ്ത കാഴ്ചകളാണ് ഇത്തവണത്തെ പുതുമ. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള കലാസൃഷ്ടികള്‍ ഒരേസമയം സന്ദര്‍ശകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഇതിനു പുറമെ വിവിധ കലാപരിപാടികളും ശില്‍പശാലകളും മേളയിലേക്കു ജനങ്ങളെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകരുടെ കൂടി പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ദുരുബ് അല്‍ തവായ കലാപ്രകടനവുമുണ്ട്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.

അബുദാബി സാംസ്‌കാരിക- ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, ഡിസിടി അബുദാബി അണ്ടര്‍ സെക്രട്ടറി സൈഫ് സഈദ് ഗോബാഷ്, അബുദാബി ആര്‍ട്ട് ഡയറക്ടര്‍ ദിയാല നസ്സൈബ എന്നിവര്‍ ശൈഖ് സൈഫിനെ അനുഗമിച്ചു. മനാറത്ത് അല്‍ സാദിയത്തിലെ ഗാലറികളിലൂടെ സഞ്ചരിച്ച ശൈഖ് സൈഫ് അബുദാബി ആര്‍ട്ട് 2018ന്റെ സാംസ്‌കാരിക പരിപാടിക്കെത്തിയ കൗണ്‍സിലര്‍മാര്‍, കലാകാരന്മാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.