മുത്ത് നബി(സ)യെ കാണാന്‍

നബി(സ)യുടെ തിരുവദനം സത്യവിശ്വാസിയുടെ ഹൃദയത്തില്‍ എപ്പോഴുമുണ്ടാകണം. പാരത്രിക ലോകത്ത് നമുക്ക് അഭയമായുള്ളത് ആ പൂമുഖമാണ്. നമ്മുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുത്ത് നബി സാക്ഷിയാണെന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് നബി (സ)യുടെ സന്നിധിയില്‍ ഇരിക്കുന്നത് പോലെ അച്ചടക്കത്തിലും അനുസരണയിലും ആത്മീയബോധത്തോടെയും ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം.
Posted on: November 16, 2018 8:20 am | Last updated: November 23, 2018 at 10:00 pm

പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പ്രസന്ന വദനം മുഹമ്മദ് നബി (സ) യുടേതാണ്. ഞാന്‍ മനുഷ്യരുടെ നേതാവാണെന്ന് നബി തങ്ങള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ വിവക്ഷ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഇഹത്തിലും പരത്തിലും പരിഹരിക്കുന്നയാള്‍ എന്നാണെന്ന് ശറഹ്മുസ്‌ലിമില്‍ ഇമാം നവവി (റ) പറയുന്നു. അതടിസ്ഥാനത്തില്‍ ഇഹലോക ഐശ്വര്യത്തിന് പുറമെ മര്‍മപ്രധാനമായ പരലോക വിജയത്തിനും നമുക്ക് അത്താണി തിരുനബി (സ) തങ്ങളാണ്. ആയതിനാല്‍ ആ വദനം എപ്പോഴും മനസ്സില്‍ പ്രോജ്വലിച്ച് നില്‍ക്കണം. ആയതിനാലാകാം അവിടുന്ന് പറഞ്ഞത്; മാതാപിതാക്കള്‍ മക്കള്‍ എല്ലാവരേക്കാളും എന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍ യഥാര്‍ഥ വിശ്വാസി ആകുകയില്ല എന്ന്.

നബി(സ)യുടെ തിരുവദനം സത്യവിശ്വാസിയുടെ ഹൃദയത്തില്‍ എപ്പോഴുമുണ്ടാകണം. ആ പൂമുഖം നാം ഒരിക്കലും മറക്കാന്‍ പാടില്ല. നാളെ പാരത്രിക ലോകത്ത് നമുക്ക് അഭയമായുള്ളത് അവിടുത്തെ പൂമുഖമാണെന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. മറ്റുള്ള നബിമാരുടെ അനുയായികള്‍ അവരുടെ തെളിവുകളുമായി വരുമ്പോള്‍ നമുക്കുള്ള തെളിവ് മുഹമ്മദ് നബി (സ) തങ്ങളാണ്. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അനുയായികള്‍ ചെയ്തുപോയ പ്രവര്‍ത്തനങ്ങളുടെ സാക്ഷിയായി അവരുടെ പ്രവാചകന്‍മാരെ ഹാജരാക്കും. അതുപോലെ ഈ ഉമ്മത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നബിയെ സാക്ഷിയാക്കും.

നമ്മുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുത്ത് നബി സാക്ഷിയാണെന്ന് ഈ ആയത്ത് ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് നബി (സ)യുടെ സന്നിധിയില്‍ ഇരിക്കുന്നത് പോലെ അച്ചടക്കത്തിലും അനുസരണയിലും ആത്മീയബോധത്തോടെയും ജീവിക്കാന്‍ നാം തയ്യാറാകണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

നബി തങ്ങള്‍ കാണുന്നു എന്ന ബോധ്യത്തോടെ ജീവിതം ക്രമപ്പെടുത്തിയവര്‍ക്ക് മാത്രമേ പരലോക മോക്ഷം സാധ്യമാകുകയുള്ളൂ. മഹാന്‍മാരായ പണ്ഡിതന്‍മാര്‍ കാണിച്ചുതന്ന ജീവിതമാര്‍ഗമതാണ്. മുത്ത് നബിയുടെ തിരുമുഖം ഒരു സെക്കന്റ് സമയത്തേക്ക് എന്റെ മനസ്സില്‍ നിന്ന് മറഞ്ഞുനിന്നാല്‍ പിന്നെ മുസ്‌ലിമിന്റെ ശരീരമായി എന്റെ ശരീരത്തെ പരിഗണിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഇമാം ശാദുലി (റ) പറയുന്നു. നിസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള്‍ മുത്ത് നബിയെ പൂര്‍ണമായും മനസ്സില്‍ കൊണ്ടുവരണമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. അതിന് നബി(സ)യുടെ ഗുണഗണങ്ങളും ശരീര സവിശേഷതകളും നാം പഠിച്ചിരിക്കണം. ഉണര്‍വിലും ഉറക്കത്തിലും നബിയെ ദര്‍ശിക്കണമെങ്കില്‍ അതറിയല്‍ അനിവാര്യമാണ്. സത്യവിശ്വാസിക്ക് നിര്‍ബന്ധവുമാണത്. കാരണം ഇബ്‌ലീസിന്റെ ചതിപ്രയോഗത്തില്‍ പെട്ടുപോകാതിരിക്കാനാണത്. നബി(സ)യുടെ യഥാര്‍ഥ രൂപം പ്രാപിക്കാന്‍ ഇബ്‌ലീസിന് സാധിക്കുകയില്ല. എന്നാല്‍, സാമ്യമുള്ള രൂപം പ്രാപിച്ച് വിശ്വാസികളെ വഴിതെറ്റിക്കാന്‍ ഇബ്‌ലീസ് ശ്രമിക്കും. ഇവിടെ രക്ഷപ്പെടണമെങ്കില്‍ അവിടുത്തെക്കുറിച്ചുള്ള അറിവ് നിര്‍ബന്ധമാണ്. അതേസമയം, അവിടുത്തെ വിശേഷണങ്ങള്‍ തലതിരിച്ച് മനസ്സിലാക്കിയാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാകുമെന്ന് ഇമാം ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ)പറയുന്നു.

നബി(സ)യെ സ്വപ്‌നത്തില്‍ കാണ്ടാല്‍ അത് മുത്ത് നബിയെത്തന്നെയാണ് കണ്ടതെന്നും എന്നെ ഉറക്കില്‍ കണ്ടാല്‍ അവന്‍ ഉണര്‍ച്ചയിലും കാണുമെന്നും നബി തങ്ങള്‍ പഠിപ്പിക്കുന്നു. അവര്‍ ഇഹത്തിലും പരത്തിലും വിജയിക്കുമെന്നത് തീര്‍ച്ചയാണ്. എന്റെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്ത ലുബ്ധന്‍മാര്‍ക്ക് എന്റെ മുഖം കാണാന്‍ കഴിയില്ലെന്നും മറ്റൊരു ഹദീസില്‍ പഠിപ്പിക്കുന്നു.

ഉറക്കത്തിലും ഉണര്‍വിലും നബി തങ്ങളെ കണ്ട സംഭവങ്ങള്‍ നിരവധിയാണ്. മുഹ്‌യിദ്ദീന്‍ ശൈഖ് (റ) ഇല്‍മിന്റെ മജ്‌ലിസില്‍ ക്ലാസെടുക്കാന്‍ സ്തംഭിച്ചു നില്‍ക്കുന്ന സമയം നബി (സ) എത്തി ചോദിച്ചു. നീ എന്താ ഇവരോട് സംസാരിക്കാത്തത്? മുഹ്‌യിദ്ദീന്‍ ശൈഖ് പറഞ്ഞു: എനിക്ക് ഈ സാഹിത്യകാരന്‍മാരുടെ ഭാഷ വശമില്ല. അപ്പോള്‍ നബി (സ) പറഞ്ഞു. നീ വായ തുറക്കുക. എന്നിട്ട് നബി തങ്ങള്‍ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ വായയിലേക്ക് ഏഴ് തവണ ഉമിനീര് ഉറ്റിച്ച് കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇനി നീ സംസാരിക്കുക. തുടര്‍ന്ന് ഇല്‍മിന്റെ വലിയ സദസ്സുകളില്‍ മുഹ്‌യിദ്ദീന്‍ ശൈഖ് (റ) സംസാരിക്കാന്‍ തുടങ്ങിയെന്ന് ചരിത്രം.

ശത്രുക്കളുടെ ചോദ്യത്തിന് അവര്‍ക്ക് അനുകൂലമായ മറുപടി പറയാത്ത കാരണത്താല്‍ ഇമാം അഹ്മദ്ബ്‌നു ഹംബല്‍ (റ) വിനെ ശക്തമായ ആക്രമണത്തിന് വിധേയനാക്കിയ സന്ദര്‍ഭത്തില്‍ ഇമാം ശാഫിഈ(റ) നബി തങ്ങളെ സ്വപ്‌നത്തില്‍ കാണുന്നു. നബി തങ്ങള്‍ പറഞ്ഞു: അക്രമം സഹിച്ച് ദീന്‍ പ്രചരിപ്പിച്ചതിന് സ്വര്‍ഗമുണ്ടെന്ന് ഇമാം അഹ്മദ് (റ) വിനോട് സന്തോഷ വാര്‍ത്ത അറിയിക്കണം. സമാധാനിപ്പിക്കണം. ഇതനുസരിച്ച് ശാഫിഈ ഇമാം തന്റെ ശിഷ്യനെ വിട്ട് മഹാനവര്‍കളെ വിവരമറിയിക്കുകയും ചെയ്തു.
നബി (സ)യെ സ്വപ്‌നത്തിലെങ്കിലും കാണാന്‍, ആ പ്രസന്ന വദനം കണ്ട് സന്തോഷിക്കാന്‍ അല്ലാഹു നമുക്ക് ഭാഗ്യം നല്‍കട്ടെ, ആമീന്‍.