Connect with us

Kerala

ശബരിമല: എല്ലാ സാഹചര്യങ്ങളും നേരിടാന്‍ തയ്യാറെന്ന് ഡിജിപി; രാത്രി ആരെയും താമസിക്കാന്‍ അനുവദിക്കില്ല

Published

|

Last Updated

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ തയ്യാറെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രാത്രി ആരെയും താമസിക്കാന്‍ അനുവദിക്കില്ലെന്നും നട അടച്ചുകഴിഞ്ഞാല്‍ ഭക്തരെ സന്നിധാനത്ത് നിന്ന് തിരിച്ചിറക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലയ്ക്കലില്‍ പോലീസിന്റെ ഉന്നതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നിധാനത്ത് പോലീസിനും പുരോഹിതന്മാര്‍ക്കും മാത്രമേ തങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 700 സ്ത്രീകളാണ് ദര്‍ശനം നടത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഡിജിപി പറഞ്ഞു.

ശബരിമലയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാന്‍ ഇരിക്കെയാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ പ്രതിഷേധം ഇത്തവണയും ഉണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തേ ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. യോഗം യുഡിഎഫും ബിജെപിയും ബഹിഷ്‌കരിക്കുകയായിരുന്നു.