ബന്ധുവിനായി വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രി ജലീല്‍ ഇടപെട്ടു: പികെ ഫിറോസ്

Posted on: November 14, 2018 12:27 pm | Last updated: November 14, 2018 at 1:26 pm

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തിക ബന്ധുവിന് നല്‍കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി കെടി ജലീല്‍ ഇടപെട്ടുവെന്നതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്താന്‍ ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ കുറിപ്പ് നല്‍കി. 28-7-2016നാണ് കുറിപ്പ് നല്‍കിയത്.

ബന്ധുവായ അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കുറിപ്പെന്നും ഫിറോസ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ ഇത് മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടോയെന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ് സെക്രട്ടറിയായ എ ഷാജഹാന്‍ ഐഎഎസ് വിയോജനക്കുറിപ്പെഴുതി. കൂട്ടിച്ചേര്‍ക്കുന്നത് അധിക യോഗ്യതയായതിനാല്‍ മന്ത്രിസഭയുടെ മുന്നില്‍ വെക്കേണ്ടതില്ലെന്നും കാണിച്ച് മന്ത്രി ഇത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍ കൂട്ടിച്ചേര്‍ത്തത് അധിക യോഗ്യതയല്ല . അടിസ്ഥാന യോഗ്യതയാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പി്ച്ചാണ് ഇതില്‍ മന്ത്രി ഒപ്പ് വെപ്പിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം . ഇക്കാര്യത്തില്‍ സുതാര്യമായ അന്വേഷണം നടത്തുന്നതിന് മന്ത്രി ജലീല്‍ മാറി നില്‍കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.