Connect with us

Articles

പ്രവാചകന്മാരുടെ പവിത്രത

Published

|

Last Updated

നബി(സ)യും സ്വഹാബികളും ഒന്നിച്ചിരിക്കുന്ന സദസ്സിലേക്ക് ജിബ്‌രീല്‍(അ) വഹ്‌യുമായി വരുന്നു. അവിടുന്ന് മലക്കിനെ കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ സഹാബികള്‍ കാണുകയോ ആ ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നില്ല.
മണിനാദം മുഴങ്ങും പ്രകാരമുള്ള ശബ്ദത്തോടെ എനിക്ക് വഹ്‌യ് വരും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള അവസ്ഥ അതാണ്. ആ ശബ്ദത്തിലൂടെ മലക്ക് പറഞ്ഞത് ഞാന്‍ പഠിച്ചിരിക്കും. ചില സമയങ്ങളില്‍ മലക്ക് മനുഷ്യ രൂപത്തില്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും. എന്നിട്ട് പറയുന്നത് ഞാന്‍ ഹൃദിസ്ഥമാക്കും. (ബുഖാരി)
രണ്ട് രൂപത്തിലുള്ള വഹ്‌യിനെ കുറിച്ച് ഇമാം അസ്ഖലാനി(റ) വിവരിക്കുന്നുണ്ട്: “”രണ്ട് വ്യക്തികള്‍ക്കിടയില്‍ ആശയവിനിമയം സുസാധ്യമാകണമെങ്കില്‍ സംസാരിക്കുന്നവനും കേള്‍ക്കുന്നവനും തമ്മില്‍ ബന്ധം അനിവാര്യമാണ്. പ്രകൃതിപരമായി രണ്ട് തട്ടുകളില്‍ നില്‍ക്കുന്ന ജിബ്‌രീലും നബിയും ബന്ധം സ്ഥാപിക്കുന്നത് രണ്ട് രൂപത്തിലാണ്. നബി(സ) ആത്മീയമായി ഉയര്‍ന്ന് മലക്കിന്റെ സ്വഭാവം സ്വീകരിക്കലാണ് ഒന്ന്. മണിയടിക്കും ശബ്ദത്തില്‍ വഹ്‌യ് വരുന്നത് ആ സമയത്താണ്. ജിബ്‌രീല്‍(അ) മനുഷ്യ പ്രകൃതി സ്വീകരിക്കലാണ് മറ്റൊന്ന്. രണ്ടാമത്തെ രൂപത്തില്‍ അതാണുള്ളത്.””

ഖാളീ ഇയാള്(റ) ഇക്കാര്യം വിശദമാക്കുന്നത് ഇങ്ങനെ: അല്ലാഹുവിനും അവന്റെ സൃഷ്ടികള്‍ക്കുമിടക്കുള്ള മധ്യവര്‍ത്തികളാണ് അമ്പിയാ മുര്‍സലുകള്‍. അവന്റെ കല്‍പ്പനകളും വിലക്കുകളും വാഗ്ദാനങ്ങളും മുന്നറിയിപ്പുകളും അവര്‍ സൃഷ്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ആകയാല്‍ പ്രവാചകന്മാരുടെ ബാഹ്യവും ശരീരവും മനുഷ്യസ്വഭാവത്തിലുള്ളതാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന രോഗം, മരണം, നാശം മുതലായവ അരുടെ ശരീരങ്ങള്‍ക്കുമുണ്ടാകുന്നു. എന്നാല്‍, അവരുടെ ആത്മാവും ആന്തരികവും മനുഷ്യരെക്കാള്‍ ഉയര്‍ന്ന സ്വഭാവമുള്ളതും മലക്കുകളുടെ ഗുണങ്ങളോട് സാദൃശ്യമായതും മനുഷ്യപരമായ കോട്ടങ്ങളില്ലാത്തതുമാണ്. പ്രവാചകന്മാര്‍ മനുഷ്യ സ്വഭാവം മാത്രമുള്ളവരാണെങ്കില്‍ അവര്‍ക്ക് മലക്കുകളുമായി കൂടിക്കലരാനും സംഭാഷണം നടത്താനും കഴിയുമായിരുന്നില്ല. അവര്‍ തനി മലക്കിന്റെ സ്വഭാവത്തിലായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനും കഴിയില്ല. അതിനാല്‍, അവര്‍ക്ക് ബാഹ്യമായി മനുഷ്യപ്രകൃതിയും ആത്മീയമായി മലക്കുകളുടെ പ്രകൃതിയും നല്‍കപ്പെട്ടു.””

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കള്‍ക്ക് വഹ്‌യ്, ഇല്‍ഹാം, സവിശേഷ സിദ്ധി എന്നിവ മുഖേന അല്ലാഹു അദൃശ്യം അറിയിച്ചു കൊടുക്കും. സാധാരണക്കാര്‍ക്ക് ദൃശ്യം അറിയാന്‍ സ്വയം പര്യാപ്തത ഇല്ലാത്ത പോലെ അമ്പിയാക്കള്‍ക്ക് അദൃശ്യം അറിയാനും സ്വയം പര്യാപ്തത ഇല്ല. സാധാരണക്കാര്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ ദൃശ്യം അറിയാനുള്ള പക്വതയും പാകതയും അല്ലാഹു നല്‍കിയിട്ടുണ്ടെന്ന പോലെ അമ്പിയാക്കള്‍ക്ക് അവരുദ്ദേശിക്കുമ്പോള്‍ അദൃശ്യം അറിയാനുള്ള പക്വതയും പാകതയും അല്ലാഹു നല്‍കിയിട്ടുണ്ട്.

അമ്പിയാ മുര്‍സലുകള്‍ വിവിധ പദവികളിലുള്ളവരാണ്. അവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ മുഹമ്മദ് നബി(സ)യാണ്. അവരെ അനുസരിക്കുന്നതോടൊപ്പം അങ്ങേയറ്റം സ്‌നേഹിക്കുകയും ആ മഹത്വത്തെ അംഗീകരിക്കുകയും വാഴ്ത്തുകയും വേണം. വിശ്വാസത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളാണ് അത്. നബി(സ)യോടുള്ള അതിരറ്റ ആദരവും ബഹുമാനവും ഒരാളുടെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ അവന്റെ ഹൃദയത്തില്‍ ഈമാന്‍ പൂര്‍ണമായി സ്ഥലം പിടിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം.

സത്യസന്ധത, വിശ്വസ്തത, പാപസുരക്ഷിതത്വം, വെറുപ്പുളവാക്കുന്ന രോഗങ്ങളുണ്ടാകാതിരിക്കുക തുടങ്ങിയ വിശേഷണങ്ങളുള്ളവരാണ് പ്രവാചകന്മാര്‍ എന്ന് നാം വിശ്വസിക്കണം. കളവ്, വഞ്ചന, വാഗ്ദത്വലംഘനം, ഉത്തരവാദിത്വ ബോധമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ മേളിച്ചവരാണ് പ്രവാചകന്മാരെങ്കില്‍ അവരെ വിശ്വസിക്കാന്‍ കൊള്ളില്ലല്ലോ. പ്രവാചകന്മാരെ സംബന്ധിച്ച് ഇത് അസംഭവ്യമാണ്. അവര്‍ പരിശുദ്ധാത്മാക്കളാണ്. അതുകൊണ്ട് അവരില്‍ ദുര്‍ഗുണങ്ങള്‍ മേളിക്കുകയില്ല.

അമ്പിയാക്കളെ കേവലം സാധാരണ മനുഷ്യരായി സങ്കല്‍പ്പിക്കുന്നതും ശരിയല്ല. ഇത് ഇസ്‌ലാമിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ്.
കാരണം മലക്കുകളെ കാണാനും അവരുടെ ശബ്ദംകേള്‍ക്കാനും കഴിവുള്ളവരാണല്ലോ പ്രവാചകന്മാര്‍. അസാധാരണത്വം നിഷേധിക്കുന്നവര്‍ യഥാര്‍ഥത്തില്‍ എന്താണ് നിഷേധിക്കുന്നത് എന്ന് അവര്‍ ആലോചിച്ചിട്ടുണ്ടോ?

Latest