Connect with us

International

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ അടുത്ത മാസം 30ന്് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം ജനവിധി തേടുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം തവണയും മത്സരിക്കാനൊരുങ്ങുന്ന പ്രധാന മന്ത്രി ശൈഖ് ഹസീന 35 കാരനായ ക്രിക്കറ്റ് നായകന്റെ തിരഞ്ഞെടുപ്പു പോരാട്ടത്തിന് പച്ചക്കൊടി വീശിക്കഴിഞ്ഞതായി പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചു.സ്വന്തം ജന്മദേശമുള്‍പ്പെട്ട പശ്ചിമ ബംഗ്ലാദേശിലെ നരൈന്‍ ജില്ലയില്‍ നിന്നാണ് മൊര്‍താസ ജനവിധി തേടുക.

ക്രിക്കറ്റില്‍ സജീവമായ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിലക്കൊന്നുമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബി സി ബി) വക്താവ് ജലാല്‍ യൂനുസ് വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത് മൊര്‍താസയുടെ ഭരണഘടനാപരമായ അവകാശമാണെന്നും രാഷ്ട്രീയവും കളിയും ഒരുമിച്ചു കൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.