Connect with us

National

തെലുങ്കാന തിരഞ്ഞെടുപ്പ്: കോണ്‍. ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ ഡിസം: ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. 65 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രസി. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമിതി ജന. സെക്ര. മുകുള്‍ വാസ്‌നിക് പട്ടിക പുറത്തുവിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഢി ഹുസൂര്‍ നഗര്‍ മണ്ഡലത്തില്‍ ജനവിധി തേടും. എല്ലാ കോണ്‍. നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി (ടി ഡി പി) യുമായി പല സീറ്റുകളിലും സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആന്ധ്രപ്രദേശിന് കേന്ദ്രം പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയായ എന്‍ ഡി എ സഖ്യവുമായുള്ള ബന്ധം ടി ഡി പി നേരത്തെ വിച്ഛേദിച്ചിരുന്നു.

ബി ജെ പിയെ തറപറ്റിക്കുന്നതിന് രൂപവത്കരിച്ച വിവിധ പാര്‍ട്ടികളുടെ ഐക്യമുന്നണിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിരയിലെ നേതാക്കളെയെല്ലാം കണ്ട് ചര്‍ച്ച നടത്തിവരികയാണ് നായിഡു.

Latest