തിരുവനന്തപുരത്ത് മധ്യവയ്‌സ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Posted on: November 12, 2018 3:39 pm | Last updated: November 12, 2018 at 3:39 pm

തിരുവനന്തപുരം: കൊച്ചുവേളിയില്‍ മധ്യവയ്‌സ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി. വെട്ടുകാട് റോഡില്‍ ടൈറ്റാനിയം കമ്പനിക്ക് സമീപം കടല്‍തീരത്ത് താമസിക്കുന്ന കുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈയെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതായും വാക്കേറ്റത്തിനിടെ ഒപ്പമുണ്ടായിരുന്ന സംഘം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. അവശനിലയിലായ ജെറിഫൈയെ വീട്ടിലെ ഷെഡില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യയും മകനുമായി പിണങ്ങികഴിയുന്ന ജെറിഫൈ തനിച്ചാണ് താമസം.