Connect with us

National

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തിസ്ഗഢില്‍ സ്‌ഫോടനം

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിനിടെ സ്‌ഫോടനം. ദന്തേവാഡയില്‍ സുരക്ഷാ സേന താമസിക്കുന്ന ക്യാമ്പിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആളപായമില്ല. കഴിഞ്ഞദിവസം കന്‍കര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ബി എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു. പതിനാറ് ദിവസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. ആക്രമണങ്ങളില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ ഉള്‍പ്പെടെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ ചത്തിസ്ഗഢില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
തൊണ്ണൂറംഗ സഭയിലെ പതിനെട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണയായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി രമണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടാണ് പോരാട്ടം. ഇരു കക്ഷികള്‍ക്കും വെല്ലുവിളിയുയര്‍ത്തി മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ്- ബി എസ് പി സഖ്യവും മത്സരരംഗത്തുണ്ട്.

മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പന്ത്രണ്ട് മണ്ഡലങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെട്ടതാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. അര്‍ധസൈനിക വിഭാഗങ്ങളുള്‍പ്പെടെ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. വ്യോമസേന, ബി എസ് എഫ് ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കും. മാവോയിസ്റ്റ് ഓപറേഷനുകള്‍ക്കായി വിന്യസിച്ച ഇരുനൂറ് കമ്പനി അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് പുറമെയാണിത്. 4,336 ബൂത്തുകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് പത്ത് മണ്ഡലങ്ങളില്‍ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്ക് അവസാനിക്കും.

മുഖ്യമന്ത്രി രമണ്‍ സിംഗ് ആണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. മുന്‍ പ്രധാനമന്ത്രി വാജ്പയിയുടെ സഹോദര പുത്രി കരുണ ശുക്ലയാണ് എതിര്‍ സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനെത്തി. അഴിമതി, തൊഴിലില്ലായ്മ എന്നിവ ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.

---- facebook comment plugin here -----

Latest