Connect with us

Kerala

ലോണെടുത്ത് അടക്കാത്തവരില്‍ മുന്‍ എം ഡിയടക്കമുള്ള ലീഗ് നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ മുന്‍കാല ക്രമക്കേടുകള്‍ പുറത്ത്. ലോണെടുത്ത് പണം തിരിച്ചടക്കാത്തവരില്‍ മുന്‍ മാനേജിംഗ് ഡയറക്ടറടക്കമുള്ള ലീഗ് നേതാക്കളെന്ന വിവരമാണ് പുറത്തായത്. 2013ല്‍ കോര്‍പറേഷന്‍ നിലവില്‍ വന്നത് മുതല്‍ 2016 വരെയുള്ള കാലയളവില്‍ എം ഡിയായി സേവനമനുഷ്ഠിച്ച മുഹമ്മദ് ഹനീഫ പെരിഞ്ചീരി ഉള്‍പ്പടെയുള്ളവരാണ് ലക്ഷങ്ങള്‍ ലോണെടുത്ത ശേഷം തിരിച്ചടവില്‍ വീഴ്ച വരുത്തിയത്. മുന്‍ ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ബന്ധു കൂടിയായ ഹനീഫ കോര്‍പറേഷനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ എംപ്ലോയീസ് ലോണെടുത്ത ശേഷമാണ് തിരിച്ചടവില്‍ വീഴ്ച വരുത്തിയത്. 14 തവണയായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നിലവില്‍ മലപ്പുറം മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ് ഹനീഫ.

ലോണെടുത്ത് ഒരു രൂപ പോലും തിരിച്ചടക്കാത്ത ലീഗ് നേതാക്കളുമുണ്ട് ഇക്കൂട്ടത്തില്‍. കോട്ടക്കല്‍ നഗരസഭയില്‍ മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അഡീഷനല്‍ പി എയുമായിരുന്ന സാജിദ് മങ്ങാട്ടില്‍ ലോണെടുത്ത ശേഷം ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. ബിസിനസ് ഡെവലപ്‌മെന്റ് ലോണായി അഞ്ച് ലക്ഷം രൂപ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്നും കൈപ്പറ്റിയ സാജിദ് ഒരു ചില്ലിക്കാശു പോലും തിരിച്ചടച്ചില്ല.

സ്വയം തൊഴില്‍ വായ്പയായി തവനൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അബ്ദുല്‍ ജലീല്‍ മൂന്ന് ലക്ഷം രൂപ കോര്‍പറേഷനില്‍ നിന്ന് കൈപ്പറ്റിയ ശേഷം 25 തവണത്തെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. നിലമ്പൂര്‍ നഗരസഭാ ലീഗ് കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയുടെ ഭാര്യ അഞ്ച് ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പയായി എടുത്ത ശേഷം തിരിച്ചടവ് 27 തവണയായി മുടങ്ങിക്കിടക്കുന്നു. കൊടുവള്ളി സ്വദേശിയും പ്രവാസി ലീഗ് നേതാവുമായ പാണരക്കണ്ടി ശംസുദ്ധീന്‍ പ്രവാസി ലോണായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില്‍ 30 തവണ തിരിച്ചടവ് തെറ്റിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ വായ്പയായി മൂന്ന് ലക്ഷം രൂപ വാങ്ങിയ പാലക്കാട് കോട്ടപ്പുറത്തെ ലീഗ് പ്രാദേശിക നേതാവ് കെ ഉമ്മറും 30 തവണ തിരിച്ചടവ് തെറ്റിച്ചിട്ടുണ്ട്. മലപ്പുറം വെട്ടം പഞ്ചായത്തിലെ ലീഗ് ഭാരവാഹി സി കെ ഹുസൈന്‍ സ്വയം തൊഴില്‍ വായ്പയായി രണ്ട് ലക്ഷം രൂപ വാങ്ങിയിട്ട് 38 തവണയാണ് തിരിച്ചടവ് തെറ്റിച്ചത്. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി സിജിത്ത് ഖാന്‍ സ്വയം തൊഴില്‍ വായ്പയായി 2.75 ലക്ഷം രൂപ വാങ്ങിയതില്‍ 28 തവണയും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

മുന്‍ സര്‍ക്കാറിന്റെ കാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് മറ്റ് വ്യക്തികളുടെ പേരില്‍ ബിനാമിയായി ലോണ്‍ തരപ്പെടുത്തിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വായ്പയെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ലോണെടുത്ത ശേഷം ലീഗ് നേതാക്കള്‍ കൂട്ടത്തോടെ തിരിച്ചടവ് മുടക്കുന്ന വിവരം പുറത്തായത്. മറ്റ് ജില്ലകളില്‍ നിന്ന് ലോണെടുത്തവരുടെ വിവരങ്ങളും കോര്‍പറേഷന്‍ പരിശോധിച്ചുവരികയാണ്.

Latest