വിശാല സഖ്യത്തിനായി വീണ്ടും പ്രതിപക്ഷ നീക്കം; ഈ മാസം 22ന് യോഗം

Posted on: November 12, 2018 9:14 am | Last updated: November 12, 2018 at 11:08 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന് വേണ്ടി പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം ഈ മാസം 22ന് ഡല്‍ഹിയില്‍ ചേരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു വിന്റെ നേതൃത്വത്തിലാണ് വിശാല സഖ്യത്തിനുള്ള പുതിയ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷകക്ഷികള്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷം സാധ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസവും നായിഡു അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ബി ജെ പിക്കെതിരെ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അദ്ദേഹം കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കുകയുമുണ്ടായി. ബി ജെ പിയെ എതിര്‍ക്കുന്ന എല്ലാവരും തങ്ങളോടൊപ്പം ചേരണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനായി ഈ മാസം 22ന് യോഗം ചേര്‍ന്ന് മുന്നോട്ടുപോകുന്നതിന് ഒരു പദ്ധതി തയ്യാറാക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കഴിഞ്ഞ ആഴ്ച ചന്ദ്രബാബു നായിഡു നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി എം കെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ജെ ഡി എസ് നേതാവ് ദേവെ ഗൗഡ, ബി എസ് പി നേതാവ് മയാവതി, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍, സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എന്‍ സി പി നേതാവ് ശരത് പവാര്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തി.

അതേസമയം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേരത്തെ വിശാല സഖ്യത്തിനായി അണിചേര്‍ന്നിരുന്ന മുഴുവന്‍ പാര്‍ട്ടികളും ഇക്കുറിയും യോഗത്തിനെത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികള്‍ ആരും തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് വിവരം.
സി പി എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, നിലവില്‍ ബി ജെ പിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള വികാരം മുതലെടുക്കണമെങ്കില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകണമെന്ന വികാരം പൊതുവേ പാര്‍ട്ടികള്‍ക്കിടയിലുണ്ട്.