Connect with us

Kerala

നിയമന വിവാദം: ജി സുധാകരന്റെ ഭാര്യ രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു. സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറ്കടര്‍ സ്ഥാനത്ത് നിന്നാണ് രാജി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ നിയമനത്തെ കുറിച്ച് മന്ത്രി സുധാകരന് അറിവുണ്ടായിരുന്നില്ല. പത്രപരസ്യം കണ്ടാണ് അപേക്ഷിച്ചത്. നിരവധി പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മതിയായ യോഗ്യത ഉണ്ടായത് കൊണ്ടാണ് തനിക്ക് നിയമനം ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.

കോളജ് അധ്യാപികമായി വിരമിച്ച ജൂബിലി നവപ്രഭയെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഇതിന് ശേഷം ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത് വിവാദമാകുകയും ചെയ്തിരുന്നു.

മണ്‍വിളയില്‍ ഫാക്ടറിക്ക് തീയിട്ടത് ജീവക്കാരെന്ന് സ്ഥിരീകരിച്ച് പോലീസ്

ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരത്തില്‍

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായാണ് ഇവര്‍ സ്ഥാപനത്തിന് തീവച്ചതെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തീവെച്ചത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കെട്ടിടത്തിന്റെ മുകളിലെ സ്റ്റോര്‍ മുറിയില്‍ നിന്നാണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക് സാധനങ്ങള്‍ പാക്കുചെയ്യുന്ന കവറില്‍ ലൈറ്റര്‍കൊണ്ട് വിമല്‍ തീകൊളുത്തി ഇടുകയായിരുന്നു. വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് ബിനുവായിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുമണിവരെയാണ് ബിനുവിന്റെയും വിമലിന്റെയും ജോലി സമയം. ജോലി കഴിഞ്ഞ് ലൈറ്റ് അണച്ച ശേഷം സ്റ്റോര്‍ റൂമിന് സമീപത്തെത്തി തീകൊളുത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പോലീസ് അറിയിച്ചു.
ഫാക്ടറിയിലെ എക്കണോമിക് സ്റ്റോറിലെ സഹായികളായാണ് ഇരുവരും ജോലി ചെയ്യുന്നത്. ഫാക്ടറിയിലെ സി സി ടി വി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. സംഭവം നടന്നതിന് പിന്നാലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികളായ രണ്ടുപേരെയും ചോദ്യംചെയ്തതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ടായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിമലിനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. പ്രതികളിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്ന് ജീവനക്കാരില്‍ ഒരാള്‍ പോലീസിന് മൊഴിയും കൊടുത്തിരുന്നു.
മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് അഗ്നിരക്ഷാസേനയും വെളിപ്പെടുത്തിയിരുന്നു. തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ആറുമണിക്കുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില വ്യക്തികള്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങുന്നതു കണ്ടതായി സേനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരാള്‍ മറ്റൊരാളുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോകുന്നതായും ഒരാള്‍ ക്യാമറയിലേക്ക് നോക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കിയിരുന്നു. അഗ്നി രക്ഷാസേനയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സേനാ മേധാവിക്കു സമര്‍പ്പിക്കും. സേനയിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതരസംസ്ഥാനതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തീപിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞ് ഇവര്‍ മൂന്നാം നിലയിലെ സ്റ്റോറിലേക്കു കയറുന്ന സി സി ടി വി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തത്. തീപിടിത്തം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ഇവര്‍ ആദ്യം തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നു.
ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുമ്പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. തുടരെയുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇതോടെയാണ് പോലീസിനുണ്ടായത്. തീപിടിത്തവുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നേരത്തെ പോലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് സൈബര്‍ പോലീസിനു കൈമാറുകയും ചെയ്തു.
31 ന് രാത്രി ഏഴിനും ഏഴേകാലിനും ഇടയില്‍ തീപിടിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. 15 മിനിറ്റിനുള്ളില്‍ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി. സെപ്തംബര്‍ 29 നും ഫാക്ടറിയില്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ സേന ശേഖരിച്ചു. തീ കത്തിപ്പടരുന്നതും കെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സാവധാനത്തിലാണ് തീ പടരുന്നത്. എന്നാല്‍ രണ്ടാമതു തീപിടിത്തമുണ്ടായപ്പോള്‍ വേഗത്തിലാണ് രണ്ടു കെട്ടിടങ്ങള്‍ കത്തിനശിച്ചത്. ഇതാണ് അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്ന് ആദ്യം തന്നെ നിഗമനത്തിലെത്തിയത്.
ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഡി സി പി. ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ സിറ്റി അസി. കമ്മിഷണറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ കസ്റ്റഡിയിലാണ്. 31 ന് വൈകിട്ട് ഉണ്ടായ തീപിടിത്തം പിറ്റേന്ന് പുലര്‍ച്ചെയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.