Connect with us

Book Review

ഭഗവാന്‍ ഗിദ്വാനിയുടെ ടിപ്പു സുല്‍ത്താന്‍

Published

|

Last Updated

ദി സോര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ -ഭഗവാന്‍ ഗിദ്വാനി

ക്ഷേത്ര ധ്വംസകനാണോ ടിപ്പു? ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ച ടിപ്പുവിനെ ക്ഷേത്ര ധ്വംസകനാകുന്നത് എന്തിന് വേണ്ടിയാണ്? മറുപടിയുണ്ട്; ഭഗവാന്‍ ഗിദ്വാനിയുടെ ടിപ്പുവിന്റെ വാള്‍ എന്ന പുസ്തകത്തില്‍. ആ സ്വാതന്ത്ര്യസമര സേനാനിയുടെ ജീവചരിത്രത്തെ വര്‍ഗീയ ഫാസിസ്റ്റ് താത്പര്യങ്ങള്‍ക്കനുസൃതം ദുര്‍വ്യാഖ്യാനിക്കുന്ന ചരിത്ര കോപ്രായങ്ങള്‍ക്കും വിരോധാഭാസങ്ങള്‍ക്കുമുള്ള ചുറ്റികയടിയാണ് ഗിദ്വാനിയുടെ ഈ രചന. ടിപ്പു സുല്‍ത്താന്റെ യഥാര്‍ഥ ജീവചരിത്രം തുറന്നുകാട്ടുന്ന ഗിദ്വാനിയുടെ ഉദ്യമം ധീരമാണ്. വിശാലമായ ഗവേഷണ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം രചന ആരംഭിക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരെയാണ് ഗിദ്വാനി സംബോധന ചെയ്യുന്നത്.
രചനയുടെ ലക്ഷ്യം ഗിദ്വാനി വിവരിക്കുന്നത് കാണുക. “പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്ര വ്യാഖ്യാനങ്ങള്‍ ടിപ്പു സുല്‍ത്താനെ കൊടുംവില്ലനായി ചിത്രീകരിച്ചത് മുതല്‍ ഇന്നുവരെ ഒരാളും ആ ജീവിതത്തിലെ വിവിധ സംഭവങ്ങളെയും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സാമാന്യ രൂപത്തെയും സംബന്ധിച്ച് ശരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. പിന്നീട് വന്ന എഴുത്തുകാരാവട്ടെ, ആ വ്യാഖ്യാതാക്കളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച ദുര്‍വ്യാഖ്യാനങ്ങളെ അപ്പടി സ്വീകരിച്ച് തൃപ്തിയടയുകയായിരുന്നു.” ടിപ്പുവിനെതിരെയുള്ള കടന്നാക്രമണങ്ങള്‍ തുടരുന്ന കാലത്ത് പേര്‍ത്തും പേര്‍ത്തും വായിക്കേണ്ട രചനയാണ് ഗിദ്വാനിയുടെത്.
പ്രശസ്തമാണ് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം. ടിപ്പുവിന്റെ സൈന്യം ക്ഷേത്രത്തിലും അമ്പലപ്പറമ്പിലും അഭയം തേടിയവരെ ഉന്നംവെച്ച് പീരങ്കി വെടിയുതിര്‍ക്കുകയും ഗോപുരവും മതിലും തകര്‍ക്കുകയും ചെയ്തുവെന്നാണ് “വികല ചരിത്രകാരന്മാര്‍” പറയുന്നത്. ഈ സംഭവവികാസങ്ങള്‍ 1781ലെ രണ്ടാം ആംഗ്ലോ- മൈസൂര്‍ യുദ്ധത്തിലാണ് അരങ്ങേറുന്നത്. അന്ന് രാജകുമാരന്‍ മാത്രമായിരുന്നു ടിപ്പു. ഈ സംഭവത്തില്‍ ടിപ്പുവിന് ഒരു ബന്ധവുമില്ല. ആംഗ്ലോ- മൈസൂര്‍ യുദ്ധത്തില്‍ ഹൈദര്‍ അലിയുടെ പടനായകന്‍ സര്‍ദാര്‍ ഖാന്‍ ബ്രിട്ടീഷുകാരുടെ തലശ്ശേരി ഫാക്ടറി ആക്രമിച്ച് മയ്യഴി, കുറിച്ചി, വടകര എന്നിവിടങ്ങളില്‍ സ്വാധീനം ഉറപ്പിച്ചപ്പോള്‍ മേജര്‍ കൊട്ട്‌ഗ്രെവിനും അനുയായികള്‍ക്കും മേഖലയിലെ സ്വാധീനം നഷ്ടമായി. ഈ അവസരത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മേജര്‍ അബിംഗ്ടന്‍ ബോംബെയില്‍ നിന്ന് റിവഞ്ച് എന്ന കപ്പലില്‍ തലശ്ശേരിയില്‍ എത്തി. അദ്ദേഹം തന്ത്രപരമായി തിരുവങ്ങാട്ട് അമ്പലത്തില്‍ നിരവധി പീരങ്കികള്‍ വെച്ചു. 1781ല്‍ അബിംഗ്ടന്‍ സര്‍ദാര്‍ ഖാനെ നേരിട്ടു. ഇതാണ് ചരിത്രം. തലശ്ശേരി ഫാക്ടറി രേഖകളിലേയും അബിംഗ്ടന്‍ ഡയറി നമ്പര്‍ 1516ലേയും വിവരങ്ങള്‍ ഇതിന് തെളിവാണ്. തിരുവങ്ങാട് ക്ഷേത്രം തകര്‍ത്തത് ആരെന്ന് തെളിയിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പെലെ 1797 ജനുവരി ഏഴിനും എട്ടിനും ബ്രിട്ടീഷ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കാണാം. 1781ന് ശേഷം തിരുവങ്ങാട് ക്ഷേത്രത്തിന് സമാന അക്രമം നേരിടേണ്ടി വന്നത് 1797ലെ പഴശ്ശി യുദ്ധങ്ങളിലാണ്. അന്ന് കൈതേരി അമ്പുവിന്റെ മാനന്തെരിയിലുള്ള മണ്‍കോട്ടയും മതില്‍കെട്ടിയ വീടും തകര്‍ക്കാന്‍ ലെഫ്. വാര്‍ഡന്‍, ക്യാപ്റ്റന്‍ ബൗമന്‍ എന്നിവരുടെ സൈന്യം പുറപ്പെട്ടു. അമ്പുവിന്റെ പടയാളികള്‍ അവരെ തുരത്തുകയും മാനന്തെരിക്ക് സമീപം ക്ഷേത്രത്തെ സൈനിക കേന്ദ്രമാക്കി യുദ്ധം ചെയ്ത ബൗമന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവരെ സഹായിക്കാന്‍ എത്തിയ ക്യാപ്റ്റന്‍ ലോറന്‍സ് പള്ളി കേന്ദ്രമാക്കി യുദ്ധം ചെയ്‌തെങ്കിലും വിജയിക്കാനായില്ല. പിന്നീട് ഇവരെ സഹായിക്കാന്‍ തലശേരിയില്‍ നിന്നും പുറപ്പെട്ട രണ്ട് സംഘങ്ങള്‍ ക്യാപ്റ്റന്‍ ഹൗഡന്റെയും ഫിറ്റ്‌സ് ജെറാള്‍ഡിന്റെയും സൈന്യം ആയിരുന്നു. ഈ സംഘം തിരുവങ്ങാട്ട് ക്ഷേത്രം പിടിച്ചെടുത്ത് സൈനികരെയും മറ്റും ഒരുക്കി നിന്നാണ് പുറപ്പെട്ടത് എന്ന് കാണാം. ഇതിന്റെ രേഖകളും വിവരങ്ങളും നാഷനല്‍ ആര്‍ക്കൈവിലെ ഫോറിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പൊളിറ്റിക്കല്‍ കണ്‍സള്‍േട്ടഷന്‍സ് എന്നിവിടങ്ങളില്‍ കാണാം.

ചരിത്രത്തില്‍ രണ്ട് തവണയാണ് മൈസൂര്‍ സൈന്യം തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. ഒന്ന് ഹൈദര്‍ അലിയുടെ കാലത്തും മറ്റൊന്ന് ടിപ്പുവിന്റെ കാലത്ത് 1789ലെ തിരുവിതാംകൂര്‍ യുദ്ധത്തെ തുടര്‍ന്നും. ക്ഷേത്ര ഗ്രന്ഥവരിയിലെ വിവരണങ്ങളില്‍ ഹൈദറും ടിപ്പുവും താവളം അടിച്ചു എന്നല്ലാതെ ക്ഷേത്രം ആക്രമിച്ചതായോ നശിപ്പിച്ചതായോ രേഖകളോ പൂജാരിയുടെ ദൃക്‌സാക്ഷി വിവരണമോ രേഖപ്പെടുത്തുന്നില്ല. പക്ഷെ ചരിത്രം വന്നെത്തി നില്‍ക്കുന്നത് ക്ഷേത്രം തകര്‍ത്തു എന്ന രീതിയില്‍ ആണ്. പൂജാരിയുടെ വിവരണം ഇങ്ങനെയാണ്. “ഹൈദറും സൈന്യവും വടക്കുന്നാഥ ക്ഷേത്രത്തിന് സമീപം തമ്പടിച്ചതിന് പിറ്റേ ദിവസം 27ാം തീയതി കാലത്ത് എല്ലാവരും കൂടി ത്രിശ്ശിവപേരൂര്‍ക്ക് വന്ന് വടക്കെ നട തുറന്നപ്പോള്‍ ക്ഷേത്രത്തിന്റെ വകയിലുള്ള പാത്രങ്ങളും പുറമേ ഉള്ളതൊന്നും കൊണ്ടു പോയിട്ടില്ല. ശ്രീകോവില്‍ ഒന്നും തുറന്നിട്ടില്ല. 27, 28, 29 തീയതികളില്‍ അശുദ്ധികള്‍ ഒക്കെയും നീക്കി 30ാം തീയതി പശുദാനവും പുണ്യാഹവും കഴിച്ച് പൂജയും അടിയന്തരങ്ങളും തുടങ്ങുകയും ചെയ്തു. മതില്‍ക്കകത്തു അശുദ്ധിയും ഒരു ഏറ്റക്കുറച്ചിലും വന്നിട്ടില്ല എന്നുമാണ്.” വടക്കുന്നാഥന്‍ ക്ഷേത്ര സമീപത്ത് കൂടി ടിപ്പു കടന്നു പോയാല്‍ ബഹുമാനാര്‍ഥം തൊപ്പി ഊരി മാറ്റുമായിരുന്നു എന്ന ചരിത്രം പ്രസിദ്ധമാണ്. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രവും ടിപ്പുവിന്റെ അതിഭീകരമായ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട് ഭക്തര്‍ക്ക് നടയടച്ചു രാത്രി രക്ഷപ്പെടേണ്ടി വന്നുവെന്നാണ് പ്രചാരണം. തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്രയാര്‍. 1776ല്‍ ആണ് ഈ പറയപ്പെടുന്ന സംഭവം അരങ്ങേറുന്നത്. അന്ന് നടയടക്കാനുള്ള കാരണം, അവസാന പൂജക്ക് ശേഷം ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഉപചാരമര്‍പ്പിച്ച് നടത്തിയ വെടിക്കെട്ടിനെ തുടര്‍ന്നാണ്. ഇത് പിന്നീട് സുല്‍ത്താന്‍ വെടി എന്നറിയപ്പെട്ടു. സംഭവങ്ങള്‍ക്ക് ശേഷം ടിപ്പു നൂറ് ഏക്കറിലധികം ഭൂമിയാണ് ക്ഷേത്രത്തിന് ദാനം ചെയ്തത്. ഈ വസ്തുതകളെയാണ് ഫാസിസ്റ്റുകള്‍ വര്‍ഗീയവത്കരിക്കുന്നത് (കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ 123 പേജ് നമ്പര്‍ ആറ് പരിശോധിക്കുക).

മലപ്പുറം മഞ്ചേരിയിലെ മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം ടിപ്പുവിന്റെ വാള്‍ത്തലപ്പിനിരയായി എന്ന് പറയപ്പെടുന്നു. ചരിത്ര വസ്തുതകള്‍ പരിശോധിക്കുകയാണങ്കില്‍ 1784ല്‍ ആണ് ക്ഷേത്രം തകര്‍ക്കപ്പെടുന്നത് എന്ന് കാണാം. ഈ സംഭവത്തിന് ടിപ്പുവുമായി യാതൊരു പങ്കുമില്ല. കരംപിരിവുകാരനായ അത്തന്‍ മൊയീന്‍, അല്ലെങ്കില്‍ മഞ്ചേരി ഗുരുക്കള്‍ എന്ന് അറിയപ്പെടുന്ന അത്തന്‍ ഗുരുക്കളാണ് ഈ അക്രമത്തിന് പിന്നില്‍. 1784ല്‍ കരം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അത്തന്‍ ഗുരുക്കളും സംഘവും മഞ്ചേരി രാജക്കെതിരെ തിരിഞ്ഞു. പിന്തിരിയാനുള്ള ടിപ്പു കല്‍പ്പന അത്തന്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് ടിപ്പുവും അത്തനും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. 1784ല്‍ ഇത് കലാപമായി. മഞ്ചേരി രാജയുടെ കോവിലകം ഇടിച്ചു നിരപ്പാക്കി, രാജയുടെ കീഴിലുള്ള മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം അത്തന്‍ ആക്രമിച്ചു. തുടര്‍ന്ന് രാജയെ സഹായിക്കാന്‍ ടിപ്പുവിന്റെ വക്കീലും വിശ്വസ്തനുമായ ഗുലാം അലി ഖാനും സംഘവും ശ്രീരംഗപട്ടണത്ത് നിന്ന് എത്തി, അത്തനെയും സംഘത്തെയും കീഴടക്കി. അത്തനെയും മകനെയും ശ്രീരംഗപട്ടണത്ത് കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും ഏതാനും മാപ്പിളമാരെ വധിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ടിപ്പു സുല്‍ത്താന്‍ കരം ഒഴിവാക്കി. 194.51 ഏക്കര്‍ ഭൂമി ക്ഷേത്രത്തിന് ദാനം ചെയ്തു (കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ് ഇനാം രജിസ്റ്റര്‍ 122 പേജ് നമ്പര്‍ അഞ്ച്). കരം പിരവിന്റെ പേരില്‍ ക്ഷേത്ര ധ്വംസനം നടത്തിയ നാട്ടുപ്രമാണിയെ അറസ്റ്റ് ചെയ്ത് പരിഹാരമായി ഭൂമി ദാനം ചെയ്ത ടിപ്പുവിനെയാണ് ചരിത്രം വര്‍ഗീയഭ്രാന്തനാക്കുന്നത്!
കണ്ണൂരിലെ മണത്തന ക്ഷേത്രനഗരിയിലെ 50ഓളം ക്ഷേത്രങ്ങള്‍ ടിപ്പു കല്ലിന്മേല്‍ കല്ല് അവശേഷിപ്പിക്കാതെ നശിപ്പിച്ചതായി പറയപ്പെടുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ടിപ്പുവും മണത്തന ക്ഷേത്രവും തമ്മിലുള്ള ബന്ധം അജ്ഞാതമാണ്. ടിപ്പുവും സൈനികരും ഇവിടെ പ്രവേശിച്ചതായി പോലും തെളിവില്ല. ടിപ്പു മലബാര്‍ വിട്ടതിന് ശേഷം 1792ല്‍ ആണ് തകര്‍ക്കല്‍ സംഭവം. ടിപ്പുവിന്റെ മരണം 1799ലാണ്. എന്നാല്‍, 1800 വരെ ഈ ക്ഷേത്രം നിലനിന്നതായി കാണാം. 1800 ഒക്ടോബര്‍ 10ന് വിശ്വസ്തന്‍ ആയില്യത്ത് നമ്പ്യാര്‍ക്ക് പഴശ്ശി രാജ എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത് “മണത്തനയിലെത് ഭഗവതിക്കും പെരുമാള്‍ക്കും എതിരെ മാത്രമുള്ള യുദ്ധമായതിനാല്‍ കമ്പനിക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു” എന്നാണ്. നാഷനല്‍ ആര്‍ക്കൈവിലെ ഫോറിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടെഷന്‍സിലെ പഴശ്ശിയും കൂടാളിയിലെ കല്യാടന്‍ കുഞ്ഞമ്മനും തമ്മിലുള്ള കത്ത് വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
പ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തേയും ടിപ്പു വെറുതെ വിട്ടില്ലെന്ന് ഫാസിസ്റ്റ് ചരിത്രകാരന്മാര്‍ വിഴുപ്പലക്കുന്നത് തെളിവിന്റെ തെളിച്ചത്തോടെയല്ല. 1789ലെ തിരുവിതാംകൂര്‍ യുദ്ധത്തെ തുടര്‍ന്ന് ക്ഷേത്രം ആക്രമിക്കുമെന്ന ഭയത്താല്‍ മല്ലിശേരിയും കക്കാട് ഒതിയനും ഗുരുവായൂര്‍ ക്ഷേത്ര വിഗ്രഹം അമ്പലപ്പുഴയിലേക്ക് മാറ്റി എന്നത് ശരിയാണ്. പക്ഷേ തകര്‍ത്തു എന്ന രീതിയില്‍ പ്രചരിക്കപ്പെടുന്ന ചരിത്രം ശുദ്ധ നുണയാണ്. ചരിത്രത്തില്‍ രണ്ട് തവണ ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ടിപ്പുവിന്റെ കാരണം കൊണ്ടല്ല അവയൊന്നും. 1715- 16 കാലത്ത് സാമൂതിരിക്കെതിരെ ഡച്ച് കമാന്‍ഡര്‍ ബേക്കര്‍ ജേക്കബും കൊച്ചി രാജന്‍ രാമ വര്‍മ അഞ്ചാമനും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തിലാണ് ആദ്യമായി ക്ഷേത്രം തകര്‍ക്കപ്പെട്ടത്. 1755ല്‍ ഡച്ച്- കൊച്ചി സംയുക്ത ആക്രമണത്തില്‍ തൃക്കണമതിലകം, കൊടുങ്ങല്ലൂര്‍, ചേറ്റുവ മുതലായ പ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ ക്ഷേത്രവുമായി ടിപ്പുവിനുള്ള ബന്ധം കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്ററും ദേവസ്വം ആര്‍ക്കൈവിലെ രേഖകളും പരിശോധിച്ചാല്‍ വ്യക്തമാകും. 1786ല്‍ ക്ഷേത്രത്തിനായി 46.02 ഏക്കര്‍ കൃഷി നിലം ടിപ്പു ദാനം ചെയ്തിരുന്നു. കൂടാതെ നിത്യ പൂജകള്‍ക്കും മറ്റുമായി 8000 പഗോഡ വാര്‍ഷിക ഇനാമായി നല്‍കി. ഈ തുക വര്‍ഷാവര്‍ഷം നല്‍കാന്‍ ടിപ്പു ചന്ദനപ്പറമ്പില്‍ അവറൊസുകുട്ടി മൂപ്പന്‍ എന്ന ചാവക്കാട് സ്വദേശിയായ ഉദ്യോഗസ്ഥനെ നിയമിച്ചു. തിരുവഞ്ചിക്കുളത്തിനടുത്താണ് ത്രിപ്പൈക്കുളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പു നശിപ്പിച്ചതായി പറയപ്പെടുന്ന ഈ ക്ഷേത്രം 1715, 1755 കാലത്ത് കൊച്ചിയുടെയും ഡച്ചുകാരുടെയും ആക്രമണത്തിലാണ് തകര്‍ന്നത്. ക്ഷേത്രത്തിന് തീകൊളുത്തി, ശിവലിംഗം ഡച്ചുകാര്‍ കൊച്ചി തുറമുഖത്ത് കപ്പലിന്റെ നങ്കൂരം ഉറപ്പിക്കാനുള്ള കുറ്റിയായി ഉപയോഗിച്ചു.
ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവിനെ ക്ഷേത്ര ധ്വംസകനാക്കി തീര്‍ക്കേണ്ടത് അനിവാര്യമായിരുന്നു. തോല്‍പ്പിക്കുക എളുപ്പമല്ലന്ന് മനസ്സിലാക്കിയപ്പോഴാണ് ദുഷ്പ്രചാരണങ്ങള്‍ ആയുധമാക്കുന്നത്്. ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് തകര്‍ക്കുക എന്നത് മൈസൂര്‍ സുല്‍ത്താന്റെ നയമായിരുന്നില്ല. തകര്‍ത്തു എന്ന് ആരോപിക്കപ്പെടുന്ന പല ക്ഷേത്രങ്ങളും ടിപ്പു ഇനാം നല്‍കി സംരക്ഷിച്ചു പോന്നതായി രേഖകള്‍ വെളിവാക്കുന്നു. ചന്ന പട്ടണത്തിലുള്ള ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയാണ് ടിപ്പുവിന്റെ അന്ത്യദിനമായ 1799 മെയ് നാല് ആരംഭിക്കുന്നത്. മൈസൂരില്‍ 200ലേറെ ക്ഷേത്രങ്ങള്‍ ടിപ്പുവിന്റെ മേല്‍നോട്ടത്തില്‍ സംരക്ഷിച്ചു പോന്നു. മലബാറില്‍ ഭൂമി സര്‍വേ നടത്തി നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ക്ഷേത്ര വക നീക്കിവെച്ച്, ബാക്കിയുള്ളവ മാത്രമാണ് സര്‍ക്കാറില്‍ ചേര്‍ത്തത്. പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി ഉള്‍പ്പെടെ നൂറിന് മുകളില്‍ ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും ടിപ്പു ഇനാമുകള്‍ നല്‍കി സംരക്ഷിച്ച് പോന്നതായി രേഖകള്‍ മുമ്പില്‍ വെച്ച് ഗിദ്വാനി സമര്‍ഥിക്കുന്നു.
ഫ്രഞ്ച് ഗവേഷകന്റെ വാക്കുകള്‍ ഗിദ്വാനി ഉദ്ധരിക്കുന്നുണ്ട്. “ശത്രുവിനോട് മാപ്പ് പറഞ്ഞ് കീഴടങ്ങിയ പരാജിതരായ രാജാക്കന്മാരാണ് ചരിത്രത്തിലേറെയും. പക്ഷേ, നിങ്ങളുടെ ടിപ്പു സുല്‍ത്താന്‍ സ്വന്തം നാടിന് വേണ്ടി യുദ്ധക്കളത്തില്‍ പൊരുതി മരിച്ചയാളാണ്”. ടിപ്പുവിനെ ഇകഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന ഫാസിസ്റ്റ് ഭ്രാന്തന്മാര്‍ക്കുള്ള വായടപ്പന്‍ മറുപടിയാണ് ഈ വാക്കുകള്‍.

Latest