പ്രണയമാണ് പ്രമാണം

വഴിവിളക്ക്
Posted on: November 11, 2018 4:30 pm | Last updated: November 23, 2018 at 10:01 pm

ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ കൊല്ലത്തെ സഫര്‍ മാസം ഒടുക്കനാളുകളിലൊന്നില്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോള്‍ ആകെക്കൂടി ഒരു മാറ്റം. മുറ്റവും പറമ്പും അടിച്ചുവാരി/ ചെത്തിമിനുക്കി പഷ്ടാക്കി വെച്ചിരിക്കുന്നു. വീടിന്നുള്‍വശമാണെങ്കില്‍ പെയ്‌തൊഴിഞ്ഞ ആകാശം പോലെ മിനുമിനുങ്ങുന്നു. ഹാാ! എന്തായിത് പുതുമ എന്നോര്‍ത്ത് ഇരിക്കവെ, എന്റെയടുത്തുവന്ന് ഒരു പ്രത്യേക രൂപത്തിലിരുന്നുകൊണ്ട് പത്‌നി ഒരു കാര്യം ചോദിച്ചു.

‘ഞാനൊരു കാര്യം വിചാരിക്കുന്നുണ്ട്. പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്ക്വോ?’
‘പിന്നെ കേള്‍ക്കാതെ, പറയ്!’
‘നമുക്കീ വരുന്ന റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ട് ദിവസവും കുറച്ച് നല്ലനല്ല പലഹാരങ്ങളുണ്ടാക്കി അയല്‍പ്പക്കത്തെ അഞ്ചാറു വീടുകളില്‍ ചീരിനിയായി കൊടുത്താലോ?’
‘ആ, അയിനെന്താ, കൊടുക്കാലോ?’
സന്തോഷവതിയായി അവള്‍ തിരിച്ചുപോയി. പിന്നീടാണ് ഞാനതേ കുറിച്ച് ആഴത്തിലാലോചിച്ചത്. എടുത്താല്‍ തീരാത്ത വീട്ടുപണികളുള്ള ഒരുത്തി, മറ്റാരാലും നിര്‍ബന്ധിക്കപ്പെടാതെ പന്ത്രണ്ട് ദിവസത്തേക്ക് ഒരധിക ജോലി സ്വയം ഏറ്റെടുക്കുക. കടം കയറി നില്‍ക്കുന്ന ഒരാളെ ചെറുതെങ്കിലും അധികബാധ്യത വരുന്ന ഒരു പദ്ധതി ഏല്‍പ്പിക്കുക. എന്തായിരിക്കും ഇതിന്റെ പിന്നിലെ ആവേശമര്‍മം? എന്റെ സ്വതസിദ്ധമായ പല കുനുട്ട് ഉത്തരങ്ങളും കണ്ടെത്താന്‍ ശ്രമിച്ചു. അയല്‍ക്കാരികള്‍ക്കിടേ മേനി നടിക്കാനാകും? അന്നന്ന് ഫേസ്ബുക്കിലിടാനാകും? പന്ത്രണ്ട് ദിവസവും സ്വന്തം പെരുങ്കുടല്‍ വീര്‍പ്പിക്കാനാകും? പക്ഷേ അതിലെവിടെയും നീതിബോധത്തിന്റെ നങ്കൂരം ഉറച്ച് നിന്നില്ല. അതിനിടക്കാണ്, ആ റബീഉല്‍ അവ്വല്‍ തീരുന്നതിന്റെ മുമ്പ് അവള്‍ ഒരു ലക്ഷം സ്വലാത്ത് മുത്തുനബിക്കായി ചൊല്ലിത്തീര്‍ക്കാന്‍ തീരുമാനിച്ചത് ഞാനറിയുന്നത്. എന്താ ‘ങ്ങക്കും ചൊല്ലിക്കൂടെ, ങ്ങനെ എഴുതി/ പ്രസംഗിച്ച് നടന്നാ മാത്രം മതിയോ?’ എന്ന ചോദ്യമുന കൊണ്ട് എന്നെ അവള്‍ വാളുകയും ചെയ്തു.
അപ്പോഴാണ് ഞാന്‍ അതിനെ ആദര്‍ശതലവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത്. അതായത് മുത്തുറസൂലിന്റെ കാലത്തോ ശേഷം ഉത്തമനൂറ്റാണ്ടുകളിലോ ഏതെങ്കിലും സ്ത്രീ റബീഉല്‍ അവ്വലിലെ സായന്തനങ്ങളില്‍ സ്‌നാക്‌സുകള്‍ ചുട്ട് അയല്‍വീടുകളില്‍ കൊടുത്തിരുന്നോ? അങ്ങനെ കൊടുക്കണമെന്ന് ഖുര്‍ആനിലോ ഹദീസിലോ ഉണ്ടോ?
ഞാനീ ചിന്തയില്‍ ഉഴറിനടക്കുന്നതിനിടെ മറ്റൊരു സംഭവമുണ്ടായി. ആഗതമായ നബിദിനം പ്രമാണിച്ച് ഈയടുത്തായി മദ്‌റസയില്‍ രൂപപ്പെട്ട പോക്കുവരവുകളിലെ ഫ്‌ളക്‌സിബിലിറ്റിയെ മുതലെടുത്ത് ഇളയമോന്‍ ഒന്നുരണ്ട്് പ്രാവശ്യം മദ്‌റസയില്‍ പോയിവന്നു. ചേര്‍ക്കാപ്രായക്കാരായ ചിംട്ടാസുകള്‍ക്ക് മദ്‌റസയുമായി അക്ലമറ്റൈസേഷന്‍ നടത്താനുള്ള സുവര്‍ണാവസരമായിരിക്കണം ഇത്. കാര്യമതല്ല, മൂന്നാല് തവണയായി അവന്‍ ഒരു കാര്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനി അത് നടത്തിക്കൊടുത്തില്ലെങ്കില്‍ അവന്റെ ഹാല് മാറും.
‘ഉപ്പാ, ഇനി കണ്ണൂരുപോയിവരുമ്പം എനിക്കൊരു ദഫ് വാങ്ങണം.’
‘എന്തിനാ?’
‘ഞാന്‍ പാടും.’
‘എന്താ നീ പാട്വാ; ഉപ്പ കേക്കട്ടെ.’
അവന്‍ മൂന്നാലു പാട്ടുപൊട്ടുകള്‍ കേള്‍പ്പിച്ചു.
‘ആയിരം കാലം……
ആരമ്പപ്പൂവായ……
ജന്നാത്തിലെ പാട്ടുകാരനാകാന്‍…
അപ്പോഴും ഞാന്‍ ചിന്തിച്ചത് മറ്റേ രീതിയിലാണ്. ഉത്തമ നൂറ്റാണ്ടുകളിലെങ്ങാനും ഇതേപോലെ ഏതെങ്കിലും ഒരു മദ്‌റസയില്‍ പോയിവന്ന ചേര്‍ക്കാപൈതല്‍ മുത്തുനബിയെ പാടിയെടുക്കാന്‍/ പാടിയടുപ്പിക്കാന്‍ ‘ഉപ്പാ എനിക്ക് ദഫ്’ വാങ്ങിത്തരണം എന്ന് പറഞ്ഞുകാണുമോ?
ഇതിന്റെയിടയില്‍ മറ്റൊരു കാര്യം കൂടി നടന്നു. നാട്ടിലെ പത്ത് മുപ്പത്തഞ്ച് ചെറുക്കന്മാരുടെ പ്രതിനിധിയുണ്ട് എന്നെ ഫോണില്‍ വിളിക്കുന്നു. ഞങ്ങള്‍ സുബ്ഹ് നിസ്‌കാരാനന്തരം സംഘമായി ചെന്ന് റബീഉല്‍ അവ്വല്‍ മുപ്പത് ദിവസവും ഓരോ വീട്ടിലും മൗലിദ് ചൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടില്‍ ഏതുദിവസമാണെന്ന് വേഗം പറയണം. വാട്ട്‌സാപ്പില്‍ കുതിര്‍ന്നും ഫേസ്ബുക്കില്‍ പൊതിര്‍ന്നും സാത്താന്റെ കരിങ്കുപ്പായമണിഞ്ഞും ന്യൂജന്‍ കാലത്ത് തിമിര്‍ത്താടേണ്ടവര്‍ സുബ്ഹിക്ക് പള്ളിയിലെത്തി നിസ്‌കാരാനന്തരം വീട്ടില്‍വന്ന് മദ്ഹുര്‍റസൂല്‍ പാടട്ടേയെന്ന് ചോദിച്ചാല്‍ ‘യാ അല്ലാഹ്’ ഉവ്വെന്ന് പറയാന്‍ കെട്ടിയവളോട് പോലും ചോദിക്കേണ്ടതില്ലല്ലോ.

സന്ധ്യയാവുമ്പോഴേക്ക് ഭാര്യ രുചികരമായ സ്‌നാക്‌സുകള്‍ ചൂടോടെ ചുട്ടെടുക്കും. അവ കൊച്ചുകൊച്ചു പാത്രങ്ങളിലാക്കി അയല്‍പ്പക്കങ്ങളില്‍ കൊണ്ടുകൊടുക്കുന്ന കാര്യം രണ്ട് ചോട്ടകള്‍ ഏറ്റെടുത്തതാണ്. അതിരറ്റ ആവേശത്തോടെ അവരത് ചെയ്യുന്നത് കാണുന്നതുതന്നെ ആനന്ദകരമാണ്. ഒരിടത്ത് അടപ്പുപാത്രവുമായി പോയി തിരിച്ചുവന്ന് അടുത്തത് പാക്ക് ചെയ്യുന്നതിന് മുമ്പ് അവര്‍ ധൃതികൂട്ടുകയായി. ഈ ആവേശത്തരിപ്പ് കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു: ‘ഏതായാലും ഈ മക്കള്‍ വലുതായാല്‍ മുത്തുനബിയുടെ മാസം ആരും പറയാതെ ആഘോഷിച്ചോളും, അല്‍ഹംദുലില്ലാഹ്.’
ഇത് കേട്ടപ്പോഴാണ് അപ്പറഞ്ഞതിലൂറിക്കിടക്കുന്ന ഒരാശയം കറന്റുള്ളിടം തൊട്ട ടെസ്റ്ററിന്റെ ഖല്‍ബുപോലെ എന്നില്‍ മിന്നിക്കത്തിയത്. ഇപ്പോള്‍ ഈ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഒരു ലേഖനമാക്കാമല്ലോ എന്ന ചിന്തയിലേക്ക് അത് വികസിച്ചു. ഒരുപക്ഷേ ഇത് വായിക്കുന്നവരില്‍ നല്ലൊരു വിഭാഗത്തിന് ‘എന്താണിതിലൊക്കെ ഇത്ര? ഇതൊക്കെ തനി നടപ്പുകാര്യങ്ങളല്ലേ?’ എന്ന് തോന്നിയേക്കാം, തോന്നണം! പക്ഷേ എനിക്കിത് വ്യത്യസ്തമാണ്. ഈ രംഗങ്ങളെല്ലാം കാണുമ്പോള്‍ എന്റെ കരള്‍ നുറുങ്ങുകയും ചങ്കിടിക്കുകയും കണ്ണ് നനയുകയുമൊക്കെ ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ മീലാദുന്നബിയുടെ ഈ ബാല്യകാലമധുരം ഒരിത്തിരിപോലും നുണയാന്‍ ഭാഗ്യം കിട്ടാത്ത ഒരു കറുത്ത മദ്‌റസാ കാലമായിരുന്നു എന്റെത്. കാരണം പഠിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ പച്ചമലയാള സിലബസ് പഠിപ്പിക്കുന്ന മദ്‌റസയിലായിരുന്നു. ‘പാഠം അഞ്ച് വുളു, പാഠ് ആറ് കുളി’ എന്നതൊക്കെ ഞങ്ങള്‍ക്കിടയില്‍ തന്നെ അന്ന് പരിഹാസ വാചകങ്ങളായിരുന്നു. ഉജാല വ്യാപകമാകായ്കയാല്‍ വെള്ളത്തുണികള്‍ക്ക് ‘ബുളു’ മുക്കുന്ന കാലമല്ലേ. ഖുര്‍ആന്‍ പഠനത്തില്‍ അഊദുബില്ലാഹിക്ക് ‘ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു’ എന്നായിരുന്നു അര്‍ഥം കൊടുത്തത്. അന്ന് ഞങ്ങള്‍ക്ക് ക്ലാസെടുത്ത അരീക്കോടുകാരന്‍ മൗലവി ‘ശരണം വെട്ടി രക്ഷ എന്നെഴുത്, ശരണം വിളി അമ്പലത്തിലല്ലേ, പള്ളിയിലാാാ’ എന്ന് പറഞ്ഞ് മാറ്റിയെഴുതിച്ചത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. പഠിപ്പിക്കുന്നത് ജമാഅത്തിന്റെ സിലബസാണെങ്കിലും അയാള്‍ മുജാഹിദ് മൗലവിയായിരുന്നു.

ഈ ലേഖനം കൊണ്ട് കാര്യമായി ഉന്നം വെക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയിലെ ഭൂരിപക്ഷത്തെയും മുജാഹിദിലെ ന്യൂനപക്ഷത്തെയുമാണ്. ഇത് വാദിച്ച് ജയിക്കുവാനോ പറഞ്ഞ് തോല്‍പ്പിക്കുവാനോ ഉള്ളതല്ല. വായിക്കുവാനും പക്വമായി കാര്യങ്ങള്‍ മനനം ചെയ്യുവാനും പ്രാപ്തിയുള്ള നല്ലൊരു പറ്റം യുവപ്പട ജമാഅത്തിലുണ്ട്. അതുപോലെ ക്രൗര്യം കുറഞ്ഞ, ശരിയെന്ന് തോന്നിയവയെ ഉള്‍കൊള്ളുന്ന ചെറിയൊരു പറ്റം മുജാഹിദിലുമുണ്ട്. ചിലര്‍ മുജാഹിദുകളായത് തന്നെ പപ്പാതി കാരണത്താലാണ് എന്നോര്‍മവേണം. അവര്‍ വിദ്യാഭ്യാസത്തിന്റെയും പരിഷ്‌കരണത്തിന്റെയും ആളുകളാണ് എന്ന് തോന്നിയതാണ് ഒരു പാതി. സുന്നികള്‍ തന്നെ ജീര്‍ണതയായി എണ്ണിയ കാര്യങ്ങള്‍ അവര്‍ പര്‍വതീകരിച്ച് അവതരിപ്പിക്കുന്നത് കേള്‍ക്കുക വഴിയുണ്ടായ വികര്‍ഷണമാണ് മറ്റേ പാതി. കുറച്ചൊക്കെ സ്വലാത്തും മദ്ഹ് പറച്ചിലും ഒക്കെ ആവാം, പരമാവധി ശിര്‍ക്ക് ഫ്രീ ആവാന്‍ ശ്രമിക്കണമെന്നേ ഉള്ളൂ എന്ന് ഉള്ളിന്റെ ഉള്ളാല്‍ ചിന്തിക്കുന്നവര്‍ അവരുടെ കൂട്ടത്തിലുമുണ്ട്.
ആറേഴ് കൊല്ലം ഒരു മദ്‌റസയില്‍ പഠിച്ചിട്ട് ഒരു തവണ പോലും സ്‌റ്റേജില്‍ കയറി മുത്തുനബിയെപ്പറ്റി ഒരു കൊച്ചു പ്രസംഗം നടത്താന്‍/ ഒരു പാട്ടുപാടാന്‍/ ഒരു സംഭാഷണം നടത്താന്‍/ ഒരു മൗലിദില്‍ പങ്കെടുക്കാന്‍/ ഒരു അശ്‌റഖ കേള്‍ക്കാന്‍/ ഒരു തലഅല്‍ ബദ്‌റു മൂളാന്‍/ ഒരരവരി ബുര്‍ദ നുണയാന്‍… ഭാഗ്യമില്ലാത്ത കുട്ടിക്കാലത്തിലൂടെ വളര്‍ന്നവന്റെ മനസ്സില്‍ മുത്തുനബി ഉണ്ടാവുകയില്ല; ഞാനെന്റെ നേരനുഭവമാണിപ്പറയുന്നത്. ഏഴ് കൊല്ലം ജമാഅത്തെ ഇസ്‌ലാമിയുടെ മദ്‌റസയില്‍ പഠിച്ച് പഠിച്ച് എന്റെയുള്ളില്‍ രൂപപ്പെട്ടത് എ ഡി 571ല്‍ ജനിച്ച് അറുപത്തിമൂന്ന് കൊല്ലം ജീവിച്ച് പിരിഞ്ഞുപോയ മഹാനായ ഒരു വ്യക്തിയാണ്. എന്താ അത് അങ്ങനെത്തന്നെയല്ലേ എന്ന് ചോദിച്ച് നിങ്ങള്‍ തര്‍ക്കിക്കാന്‍ വരല്ല, പ്ലീസ്! ഞാന്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന വൈകാരിക മുറിവുകളുടെ ചുട്ടുനീറല്‍ നിങ്ങള്‍ ശരിക്കും പരിശോധിച്ചറിയാന്‍ ശ്രമിച്ചുനോക്ക്. നിങ്ങളില്‍ ആയിരത്തിലൊരാള്‍ക്കെങ്കിലും അതാവും, എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
നമ്മള്‍ വളരുന്ന/ മക്കളെ വളര്‍ത്തുന്ന സാഹചര്യം നമ്മുടെ/ അവരുടെ ആദര്‍ശ അവബോധതലത്തെ ആഴത്തില്‍ സ്വാധീനിക്കും എന്ന് വരുമ്പോള്‍ വര്‍ഷം തോറും റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ മുത്തുനബിയെ പാട്ടായും പ്രസംഗമായും മദ്ഹായും നശീദയായും ദഫായും സ്‌കൗട്ടായും ജീവിതത്തിന്റെ വിശ്വാസ കര്‍മ പരിസരത്തിലെ നിറവായി നിലനിര്‍ത്തിപ്പോരുന്നത് പോലയാവില്ല, അതൊന്നും അശേഷമില്ലാത്ത ഒരു ഉണങ്ങിയ/ ഉറങ്ങിയ കാലാവസ്ഥ. അതെനിക്ക് ശരിക്ക് മനസ്സിലായത് ഉളിയിലെ ജമാഅത്ത് മദ്‌റസ വിട്ട് ആറളത്തേക്ക് പഠിപ്പിന് പോയപ്പോഴാണ്.
മുത്തുനബിയെ പാടാനോ പറയാനോ അവസരം കിട്ടാത്ത ഒരുത്തന്‍ ഇപ്പോള്‍ ആറളത്ത് കാണുന്നത് ആളുകളെല്ലാം ചേര്‍ന്ന് മുത്തുനബിയെ ആഘോഷിക്കുന്നതാണ്. ഇന്നാട്ടുകാര്‍ക്ക് എ ഡി എന്ന ചരിത്ര സൂചകവാക്കാകുന്ന വന്‍മതിലിനപ്പുറം എങ്ങാണ്ടോ ആടുമേച്ച് ജീവിക്കുന്ന ആരോ അല്ല മുത്തുനബി. മറിച്ച് വിശ്വാസ കര്‍മ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ സന്ധികളിലും നിരന്തരം അനുഭവവേദ്യമായ, റബീഉല്‍ അവ്വല്‍ മാസം പല ഭാവേന പാല്‍പബ്ള്‍ ആയി പൂത്തുലഞ്ഞ് നില്‍ക്കുന്ന നിറസാന്നിധ്യമാണ്. ഇടക്കുപറയട്ടെ, ആറേഴുകൊല്ലം ഒരു മദ്‌റസയില്‍ പഠിച്ചിട്ട്, അല്ലെങ്കില്‍ പത്തുപതിമൂന്നു കൊല്ലം ഒരു നാട്ടില്‍ ജീവിച്ചിട്ട് ഇതുവരെ കേള്‍ക്കാത്ത സംഗതി അതേ വര്‍ഷം റമസാന്‍ മാസത്തിലാണ് കേള്‍ക്കുന്നത്. നോമ്പ് പതിനേഴാം രാവിന്റന്നുണ്ട് വിശിഷ്ടമായ പുരുഷാരം. സാധാരണക്ക് വിരുദ്ധമായ ഒരു സജീവത. പ്രഭാഷകന്‍ എത്താറായി എന്ന അടക്കം പറച്ചില്‍. തങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന നിര്‍വൃതി. അണിഞ്ഞൊരുക്കിയ ഇരുമ്പടുപ്പുകളിലേക്ക് വമ്പന്‍ ചെമ്പുകള്‍ ഉപവിഷ്ടരാകുന്നു. ജിജ്ഞാസയോടെ അന്വേഷിച്ചപ്പോഴാണറിയുന്നത് ഇന്ന് ബദര്‍ ദിനമാണ്. അതെന്തോന്നാണ്, ഹേ!

മതത്തില്‍ സ്മരണക്കുള്ള സ്ഥാനം അറിയാമല്ലോ? ഇല്ലെങ്കില്‍ ഹജ്ജിന്റെ കര്‍മങ്ങളുടെ റാഷണെയ്ല്‍ അന്വേഷിച്ച് പഠിക്ക്! പുണ്യദിനങ്ങളുടെയും പുണ്യവാളന്മാരുടെയും സ്മരണ, സാമൂഹിക ജീവിതത്തിന്റെ തിക്കുതിരക്കുകളിലേക്ക് സര്‍ഗാത്മകമായി വിന്യസിക്കുന്നതിലൂടെ മതദര്‍ശനങ്ങള്‍ക്ക് നവോന്മേഷം നല്‍കുന്ന ഒരു രീതിയുണ്ട്. അത് കണ്ടെത്തുന്നതിലും വിജയകരമായി പ്രയോഗവത്കരിക്കുന്നതിലും ജമാഅത്തിനും മുജാഹിദിനും അമളി പറ്റിയിട്ടില്ലേ എന്ന് സ്വകാര്യമായും സമചിത്തതയോടും കൂടി അവര്‍ക്ക് പുനരാലോചന നടത്താവുന്നതാണ്. അതിന്റെ തിക്തത അറിയണമെങ്കില്‍ വര്‍ഷാവര്‍ഷം മുത്തുനബി പൂത്തുലയുന്ന നബിദിന പരിപാടികളിലൂടെ കടന്ന് പോരുന്ന ഒരു വിദ്യാര്‍ഥിയിലെ നബിമിടിപ്പും എ ഡി 571ന്റെ പാഠപദാവലികളിലൂടെ നബിയെ പഠിച്ച ഒരു കുട്ടിയിലെ കേട്ടുകേള്‍വിത്വവും ഉരച്ച് പഠിച്ചാല്‍ മതി. അക്കാദമിക് സൗകര്യത്തിന് വേണ്ടി നമുക്കതിനെ ഇശ്ഖ് ക്വോഷ്യന്റ് എന്നോ മറ്റോ വിളിക്കാം, ഐ ക്യു എന്നതിന് സമാന്തരമായിട്ട്.
ഞാനിത് പറയുന്നത് കരള്‍ നുറുങ്ങുന്ന വേദനയോടെയാണെന്നത് നിങ്ങള്‍ മറക്കരുത്. ആറളത്തെ നബി അനുഭവങ്ങള്‍ തുടര്‍ന്ന് ഞാന്‍ പഠനവിധേയമാക്കിയപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞ ഞെട്ടിക്കുന്ന കാര്യം ഞാനും എന്റെ ഉളിയില്‍ നാട്ടുകാരുടെയും മാത്രം ദുര്‍വിധിയാണ് ഇതെന്ന തിരിച്ചറിവാണ്. കാരണം ഉളിയില്‍ വിട്ടാല്‍ പുന്നാട്, കീഴൂര്‍, പയഞ്ചേരി, ഇരിട്ടി, മാടത്തില്‍ അടക്കം ആറളം വരെയും വളോര, ചാവശ്ശേരി, പാലോട്ടുപള്ളി, മട്ടന്നൂര്‍ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സകലയിടങ്ങളിലും ഈ മുത്തുനബിയുടെ സമൃദ്ധമായ നിറവ് പല രൂപത്തിലും ഭാവത്തിലും നിലനിന്ന് പോരുന്നതായും അവക്കിടയിലെ പൊട്ടക്കിണറാണ് തന്റെ നാടെന്നും അതിലാണ് ഞാനീ വീണുകിടക്കുന്നതെന്നും വ്യസനത്തോടെ തിരിച്ചറിയാനായി. പിന്നീട് തുടര്‍പഠനത്തിനായി അരീക്കോട് മജ്മഇല്‍ ചെന്നപ്പോള്‍ എന്റെ ആധിയും ആകാംക്ഷയും പതിന്‍മടങ്ങ് വര്‍ധിക്കുകയും അനുഭവങ്ങളെ ആധാരമാക്കിയുള്ള അന്വേഷണത്തിന് മുതിരുകയും ചെയ്തു. ഒരുപാട് മൗലിദ് സദസ്സുകളില്‍ പങ്കെടുത്തെങ്കിലും മുത്തുനബി പിറകൊണ്ട അതേ നേരം നേര്‍ക്കുനേര്‍ കിട്ടാന്‍ സുബ്ഹിക്ക് മുമ്പ് തന്നെ ഉസ്താദുമാര്‍ വിളിച്ചുണര്‍ത്തി താഴത്തങ്ങാടി ജുമുഅത്ത് പള്ളിയിലെ ഗംഭീരമായ മൗലിദില്‍ പങ്കെടുക്കാനായത് ആഴത്തില്‍ ചിന്തിപ്പിച്ചു. അപ്പോ ഇതൊന്നും ഒരു കാട്ടിക്കൂട്ടലല്ല. ആരോപിക്കപ്പെട്ടപോലെ കുടലു വീര്‍പ്പിക്കാനുള്ള നിര്‍മിതാചാരവുമല്ല. മറിച്ച്, വേണം എന്ന് കരുതിത്തന്നെയുള്ള ഒരുങ്ങിപ്പുറപ്പാടാണ്. ഇതിന് പ്രമാണമല്ല ആവശ്യം; പ്രണയമാണ്. എനിക്കില്ലാതെ പോയതും ഇവര്‍ക്കൊക്കെ ഉള്ളതും ഇതുതന്നെയാണ്. ഞാനത് പത്‌നിയില്‍ പരീക്ഷിച്ചപ്പോഴും ബോധ്യപ്പെട്ടു. പന്ത്രണ്ട് ദിവസവും സ്‌നാക്‌സുണ്ടാക്കാമെന്നേറ്റ അവര്‍ കൈവേദനയെ എങ്ങനെ കൈകാര്യം ചെയ്യും എന്ന് പങ്കുവെച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: അതിനെന്താ, അത് കടയിലേല്‍പ്പിക്കാം, ഞാന്‍ മേടിച്ചുകൊണ്ടുതരാം. അവളെന്നെ രൂക്ഷമായി നോക്കി. അതുപറ്റില്ല. മുത്തുനബിക്കുവേണ്ടി തടിയറിഞ്ഞ് സമയമെടുത്ത് നമ്മള്‍ തന്നെ ചെയ്യണം. ആ വിറക് കത്തിക്കലിലും ഉള്ളി അരിയലിലും പച്ചമുളക് ചതക്കലിലും കൈ പൊള്ളലിലും പാത്രത്തിലടക്കിവെക്കുന്നതിലും എല്ലാറ്റിലും തന്നെ ഒരുതരം ഇശ്ഖുരാശി പരന്ന് കിടപ്പുണ്ട്. അത് ആയിരത്തിനാനൂറ് കൊല്ലം മുമ്പ് എങ്ങാണ്ടോ ജീവിച്ച്, എങ്ങോ പിരിഞ്ഞുപോയ തലച്ചോറിലെ ലൈബ്രറിയിലുറങ്ങുന്ന ഒരു സംസ്‌കാരമല്ല, മറിച്ച് ഇതാ ഇപ്പോഴും ഈ സമയത്തും നമ്മുടെ മനസ്സില്‍ ചിരിച്ച് നില്‍ക്കുന്ന നബിയുടെ പ്രകാശനമാണ്. പ്രണയമാണ് അതിലെ പ്രമാണം. അരീക്കോട് മജ്മഅ് ജീവിതത്തില്‍ എന്നില്‍ മുത്തുനബിയെ ആവേശിപ്പിച്ചത് ജ്യേഷ്ഠസതീര്‍ഥ്യനായ ഫൈസല്‍ രണ്ടത്താണിയുടെ വ്യക്തിയിലലിഞ്ഞ മുത്തുനബിയായിരുന്നു. അദ്ദേഹം മാലമൗലിദുകളോതുന്ന വല്യുപ്പ വല്യുമ്മമാരെ, അപ്പടിത്തന്നെയുള്ള ഉമ്മ- ഉപ്പമാരെ കണ്ട്, കുണ്ടൂരുസ്താദിലൂടെ, തിരൂരങ്ങാടി ബാപ്പു ഉസ്താദിലൂടെ ഒഴുകിയെത്തിയ ആളായിരുന്നു. അദ്ദേഹത്തിന്റെ ‘ഉംറ’ ഉള്ളിലുറഞ്ഞ തിരുപിരിശത്തിന്റെ സര്‍ഗാത്മക ഉരുള്‍പൊട്ടലാണ്. ഒപ്പം തിരുസ്മരണകളുടെ നിദാനങ്ങളെ തച്ചുടക്കുന്നവര്‍ക്കെതിരെയുള്ള അഗ്നിപര്‍വത സ്‌ഫോടനവും.