നെയ്യാറ്റിന്‍കര കൊലപാതകം: പ്രതിയെ സഹായിച്ചയാള്‍ പിടിയില്‍

Posted on: November 11, 2018 2:25 pm | Last updated: November 11, 2018 at 7:39 pm

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടുകൊന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷ് കുമാറിനെയാണ് കസ്റ്റടിയിലെടുത്തത്. ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സഹൃത്താണ് സതീഷ് കുമാര്‍. ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സഹൃത്താണ് ഇദ്ദേഹം. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍നിന്നാണ് പിടിയിലായത്. ഒളിവില്‍ പോയ ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബി എസ് എന്‍ എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്തുനല്‍കുകയും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കിയതും സതീഷ് ആണെന്നാണ് നിഗമനം. എന്നാല്‍ ഈ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

കേസന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി. കേസ് ഇനി ഐ.ജി നേരിട്ടന്വേഷിക്കും. ഐ.ജി തലത്തിലുള്ള അന്വേഷണത്തിന് സനല്‍ കുമാറിന്റെ കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്.

എന്നാല്‍ ഒളിവില്‍ പോയ ഡിവൈ.എസ്.പിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണെന്നും മധുരയില്‍നിന്ന് മാറിയെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തര്‍ക്കത്തിനിടെ ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. തുടര്‍ന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.