Connect with us

Articles

ഇല്ല, ട്രംപ് ഒട്ടും മാറില്ല

Published

|

Last Updated

ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി ആഘോഷിക്കപ്പെടുന്നത് തിരുത്താനുള്ള അതിന്റെ ശേഷിയാണ്. തന്നിഷ്ടത്തിലേക്ക് നീങ്ങുന്ന ഭരണാധികാരികളെ ജനങ്ങള്‍ പോളിംഗ് ബൂത്തിന്റെ നിശ്ശബ്ദതയില്‍ നേര്‍ക്കുനേര്‍ നേരിടുകയും നേര്‍വഴിക്ക് നടത്താനുള്ള ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്യും. പ്രാതിനിധ്യ ജനാധിപത്യം ശക്തിയാര്‍ജിക്കുന്നത് ഇത്തരം തിരുത്തല്‍ പ്രക്രിയകളിലൂടെയാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ആരവങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അധഃപതിക്കാതിരിക്കുകയും അര്‍ഥവത്തായ ചര്‍ച്ചകള്‍ക്ക് അത് വേദിയാകുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയ ക്രമമാകെ ശുദ്ധീകരിക്കുന്ന പ്രക്രിയയായി ഓരോ വോട്ടെടുപ്പും മാറും. അമേരിക്കയിലെ ദ്വികക്ഷി സംവിധാനത്തിലും, ബഹു കക്ഷി സംവിധാനത്തിലെപ്പോലെ സമഗ്രമല്ലെങ്കിലും, ഇത്തരം മനോഹരമായ തിരുത്തലുകള്‍ വോട്ടര്‍മാര്‍ നടത്താറുണ്ട്. പ്രസിഡന്റ്പദത്തില്‍ ഒരു നേതാവ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഇത്തരത്തിലുള്ള ഷോക്ക് ട്രീറ്റ്‌മെന്റിന് ഏറ്റവും നല്ല നിദര്‍ശനമാണ്. അധികാരം കൈയാളുന്ന പാര്‍ട്ടിക്ക് ഇടക്കാല ജനവിധി പ്രതികൂലമാകാറാണ് പതിവ്. അതിനര്‍ഥം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും അമിതാധികാര പ്രവണതകളിലേക്ക് കൂപ്പു കുത്താറുണ്ടായിരുന്നുവെന്ന് തന്നെയാണ്. അപ്പോഴൊക്കെ ജനം അവരുടെ തലക്ക് ഒരു കിഴുക്ക് കൊടുക്കും. പിന്നീടുള്ള ഭരണത്തില്‍ ചില ഗുണപരമായ മാറ്റങ്ങള്‍ക്ക് അത് കാരണമാകും. ഒബാമയുടെ കാലത്ത് ഇടക്കാല ആഘാതം ഭരണ സ്തംഭനത്തിനാണ് വഴിവെച്ചത്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഒബാമയുടെ കാലില്‍ കല്ലുരല്‍ കെട്ടിയ പോലെയായി. പതിവ് പ്രസിഡന്റായി ഒബാമ തരംതാഴുന്നതിലാണ് അത് കലാശിച്ചത്.
കഴിഞ്ഞ ആഴ്ച യു എസില്‍ നടന്ന ഇടക്കാല തിരഞ്ഞടുപ്പില്‍ ആരും ജയിച്ചിട്ടില്ല. ആരും തോറ്റിട്ടുമില്ല. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചു. ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 35 സീറ്റുകളിലേക്കാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 26 സീറ്റുകളില്‍ ഡെമോക്രാറ്റുകള്‍ വിജയം നേടി. ഇതോടെ ആകെയുള്ള 435 സീറ്റില്‍ 238ല്‍ ഡെമോക്രാറ്റുകള്‍ക്ക് മേധാവിത്വമായി. 197 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒതുങ്ങി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി ജനപ്രതിനിധി സഭയുടെ സ്പീക്കറായി വരുമെന്നുറപ്പായി. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി 54 സീറ്റ് നേടി മേധാവിത്വം മെച്ചപ്പെടുത്തി. ഭൂരിപക്ഷം ഗവര്‍ണര്‍മാരും റിപ്പബ്ലിക്കന്‍മാരാണ്. ഇരു കൂട്ടര്‍ക്കും വിജയം ആഘോഷിക്കാം.
അമേരിക്കന്‍ രാഷ്ട്രീയ ക്രമം വല്ലാത്തൊരു കുത്തിത്തിരിയല്‍ നടത്തിയതിന്റെ ഫലമാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ്ഷിപ്പ്. അതുകൊണ്ട് പതിവുകളൊന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പ്രസക്തമല്ല. ഒന്നും പ്രവചിക്കാനാകില്ല. അദ്ദേഹം ഒരു റിപ്പബ്ലിക്കന്‍ ആയിരുന്നില്ല. ഡെമോക്രാറ്റും ആയിരുന്നില്ല. അടിമുടി ബിസിനസ്സുകാരനാണ്. റിയാലിറ്റി ഷോകളിലെ അഭിനേതാവാണ്. റിസോര്‍ട്ടുകള്‍ പണിയലാണ് പ്രധാന ബിസിനസ്സ്. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുണ്ട്. അമേരിക്കയില്‍ മാത്രമല്ല മിക്ക വിദേശരാജ്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളുണ്ട്. ഈ സാമ്പത്തിക ശക്തി തന്നെയാണ് ഡൊണാള്‍ഡ് ജെ ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് യോഗ്യനാക്കിയത്. അവ്യവസ്ഥയുടെ ആള്‍രൂപമാണ് അദ്ദേഹം. എല്ലാ തരം അതൃപ്തികളെയും അമര്‍ഷങ്ങളെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു. “സത്യസന്ധ”മായ ആവിഷ്‌കാരമായിരുന്നു അത്. വെള്ളക്കാരില്‍ മഹാഭൂരിപക്ഷത്തിനും കറുത്തവരോടും തവിട്ടു നിറക്കാരോടും കൃത്യമായ വര്‍ണവെറിയുണ്ട്. പക്ഷേ അവരത് തുറന്ന് പറയില്ല. ബരാക് ഒബാമയെ അവര്‍ പ്രസിഡന്റാക്കും. വര്‍ണ വിവേചനത്തിനെതിരെ നിയമം പാസ്സാക്കും. പൊതു മണ്ഡലത്തില്‍ വിവേചനം അവസാനിപ്പിച്ചുവെന്ന് വരുത്തും. ലക്ഷണമൊത്ത സ്ത്രീ വിരോധികളാണ് സംശുദ്ധ അമേരിക്കക്കാര്‍. പക്ഷേ അവര്‍ സ്ത്രീകളുടെ തുല്യാവകാശത്തെ കുറിച്ച് പുറത്ത് പറഞ്ഞ് കൊണ്ടിരിക്കും. അത്തരം അവകാശം വകവെച്ച് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് മറ്റ് രാഷ്ട്രങ്ങളെ പഴിച്ചു കൊണ്ടിരിക്കും. വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം മുസ്‌ലിം വിരുദ്ധതയുടെ ഉത്പാദന, കയറ്റുമതി കേന്ദ്രമായി അമേരിക്ക പരിണമിച്ചിട്ടുണ്ട്. എന്നാലും പ്രസിഡന്റുമാര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കും.
കുടിയേറ്റവിരുദ്ധതയുടെ സ്ഥിതിയും ഇത് തന്നെ. രാജ്യത്തെ മാന്ദ്യത്തിനും തൊഴില്‍ നഷ്ടത്തിനും കാരണം പുറത്ത് നിന്ന് വന്ന് ജോലി തട്ടിയെടുക്കുന്ന മെക്‌സിക്കോക്കാരും ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണെന്ന് ശരാശരി അമേരിക്കക്കാര്‍ വിശ്വസിക്കുന്നു. നവ നാസിസത്തിന്റെ എല്ലാതരം അവബോധങ്ങളും വര്‍ത്തമാന കാല അമേരിക്കന്‍ ജനസാമാന്യത്തിന്റെ ഉള്ളില്‍ ഗോപ്യമായി കിടക്കുന്നുണ്ട്. അംഗവൈകല്യമുള്ളവരെയും ദുര്‍ബലരെയും ബാധ്യതയും ദുശ്ശകുനങ്ങളുമായാണല്ലോ ഹിറ്റ്‌ലര്‍ കണ്ടത്. ഇതേ ബോധത്തിലാണ് അമേരിക്കന്‍ ജനതയില്‍ ഒരു വിഭാഗമെങ്കിലുമുള്ളത്. എന്നാല്‍ ഇതൊന്നും പുറത്ത് കാണിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് യു എസ് മാധ്യമങ്ങളില്‍ നല്ല പങ്കും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു. എഡിറ്റോറിയലുകള്‍ എഴുതി ഹിലാരിയെ പിന്തുണച്ചു. എല്ലാ സര്‍വേയിലും ഹിലാരി മുന്നിട്ടു നിന്നു. അമേരിക്കന്‍ കുലീനതയെന്ന നുണയില്‍ അഭിരമിക്കുകയായിരുന്നു മാധ്യമങ്ങള്‍. തങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത “സത്യസന്ധത” പുലര്‍ത്തിയ ട്രംപിനെ അവര്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. ഈ രോഷത്തിനിടെ എന്താണ് ജനങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ഫാസിസത്തിന്റെ പല സ്വാഭാവ വിശേഷങ്ങളിലൊന്ന് ഈ അടിയൊഴുക്കാണ്. ഫാസിസത്തിന് വേരുകളാണ് കൂടുതല്‍. ഇലകളും ശാഖകളുമല്ല. ട്രംപ് ഈ വേരുകളിലാണ് ഹോര്‍മോണ്‍ കുത്തി വെച്ചത്. “ഞാന്‍ നഗ്നമായ മത- വംശ- ലിംഗ വെറി സൂക്ഷിക്കുന്നയാളാണ്. ഞാന്‍ അഴിമതിക്കാരനാണ്. നികുതി വെട്ടിപ്പുകാരനാണ്. കുടിയേറ്റവിരുദ്ധനാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന് പറയാന്‍ എനിക്ക് മടിയില്ല. ഞാന്‍ സ്ത്രീ ലമ്പടനാണ്. വേണമെങ്കില്‍ ഹിലാരിയുടെ മകളുമായി ഞാന്‍ ഡേറ്റിംഗ് നടത്തിയേക്കും. മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍ എന്ന് പറയാന്‍ എനിക്ക് ആരെയും പേടിയില്ല” പ്രചാരണ ഘട്ടത്തിലുടനീളം ഇങ്ങനെയൊക്കെയാണ് ട്രംപ് പ്രഖ്യാപിച്ചത്. തോക്കു നിയമം മാറ്റണമെന്ന് ഹിലാരി പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും തോക്ക് ലഭ്യമാക്കണമെന്നായിരുന്നു ട്രംപിന്റെ പക്ഷം.
അന്ന് ചിലര്‍ പറഞ്ഞു, പ്രസിഡന്റായിക്കഴിഞ്ഞാല്‍ ഇപ്പറഞ്ഞതൊന്നും നടക്കില്ല. അദ്ദേഹം വ്യവസ്ഥിതിക്ക് കീഴടങ്ങും. നല്ല പ്രസിഡന്റാകും. സംഭവിച്ചതെന്താണ്? ഭ്രാന്തമായ വഴികളിലൂടെ തന്നെയാണ് ട്രംപ് സഞ്ചരിച്ചത്. മെക്‌സിക്കോക്കും അമേരിക്കക്കുമിടയില്‍ മതില്‍ പണിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഭയാര്‍ഥികളെ ക്രൂരമായി തടഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചു. ബരാക് ഒബാമ കൊണ്ടുവന്ന ഇന്‍ഷ്വറന്‍സ് പദ്ധതി റദ്ദാക്കി. സിറിയയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇടപെട്ട് വഷളാക്കി. ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഫലസ്തീന്‍ പോരാട്ടത്തെ പിന്നില്‍ നിന്ന് കുത്തി മലര്‍ത്തി. ഇറാന്‍ ആണവ കരാര്‍ റദ്ദാക്കി. റഷ്യയുമായുള്ള ആയുധ നിയന്ത്രണ കരാറും ചവറ്റുകൊട്ടയിലെറിഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോന്നു. യു എസില്‍ ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും സ്വാഭാവികമായി പൗരത്വം സിദ്ധിക്കുന്ന പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള നിയമം തകര്‍ക്കാന്‍ പോകുകയാണ്. അമേരിക്കാ ഫസ്റ്റ് എന്ന കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യം അങ്ങേയറ്റം പിന്തിരിപ്പനും മനുഷ്യത്വവിരുദ്ധവുമാണ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭ നഷ്ടപ്പെടുമ്പോഴും ഈ നയങ്ങളൊന്നും മാറ്റാന്‍ ട്രംപ് തയ്യാറാകില്ല. കാരണം, ജനാധിപത്യത്തിന്റെ ചരടുകളെ പൊട്ടിച്ചെറിഞ്ഞ പ്രസിഡന്റാണ് ട്രംപ്. ഇപ്പോള്‍ വന്ന ഇടക്കാല ജനവിധി ഒരു നിലക്കും അദ്ദേഹത്തെ സ്വാധീനിക്കാന്‍ പോകുന്നില്ല. സെനറ്റിലെ വിജയം ആഘോഷിക്കാനാണ് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തത്. ജനപ്രതിനിധി സഭയിലെ പരാജയം ഗൗനിക്കുന്നേയില്ല. താന്‍ തൊടുത്തു വിട്ട അതിദേശീയത അത്രമേല്‍ ശക്തമാണെന്നും ആ ശക്തിയില്‍ തന്റെ കസേര ഭദ്രമാണെന്നുമുള്ള ആത്മവിശ്വാസം ട്രംപിന്റെ വാക്കുകളില്‍ ഇരമ്പുന്നുണ്ട്. ക്രിമിനലുകള്‍ക്കായി രാജ്യാതിര്‍ത്തി തുറന്ന് കൊടുക്കണമെന്ന് പറഞ്ഞവരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ജനവികാരം മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് ആക്രോശിക്കുകയാണ് പരാജയത്തിന്റെ വൈകുന്നേരവും അദ്ദേഹം ചെയ്തത്. പത്ര സമ്മേളനത്തില്‍ ട്രംപിനെ നിര്‍ത്തിപ്പൊരിച്ച സി എന്‍ എന്‍ ലേഖകന് വൈറ്റ്ഹൗസിലേക്കുള്ള അക്രഡിറ്റേഷന്‍ റദ്ദാക്കുക വഴി മുന്നോട്ടുള്ള വഴി വ്യക്തമാക്കുന്നുണ്ട് ഭരണകൂടം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് തടയിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ നേടിയ മേല്‍ക്കൈ ഉപകരിച്ചേക്കാം. നിയമനിര്‍മാണങ്ങള്‍ക്കും നയരൂപവത്കരണങ്ങള്‍ക്കും സഭയുടെ പിന്തുണ വേണമല്ലോ. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം ഊര്‍ജിതമാകാനിടയുണ്ട്. റോബര്‍ മ്യൂളറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ട്രംപ് ഭരണകൂടത്തില്‍ ചിലരുടെ തല ഉരുളുകയും ചെയ്‌തേക്കാം. ട്രംപിന്റെ തന്നെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കപ്പെട്ടേക്കാം. അതിലപ്പുറം നയപരമായി ട്രംപിനെ നിലക്കു നിര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ലളിതമാണ്. അദ്ദേഹം മുന്നോട്ട് വെക്കുന്ന ഹൈവോള്‍ട്ട് ദേശീയതയും വെള്ളക്കാരുടെ മേധാവിത്വവും നിഷേധിക്കാന്‍ ഡെമോക്രാറ്റിക്് പാര്‍ട്ടിയിലെ നല്ലൊരു ശതമാനത്തിനും സാധിക്കില്ല. വര്‍ണവെറിയിലും വിഭാഗീയതയിലും കുടിയേറ്റവിരുദ്ധതയിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ സഹജമായ സവിശേഷതയാണത്. എല്ലാവരും ആ അജന്‍ഡയില്‍ കുടുങ്ങിപ്പോകും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില മിതവാദി നേതാക്കള്‍ സാമ്പദ്‌വ്യവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ പ്രസിഡന്റിന് മേല്‍ വലിയ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ട്രംപ് ചെവികൊണ്ടില്ല. നുഴഞ്ഞു കയറ്റക്കാരെ കുറിച്ച് ഭീതി പടര്‍ത്തുകയാണ് അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്.
നഗര ജനസംഖ്യയിലെ ഒരു വിഭാഗം മാത്രമാണ് ട്രംപിനെ തുറന്ന് കാണിക്കുന്നത്. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരും പ്രസിഡന്റ് ശരിയായ പാതയിലാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പിന്നെ എന്തിന് അദ്ദേഹം തിരുത്തണം? അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിസം അനിഷേധ്യമായ ഇടം നേടിക്കഴിഞ്ഞുവെന്ന് വേണം വിലയിരുത്താന്‍.
ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ ഈ പ്രതിഭാസം വളരെ എളുപ്പത്തില്‍ മനസ്സിലാകും. മരണത്തിന്റെ വ്യാപാരിയെന്ന് വിളിക്കപ്പെട്ടയാളാണ് ഇവിടെ പ്രധാനമന്ത്രി. വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന എത്രയെത്ര പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഞാന്‍ ഞാന്‍ എന്നല്ലേ തന്റെ സുഹൃത്ത് ട്രംപിനെപ്പോലെ അദ്ദേഹവും ഉരിയാടാറുള്ളത്. അവിടെ മെക്‌സിക്കന്‍ മതിലാണെങ്കില്‍ ഇവിടെ അസാം പൗരത്വ രജിസ്റ്റര്‍ ആണെന്ന് മാത്രം. രണ്ട് പേരും വംശീയ വികാരം കത്തിച്ചാണ് മുന്നേറുന്നത്. ജനാധിപത്യത്തിന്റെ ഒരു തിരുത്തലും ഇരുവര്‍ക്കും ബാധകമല്ല. ഇതാ ഇവിടെയൊരു തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. എന്താണ് അജന്‍ഡ. രാമക്ഷേത്രം, സ്ഥലനാമമാറ്റം, താജ്മഹല്‍/ തേജോ മഹല്‍… പ്രതിപക്ഷ പാര്‍ട്ടിക്കും ഈ അജന്‍ഡയില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. അവര്‍ക്ക് നോട്ട് നിരോധനത്തെ നിവര്‍ന്ന് നിന്ന് എതിര്‍ക്കാനാകില്ല. മന്ദിര്‍ രാഷ്ട്രീയത്തിന്റെ പ്രായോജകരില്‍ അവരുമുണ്ട്. അതിന്റെ നേതാവും ക്ഷേത്ര പ്രവേശങ്ങളിലൂടെയാണ് അധികാരത്തിലേക്ക് വഴി വെട്ടുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest