Connect with us

Articles

ഇത്ര മതിയാകുമോ, നബി സ്‌നേഹം?

Published

|

Last Updated

നബി തങ്ങളെ വിശ്വസിച്ചാല്‍ മാത്രം പോര. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. സ്വഹാബത്തിന് നബിയോടുള്ള സ്‌നേഹം വാക്കുകളിലൊതുങ്ങാത്തതാണ്. മുത്ത് നബി നമ്മെ സ്‌നേഹിച്ചതിന് പ്രത്യുപകാരമായി നബിയെ അങ്ങോട്ട് സ്‌നേഹിക്കാനും നമുക്ക് കഴിയണം. ജീവന്‍ പണയം വെച്ച് നബിയെ സ്‌നേഹിച്ച സ്വഹാബത്തിന്റെ ചരിത്രം നമുക്ക് പാഠമാണ്. ഉമര്‍ (റ) നബി (സ) യോടൊരിക്കല്‍ പറഞ്ഞു: എന്റെ സ്വന്തം ശരീരം മാറ്റി നിര്‍ത്തിയാല്‍ മറ്റെന്തിനെക്കാളും എനിക്കിഷ്ടം അങ്ങയോടാണ് നബിയേ. നബി (സ) പറഞ്ഞു: പോരാ നീ നിന്റെ ശരീരത്തേക്കാള്‍ എന്നെ സ്‌നേഹിക്കണം ഉമറേ, എങ്കിലേ നിന്റെ വിശ്വാസം പരിപൂര്‍ണമാകൂ.
ഉടനെ അവിടന്ന് ഉമര്‍ (റ)പറഞ്ഞു “എങ്കില്‍ ഞാന്‍ എന്റെ സ്വന്തം ശരീരത്തേക്കാളും അങ്ങയെ ഇഷ്ടപ്പെടുന്നു നബിയേ” അപ്പോള്‍ നബി (സ) അരുളി: ഇപ്പോഴാണ് നിങ്ങളുടെ വിശ്വാസം പൂര്‍ണമായത്. (ബുഖാരി).
25 കാരനായ ഖുബൈബ് (റ) വിന്റെ ചരിത്രം എടുത്തു പറയേണ്ടതാണ്. യുവത്വത്തിന്റെ പ്രസരിപ്പ് തുടിക്കുന്ന ഖുബൈബ് (റ) നെ ശത്രുക്കള്‍ പിടികൂടി ബന്ദിയാക്കി. ഇസ്‌ലാമില്‍ നിന്ന് വിട്ടുനിന്ന് നബി (സ)യെ ഒഴിവാക്കാന്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും ശത്രുക്കള്‍ നടത്തി നോക്കി. നിനക്ക് ഖുറൈശികളില്‍ നിന്ന് ഏത് പെണ്ണിനെ വേണമെങ്കിലും വിവാഹം ചെയ്തു തരാം. എത്ര പണം വേണമെങ്കിലും തരാം… ഒറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ. നീ മുഹമ്മദിനെ വിട്ടു എന്നൊന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഖുബൈബ് (റ) വഴങ്ങിയില്ല. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ക്കെന്നെ മനസ്സിലായിട്ടില്ല. നബി (സ) തങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്ന ആദര്‍ശ ബോധം എത്രയാണെന്ന് നിങ്ങള്‍ക്കറിയില്ല. നബി (സ)ക്ക് ഞങ്ങളോടും ഞങ്ങള്‍ക്ക് തിരിച്ച് നബി (സ)യോടുമുള്ള സ്‌നേഹമെത്രയാണെന്ന് നിങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. അതൊക്കെ ഒഴിവാക്കിയിട്ട് ഒരു പെണ്ണും വേണ്ട, കാശും വേണ്ട. ഞാന്‍ നിങ്ങളെ കൂടെ വരില്ല. ശത്രുക്കളുടെ പ്രലോഭനം താമസംവിനാ ഭീഷണിയിലേക്ക് മാറി; അവര്‍ പറഞ്ഞു: ഖുബൈബേ മുഹമ്മദിനെ വിട്ടില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ഇഞ്ചിഞ്ചായി കൊല്ലും. നീ തയ്യാറാണോ? ഖുബൈബ് (റ) പറഞ്ഞു: നിങ്ങള്‍ എന്നെ എന്തു ചെയ്താലും ഈ ആദര്‍ശ ബോധത്തില്‍ നിന്ന് ഞാന്‍ പിന്‍മാറില്ല. ഖുബൈബിന്റെ അസന്ദിഗ്ധമായ മറുപടി കേട്ട് കലിപൂണ്ട ഖുറൈശികള്‍ ഖുബൈബ് (റ) വിനെ വധിക്കാനൊരുങ്ങി. മുഹമ്മദ് നബിയോടുള്ള പക വീട്ടാന്‍ കിട്ടിയ അവസരം അവര്‍ മുതലെടുക്കുകയാണ്.
അവസാനം വീണ്ടും അവര്‍ ഖുബൈബിനോട് ചോദിക്കുന്നു മുഹമ്മദിനെ ഒഴിവാക്കാന്‍ സന്നദ്ധമാണോ? ഇടറാത്ത സ്വരത്തോടെ ഇല്ലെന്ന് ഖുബൈബ് പ്രതികരിച്ചു. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വലതു കൈ പച്ചയില്‍ മുറിച്ചെടുത്ത് വലിച്ചെറിഞ്ഞു. രക്തം ധാരധാരയായി ഒഴുകി. ഖുബൈബിനോടവര്‍ വീണ്ടും ആവശ്യപ്പെട്ടു. ഇനിയും അവസരം തരാം. മുഹമ്മദിനെ ഒഴിവാക്കാന്‍ നിനക്ക് സാധിക്കില്ലെങ്കില്‍ അതുവേണ്ട നീ മുഹമ്മദിനെ ഒന്ന് ചീത്ത വിളിച്ചാല്‍ മാത്രം മതി നിന്നെ വെറുതെ വിടാം. ഖുബൈബ് പറഞ്ഞു: ഇല്ല, ഞാന്‍ അത് ചെയ്യില്ല. അവര്‍ ഇടത്തെ കൈയും മുറിച്ചു. പക്ഷേ ഖുബൈബ് പതറിയില്ല. ശത്രുക്കള്‍ വലത് കാല്‍ മുറിച്ചു. ഇടത് കാലും മുറിച്ചു. അവസാനം അവര്‍ പറഞ്ഞു: നിനക്ക് ചീത്ത വിളിക്കാനും സാധിക്കില്ലെങ്കില്‍ ഈ കഴുമരത്തില്‍ നിനക്ക് പകരം മുഹമ്മദിനെ ഞങ്ങള്‍ തൂക്കിലേറ്റുന്നതൊന്ന് സങ്കല്‍പ്പിക്കാമോ? ഖുബൈബ് (റ) പറഞ്ഞു: എന്താണ് നിങ്ങള്‍ പറയുന്നത്! എന്റെ ആദര്‍ശ ബോധത്തിന്റെ കരുത്തറിയണോ നിങ്ങള്‍ക്ക്. എങ്കില്‍ കേട്ടോളൂ ഞാന്‍ കഴുമരത്തില്‍ കിടന്ന് പിടയുമ്പോള്‍ എന്റെ മുത്ത് നബിയുടെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. തുടര്‍ന്ന് അവര്‍ ഖുബൈബ് (റ)നെ തൂക്കിലേറ്റി.
ഇതാണ് സ്വഹാബത്ത് നബിക്ക് തിരിച്ചുകൊടുത്ത സ്‌നേഹം. നമ്മുടെയൊക്കെ നബി സ്‌നേഹം എവിടെയാണ്. ത്യാഗോജ്ജ്വലമായ സ്‌നേഹമാണ് നബിക്ക് സ്വഹാബത്ത് നല്‍കിയത്. അക്ഷരാര്‍ഥത്തില്‍ ജീവന്‍ കൊടുത്ത് അവര്‍ നബിയെ സ്‌നേഹിച്ചു. ആ സ്വഹാബത്ത് പോകുന്ന സ്വര്‍ഗത്തിലേക്ക് പോകാന്‍ നമ്മുടെ ഇന്നത്തെ നബിസ്‌നേഹം മതിയാകുമോ? നബി (സ)യുടെ മദ്ഹ് പാടിപ്പറഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കാന്‍ നമുക്കാകണം. മൗലിദോതി ബഹുമാനിക്കണം. ചര്യ പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണം.
ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ഖവാറസ്മി എഴുതുന്നു: മക്കത്ത് റബീഉല്‍ അവ്വല്‍ 12ന് മസ്ജിദുല്‍ ഹറാമില്‍ മൗലിദാഘോഷം നടത്തിയിരുന്നു. ഓരോ പണ്ഡിതന്‍മാര്‍ എഴുന്നേറ്റ് നിന്ന് നബിയുടെ മദ്ഹ് പറയും. എന്നിട്ട് ഭക്ഷണം വിതരണം ചെയ്യും. ശേഷം നബി (സ) ജനിച്ച സ്ഥലത്തേക്ക് പോകും അവിടെ വെച്ചും മദ്ഹുകള്‍ പാടും പറയും.
ഇങ്ങനെയാണ് സ്വഹാബത്തും പൂര്‍വീകരായ പണ്ഡിതന്‍മാരും നബിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഇത് മാതൃകയാക്കി ജീവിക്കാന്‍ നമുക്കും കഴിയണം. നാഥന്‍ തുണക്കട്ടെ.
തയ്യാറാക്കിയത്:
അനസ് സഖാഫി ക്ലാരി

Latest