യുവമോര്‍ച്ചാ വേദിയിലെ വിവാദ പ്രസംഗം; ബി ജെ പിയിലെ ഗ്രൂപ്പിസം മറനീക്കി പുറത്ത്

Posted on: November 11, 2018 1:26 pm | Last updated: November 11, 2018 at 1:27 pm

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതിയിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി അധ്യക്ഷനെ അറസ്റ്റ് ചെയ്യൂവെന്ന ബി ജെ പി നേതാക്കളുടെ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ശ്രീധരന്‍ പിള്ള തന്നെ രംഗത്തെത്തിയതോടെ സംഘടനയിലെ ഗ്രൂപ്പിസം വീണ്ടും മറനീക്കി പുറത്ത്. പോലീസിനെയും സര്‍ക്കാറിനെയും പ്രകോപിപ്പിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തനിക്കൊപ്പമുള്ളവര്‍ നടത്തുന്നതെന്ന തിരിച്ചറിവെന്നോണമാണ് ശ്രീധരന്‍പിള്ള ഇതേക്കുറിച്ച് ഇന്നലെ പ്രതികരിച്ചത്. അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട് സ്‌നേഹ പ്രകടനമാണെന്ന് പറഞ്ഞ് സംഭവത്തെ മയപ്പെടുത്താനാണ് പിള്ള ശ്രമിച്ചത്. കേസ് റദ്ദാക്കാനുള്ള ഹരജി നല്‍കാന്‍ തനിക്ക് വ്യക്തിപരമായി അവകാശമുണ്ടെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഇക്കാര്യത്തിലുള്ള മറ്റൊരു പ്രതികരണം.

എന്നാല്‍, ശ്രീധരന്‍ പിള്ളക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായി നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് പോലീസിനോടുള്ള വെല്ലുവിളിയെന്നാണ് എം ടി രമേശടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്.
തനിക്കൊപ്പമുള്ളവരുടെ ഈ നിലപാടില്‍ നിന്ന് ശ്രീധരന്‍പിള്ള തന്നെ ഒരടി താഴേക്കിറങ്ങിയതോടെ ബി ജെ പിയിലെ ഗ്രൂപ്പിസം മറനീങ്ങുകയാണ്. നേരത്തെ കെ സുരേന്ദ്രനടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് ശബരിമല യുവതി വിഷയത്തില്‍ മറ്റൊരു നിലപാടായിരുന്നുവെങ്കിലും ശ്രീധരന്‍ പിള്ള കളം മാറ്റി ചവിട്ടുകയായിരുന്നു. അത് രാഷ്ട്രീയമായി ബി ജെ പിക്ക് വലിയ മൈലേജ് സൃഷ്ടിക്കുമെന്ന് കണ്ടതോടെയാണ് ബി ജെ പി ക്യാമ്പ് ഒന്നാകെ ശബരിമലക്ക് പിന്നാലെ കൂടിയത്.
കൂടാതെ, ബി ജെ പിയിലെ പല നേതാക്കളെയും വെട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ശ്രീധരന്‍ പിള്ള പൊതു സ്വീകാര്യന്‍ എന്ന നിലക്കാണ് കേന്ദ്ര കമ്മിറ്റി പരിഗണിച്ചതെന്നിരിക്കെ അറസ്റ്റിലൂടെയും മറ്റും അദ്ദേഹത്തിന് മറ്റൊരു പരിവേഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ബി ജെ പിയിലെ ഒരു വിഭാഗത്തിനുണ്ട്.
എന്നാല്‍, തന്റെ പ്രസംഗം ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ ഷൈബിന്‍ കോഴിക്കോട് കസബ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കെ പ്രശ്‌നം രാഷ്ട്രീയമായി കത്തിക്കാനുള്ള ബി ജെ പി നേതാക്കളുടെ ശ്രമത്തില്‍ നിന്ന് കുതറിയോടാനുള്ള ശ്രമമാണ് ശ്രീധരന്‍ പിള്ള നടത്തുന്നത്. ശബരിമലയില്‍ നടയടക്കുന്നത് സംബന്ധിച്ച് തന്ത്രി തന്നെ വിളിച്ചെന്ന് യുവമോര്‍ച്ചാ സംസ്ഥാന സമിതി യോഗത്തില്‍ ശ്രീധരന്‍പിള്ള പ്രസംഗിച്ചെന്നായിരുന്നു പരാതിയിലെ ഒരു പരാമര്‍ശം. എന്നാല്‍, പ്രസ്തുത പരാമര്‍ശത്തില്‍ നിന്ന് ഒളിച്ചോടുന്ന തരത്തില്‍ തന്നെ വിളിച്ചത് തന്ത്രിയാണോ അല്ല; അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ട ആളാണോയെന്ന് അറിയില്ലായെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഇന്നലത്തെ പ്രതികരണം.

നേരത്തെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വലിച്ചു താഴെയിടുമെന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍, അമിത്ഷായുടെ പ്രസംഗത്തില്‍ അത്തരമൊരു പരാമര്‍ശമില്ലെന്നും പരിഭാഷയിലെ പിഴവാണ് ഇത്തരമൊരു വിവാദത്തിനിടയാക്കിയതെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചിരുന്നു. പ്രസംഗം പരിഭാഷപ്പെടുത്തിയ ബി ജെ പി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരനും ബി ജെ പിയില്‍ അദ്ദേഹത്തിന്റെ പക്ഷക്കാരനായ കെ സുരേന്ദ്രനും പരിഭാഷയില്‍ പിഴവില്ലെന്ന് പറഞ്ഞ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയയും ഭിന്നതയുടെ പ്രതീതിയാണുണ്ടാക്കിയത്.