കക്കോവ് ജുമുഅത്ത് പള്ളി തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍ കൃത്രിമം കാട്ടി; സുന്നി പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു

Posted on: November 11, 2018 12:28 pm | Last updated: November 11, 2018 at 12:28 pm

കക്കോവ് ജുമുഅത്ത് പള്ളി തിരഞ്ഞെടുപ്പില്‍ വഖ്ഫ് ബോര്‍ഡിന്റെ ഒത്താശയോടെ റിട്ടേണിംഗ് ഓഫീസര്‍ കൃത്രിമം കാണിച്ചു. ഒരു വിഭാഗത്തിനു വേണ്ടി വിടുപണി ചെയ്ത റിട്ടേണിംഗ് ഓഫീസര്‍ മഹല്ല് ഭരണഘടനാ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
വോട്ടെടുപ്പിന് തടസ്സം നേരിട്ടപ്പോള്‍ ബൂത്തില്‍ കൃത്രിമം നടത്താനും ഏകപക്ഷീയമായി മറുഭാഗത്തെ സഹായിക്കാനുമായി സ്വന്തമായി കൃത്രിമ ബാലറ്റ് പേപ്പര്‍ തട്ടിപ്പടച്ച് റീപോളിംഗ് നടത്തുകയായിരുന്നു. തന്റെ സ്വാധീനത്തിലുള്ള സമീപത്തെ സ്വകാര്യപ്രസില്‍ നിന്ന് ബാലറ്റ് പേപ്പര്‍ പെട്ടെന്ന് പ്രിന്റ് ചെയ്‌തെടുത്താണ് ഒപ്പിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെ ബാലറ്റ് അച്ചടിക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റിട്ടേണിംഗ് ഓഫീസറുടെ ഈ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് സുന്നി പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.
മറുവിഭാഗത്തിന്റെ വിജയം കൃത്രിമമാണെന്ന് സുന്നി പ്രവര്‍ത്തകര്‍ ആരോപിച്ചു. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് സുന്നിപക്ഷക്കാരായ നൂറോളം പ്രവര്‍ത്തകരെ ഒഴിവാക്കിയും പള്ളിയുടെ ഭരണഘടന അംഗീകരിക്കാത്ത 134 മുജാഹിദ് പ്രവര്‍ത്തകരെ തിരുകിക്കയറ്റിയുമാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയതെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ സുന്നി പ്രവര്‍ത്തകര്‍ക്ക് വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് കോട്ടുപാടത്ത് സുന്നിപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സുന്നി ഭരണഘടന അംഗീകരിക്കാത്തവരെ വോട്ട് ചെയ്യാനാനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കുണ്ടിയോട്ട് അലി അക്ബര്‍, പുല്‍പറമ്പില്‍ ഹനീഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വഖഫ് ബോര്‍ഡും വഖഫ് െ്രെടബ്യൂണലും ഹൈക്കോടതിയും നിലവിലെ ബൈലോ അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ നിലവിലെ ഉത്തരവുകള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കക്കോവ് ജുമുഅത്ത് പള്ളി സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ടര വര്‍ഷക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുഭാഗവും രൂപവത്കരിച്ച മസ്‌ലഹത്ത് സമിതി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും ഇ കെ വിഭാഗത്തിന്റെ നിഷേധാത്മക നിലപാടുകള്‍ കൊണ്ടാണ് തിരഞ്ഞെടുപ്പിലെത്തിയത്.
റിട്ടേണിംഗ് ഓഫീസറായ അഡ്വ. ശിഹാബുദ്ദീന്റെ പക്ഷപാതിത്വത്തിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹിയായ ഇദ്ദേഹം കക്കോവ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇ കെ വിഭാഗത്തിന് വേണ്ടി ഹാജരായിട്ടുണ്ട്. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകളിലെ ഇലക്ഷന്‍ നടപടികളില്‍ ഇദ്ദേഹത്തിന്റെ അവിഹിത ഇടപെടലുകള്‍ സംബന്ധിച്ച് രണ്ട് കേസുകള്‍ വഖ്ഫ് ട്രൈബ്യൂണല്‍ മുമ്പാകെയുണ്ട്. ഒരു കേസില്‍ കോടതി റിട്ടേണിംഗ് ഓഫീസറുടെ തിരഞ്ഞെടുപ്പ് നടപടികള്‍ പരിശോധിക്കുന്നതിന് അഡ്വ. അദ്വൈതിനെ കമ്മീഷനായി നിയമിച്ചതായും വിവരമുണ്ട്. ഇദ്ദേഹത്തെ തന്നെ കക്കോവ് പള്ളി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായി നിയമിച്ചതിനാല്‍ തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കില്ലെന്ന് ആശങ്കയുയര്‍ന്നിരുന്നു.
സമസ്തയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കക്കോവ് ജുമുഅത്ത് പള്ളിയില്‍ 1989ല്‍ തന്നെ ഇരുവിഭാഗക്കാരും അനുരഞ്ജനത്തിലെത്തുകയും രണ്ട് വിഭാഗക്കാരും യോജിച്ച് മഹല്ല് ഭരണം നടത്തിവരുകയുമായിരുന്നു. 2014ല്‍ ഇ കെ വിഭാഗം പ്രത്യേക കമ്മിറ്റി രജിസ്റ്റര്‍ ചെയ്തതോടെയാണ് തര്‍ക്കം ഉടലെടുത്തതും പള്ളി അടച്ചുപൂട്ടുന്നതില്‍ കലാശിച്ചതും.