ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍

Posted on: November 10, 2018 9:17 am | Last updated: November 10, 2018 at 3:38 pm

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപ്പിടുത്തം അട്ടിമറിയെന്ന് സൂചന . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയുംപോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം, ചിറയന്‍കീഴ് സ്വദേശികളാണ് ഇവരെന്നാണറിയുന്നത.് പിടിയിലായ ജീവനക്കാരില്‍ ഒരാള്‍ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഈ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യം ഇരുവര്‍ക്കുമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിലൊരാള്‍ കഴക്കൂട്ടത്തുനിന്നും ലൈറ്റര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

തീപ്പിടുത്തത്തിനു ശേഷം കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് നടത്തിയ തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്. ഷോര്‍ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ അട്ടിമറി സാധ്യത മുന്‍നിര്‍ത്തി കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നുകഴിഞ്ഞ ദിവസം നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു

.ഇതിനിടെയാണ് മറ്റു രണ്ട് മലയാളി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായത്. തീപിടിത്തത്തിന് മുന്‍പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചിരുന്നു.